ഫ്രഞ്ച് സ്ട്രൈക്കർ കിലിയൻ എംബാപ്പെയില്ലാതെ ഇറങ്ങിയ ആദ്യ മത്സരത്തിൽ ജയത്തോടെ തുടങ്ങി പി.എസ്.ജി. ലീഗ് 1ൽ നടന്ന മത്സരത്തിൽ ലെ ഹാവ്രെയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് പി.എസ്.ജി തോൽപ്പിച്ചത്. ടീമിന്റെ മൂന്ന് ഗോളുകളും അവസാന അഞ്ച് മിനിറ്റിലാണ് പിറന്നത്.
കഴിഞ്ഞ 12 സീസണുകളിലായി 10 ലീഗ് കിരീടങ്ങൾ പി.എസ്.ജി നേടിയിരുന്നു. എന്നാൽ, എംബാപ്പെ റയലിലേക്ക് കുടിയേറിയതോടെ ടീമിൽ വൻ അഴിച്ചുപണി നടത്തിയാണ് പി.എസ്.ജി കഴിഞ്ഞ ദിവസത്തെ മത്സരത്തിന് ഇറങ്ങിയത്.
16കാരനായ ഇബ്രാഹിം മാബയെ ഇടതുവിങ്ങിൽ ഇറക്കിയാണ് പി.എസ്.ജി കളി തുടങ്ങിയത്. മൂന്നാം മിനിറ്റിൽ തന്നെ ദക്ഷിണകൊറിയൻ സ്ട്രൈക്കർ ലീ കാങ്-ഇൻ പി.എസ്.ജിക്കായി ഗോൾ നേടി. എന്നാൽ, 20ാം മിനിറ്റിൽ ഗോൺസാലോ റാമോസ് പരിക്കേറ്റ് പുറത്തായത് ടീമിന് തിരിച്ചടിയായി.
എന്നാൽ, 48ാം മിനിറ്റിൽ ഹാവ്രെ ഗോൾ മടക്കി. ഗൗട്ടിയർ ലോറിസിലൂടെയായിരുന്നു ഗോൾ വന്നത്. അഞ്ച് മിനിറ്റിന് ശേഷം ജോഷ്വേ കാസിമിർ വീണ്ടും വലകുലുക്കിയെങ്കിലും വിഡിയോ പരിശോധനയിൽ ഗോൾ നിഷേധിക്കപ്പെട്ടു.
ഹാവ്രെയുടെ സമനില ഗോൾ വന്നതിന് ശേഷം ലീഡ് നേടാനുള്ള പി.എസ്.ജി ശ്രമങ്ങളൊന്നും 85ാം മിനിറ്റ് വരെ ഫലം കണ്ടില്ല. ഒടുവിൽ കളിയുടെ 85ാം മിനിറ്റിൽ ഒസ്മാനെ ഡെംബാലെ സന്ദർശകരെ വീണ്ടും മുന്നിലെത്തിച്ചു.
മൂന്ന് മിനിറ്റിന് ശേഷം 21കാരനായ ബ്രാഡ്ലെ ബാർകോള പി.എസ്.ജിക്കായി മൂന്നാം ഗോളും നേടി. അവസാന മിനിറ്റിൽ കോലോ മൗനി പെനാൽറ്റിയിലൂടെ ഗോൾ നേടി പി.എസ്.ജിയുടെ ഗോൾ പട്ടിക പൂർത്തിയാക്കി. യുവതാരം ജോവോ നേവാസ് രണ്ട് അസിസ്റ്റുകളുമായി പി.എസ്.ജിക്കായി കളം നിറഞ്ഞുവെന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.