മഞ്ചേരി: ഉരുൾപൊട്ടി ഉള്ളുതകർന്ന വയനാടിനെ വീണ്ടെടുക്കുന്നതിന്റെ ഭാഗമായുള്ള ഫുട്ബാൾ മത്സരത്തിന് വെള്ളിയാഴ്ച പയ്യനാട് സ്റ്റേഡിയത്തിൽ പന്തുരുളും. ‘ഒറ്റക്കെട്ടായി വയനാടിനായി പന്തു തട്ടാം’ എന്ന മുദ്രാവാക്യമുയർത്തിയാണ് സൂപ്പർ ലീഗ് കേരള ഇലവനും ഐ ലീഗ് ചാമ്പ്യന്മാരായ മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബും തമ്മിൽ ഏറ്റുമുട്ടുന്നത്. രാത്രി 7.30ന് വിസിൽ മുഴങ്ങും. ഐ.എസ്.എൽ മാതൃകയിൽ കേരളത്തിൽ ആരംഭിക്കുന്ന ‘സൂപ്പർ ലീഗ് കേരള’ ചാമ്പ്യൻഷിപ്പിലെ ടീമുകളിലെ മികച്ച താരങ്ങളെ ഉൾപ്പെടുത്തിയാണ് ‘സൂപ്പർ ലീഗ് കേരള ഇലവൻ’ പോരിനിറങ്ങുക. മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബിലും പ്രധാന താരങ്ങൾ ബൂട്ടണിയും. മുഹമ്മദൻസ് ക്ലബ് ടീം ബുധനാഴ്ച വൈകീട്ടോടെ മലപ്പുറത്തെത്തി. മത്സരം സൗഹൃദമാണെങ്കിലും ആവേശത്തിന് കുറവുണ്ടാകില്ല. വിദേശ താരങ്ങളടക്കം മികച്ച കളിക്കാരാണ് ഇരുടീമിലുമായി അണിനിരക്കുന്നത്.
മത്സരത്തിന് മുന്നോടിയായി പയ്യനാട് സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. പുല്ലുവെട്ടിയൊതുക്കുന്ന ജോലി പൂർത്തിയായി. അവസാനവട്ട മിനുക്കുപണി പുരോഗമിക്കുകയാണ്. അതിർത്തിവരകളും വരച്ചു. ഈസ്റ്റ് ഗാലറിയിലെ കസേരകൾ പെയിന്റടിച്ച് വൃത്തിയാക്കുന്ന ജോലികളും നടന്നുവരുന്നു. വി.ഐ.പി ഗാലറിയിലേക്കുള്ള കസേരകൾ വ്യാഴാഴ്ച എത്തിക്കും. കളിക്കാർക്കും സപ്പോർട്ടിങ് സ്റ്റാഫിനുമുള്ള ഡഗ്ഔട്ടുകൾ മിനുക്കുപണി നടത്തി മനോഹരമാക്കുന്നു.
സൂപ്പർ കപ്പിനായി ഒരുക്കിയ ഡഗ്ഔട്ടുകളാണ് മാറ്റുന്നത്. മൈതാനത്തോട് ചേർന്ന കുറ്റിച്ചെടികളും യന്ത്രം ഉപയോഗിച്ച് വെട്ടിമാറ്റി. ഫ്ലഡ് ലൈറ്റിന്റെ പ്രവർത്തനക്ഷമതയും പരിശോധിച്ചു. ക്രെയിൻ ഉപയോഗിച്ച് അധികമായി ലൈറ്റുകളും ഫിറ്റ് ചെയ്യുന്നുണ്ട്. ലൈറ്റിന്റെ പ്രവർത്തനത്തിനായി ജനറേറ്ററുകളും എത്തിച്ചു. കളിക്കാരുടെ ഡ്രസിങ് മുറികളിലും മറ്റും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി.
രണ്ടു വർഷം മുമ്പ് നടന്ന സന്തോഷ് ട്രോഫി മത്സരങ്ങളിൽ നിറഞ്ഞ ഗാലറിയായിരുന്നു പയ്യനാട്ടേത്. ഇതിനുശേഷം കഴിഞ്ഞ വർഷം സൂപ്പർ കപ്പിനും എ.എഫ്.സി ചാമ്പ്യൻലീഗ് യോഗ്യത മത്സരത്തിനുമടക്കം വേദിയായി. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ ഗുഡ് സർട്ടിഫിക്കറ്റ് ലഭിച്ച സ്റ്റേഡിയംകൂടിയാണിത്. ഗാലറി നിറയുമെന്നുതന്നെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ഒരേസമയം 20,000ത്തിലധികം പേർക്ക് കളി കാണാനാകും. വയനാടിന്റെ പുനരധിവാസത്തിന് വാരിക്കോരി സംഭാവന നൽകിയ മലപ്പുറത്തുകാരുടെ നല്ല മനസ്സ് കാൽപന്ത് ആരാധകരുടെ രൂപത്തിലും എത്തുമെന്ന് സംഘാടകർ കണക്കുകൂട്ടുന്നു.
മുഹമ്മദൻസും സൂപ്പർ ലീഗ് കേരള ഇലവനും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് തമ്മിലുള്ള സൗഹൃദ മത്സരവും അന്ന് നടക്കും. വൈകീട്ട് 6.30നാണ് സീക്രട്ട് -11നും അർജ്യൂ -11നും തമ്മിലുള്ള മത്സരം നടക്കുക. സംസ്ഥാനത്തെ മിക്ക യൂട്യൂബേഴ്സും മത്സരത്തിനായി ഇറങ്ങുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.