പാരിസ്: സൗഹൃദ മത്സരത്തിൽ സ്കോട്ട്‍ലൻഡിന്റെ വല നിറച്ച് ഫ്രാൻസ്. ഒന്നിനെതിരെ നാല് ഗോളിനാണ് ഫ്രഞ്ചുകാർ ജയിച്ചു കയറിയത്. ബെഞ്ചമിൻ പവാർഡ് ഹെഡറുകളിലൂടെ ഇരട്ട ഗോൾ നേടിയപ്പോൾ കിങ്സ്‍ലി കോമാനും പെനാൽറ്റിയിലൂടെ സൂപ്പർ താരം കിലിയൻ എംബാപ്പെയും ഓരോ തവണ ലക്ഷ്യം കണ്ടു. ബില്ലി ഗിൽമറാണ് സ്കോട്ട്‍ലൻഡിന്റെ ഏക ഗോൾ നേടിയത്.
11ാം മിനിറ്റിൽ എഡ്വോർഡോ കമവിംഗയുടെ പിഴവിൽനിന്ന് ബില്ലി ഗിൽമോറിലൂടെ സ്കോട്ട്‍ലൻഡാണ് ആദ്യം ഗോളടിച്ചത്. ബോക്സിലെ ഭീഷണി ഒഴിവാക്കാൻ കമവിംഗ പന്ത് തട്ടിയിട്ടത് ബില്ലി ഗിൽമറിന്റെ കാലിലേക്കായിരുന്നു. താരം പിഴവില്ലാതെ പന്ത് വലയിലെത്തിക്കുകയും ചെയ്തു.
ഇതോടെ ഉണർന്നു കളിച്ച ഫ്രാൻസ് അഞ്ച് മിനിറ്റിനകം തിരിച്ചടിച്ചു. അന്റോയിൻ ഗ്രീസ്മാൻ അടിച്ച കോർണർ കിക്ക് പോസ്റ്റിലേക്ക് ഹെഡ്ചെയ്തിട്ട് ബെഞ്ചമിൻ പവാർഡാണ് സമനില ഗോൾ സമ്മാനിച്ചത്.എട്ട് മിനിറ്റിനകം പവാർഡ് രണ്ടാം ഗോളും നേടി. എംബാപ്പെയുടെ മനോഹര ക്രോസ് പോസ്റ്റിലേക്ക് ഹെഡ് ചെയ്തിടുകയായിരുന്നു. 38ാം മിനിറ്റിൽ ഹാട്രിക്കിനുള്ള സുവർണാവസരം പവാർഡ് പാഴാക്കി. എംബാപ്പെയുടെ ക്രോസ് കണക്ട് ചെയ്യുന്നതിൽ താരം പരാജയപ്പെടുകയായിരുന്നു.
41ാം മിനിറ്റിൽ ലിയാം കൂപ്പർ ഒലിവർ ജിറൂഡിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് എംബാപ്പെ ലീഡ് രണ്ടാക്കി ഉയർത്തി. ഫ്രാൻസിനായി 73 മത്സരങ്ങളിൽ താരത്തിന്റെ 43ാം ഗോൾ ആയിരുന്നു ഇത്. 70ാം മിനിറ്റിൽ കിങ്സ്ലി കോമാനിലൂടെ ഫ്രാൻസ് പട്ടിക തികച്ചു. ഗ്രീസ്മാന്റെ ഗോൾശ്രമം ക്രോസ്ബാറിൽ തട്ടിത്തെറിച്ചപ്പോൾ പന്ത് കിട്ടിയ കോമാൻ അനായാസം വലയിലെത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.