ഫ്രഞ്ച് പടക്ക് മെസ്സിയെ പൂട്ടാനാകുമോ?

ഖത്തറിൽ ഇതുവരെ ശരിയുത്തരം കിട്ടാത്ത ചോദ്യമാണത്. ഫ്രഞ്ച് കോച്ച് ദിദിയർ ദെഷാംപ്സ് അതാലോചിച്ച് തലപുകച്ചുകൊണ്ടേയിരിക്കുന്നുണ്ടാവും. റഷ്യയിലെ കസാനിൽ നാലുവർഷം മുമ്പ് എൻഗോളോ കാന്റെ എന്ന ഡിഫൻസിവ് മിഡ്ഫീൽഡറെ മുൻനിർത്തി ഫ്രാൻസ് അതിനുള്ള ഉത്തരങ്ങൾ ഏറക്കുറെ കൃത്യമായി കണ്ടെത്തിയിരുന്നു. അതുവഴി അർജന്റീനയെ പൂട്ടുകയും ചെയ്തു.

മെസ്സിയുടെ ചുറ്റും നടന്ന് അയാളുടെ വഴികളെ ശല്യം ചെയ്യുക മാത്രമായിരുന്നു ആ മത്സരത്തിൽ കാന്റെയുടെ ചുമതല. അന്ന് 'പന്തുകളിക്കാൻ' കാന്റെക്ക് നേരം കിട്ടിയില്ലെന്നൊരു തമാശ തന്നെയുണ്ടായി. എന്നാൽ, അന്നത്തെ കാന്റെ ഇന്ന് ടീമിനൊപ്പമില്ല. കാന്റെ മാത്രമല്ല, അയാളുടെ ഗണത്തിൽപെട്ട, ആ ജോലി ഏൽപിക്കാവുന്നവരൊന്നും ഈ ഫ്രാൻസ് ടീമിലില്ല. ഇനി ഒരു ദിവസം മാത്രം. അവസാന നാഴികയിൽ അങ്ങനെയൊരാളെ കണ്ടെത്തിയില്ലെങ്കിൽ പണി പാളുമെന്ന ആധിയുണ്ട് ദെഷാംപ്സിന്റെ നെഞ്ചിനുള്ളിൽ.

അതിൽ ഫ്രഞ്ച് കോച്ച് ലക്ഷ്യം കാണുന്നതിനെ ആശ്രയിച്ചിരിക്കും കളിയുടെ ഗതി. പനി മാറി അഡ്രിയെൻ റാബിയോ കളിക്കാനിറങ്ങിയാൽ മെസ്സിയെ മാർക്കു ചെയ്യുന്നതിന് മാത്രമായി ഡിഫൻസിവ് മിഡ്ഫീൽഡറായ ഔറേലിൻ ഷ്വാമെനിയെ നീക്കിവെക്കാനും മതി. അങ്ങനെ വന്നാൽ, ഫ്രാൻസിന്റെ മുന്നേറ്റങ്ങളെ അതു നേരിയ തോതിൽ ബാധിച്ചേക്കും. ഷ്വാമെനി പ്രതിരോധത്തേക്കാൾ ഫ്രഞ്ച് മുന്നേറ്റങ്ങൾക്ക് കൈയയച്ച് സംഭാവന ചെയ്യുന്ന താരമാണിപ്പോൾ. മറ്റു പോംവഴികളൊന്നും ഉരുത്തിരിഞ്ഞില്ലെങ്കിൽ മൊറോക്കോയുടെ സുഫിയാൻ അംറബത്തിനെ പൂട്ടാൻ സ്ട്രൈക്കർ ഒലിവിയർ ജിറൂഡിനെ ഇറക്കിക്കളിപ്പിച്ചതുപോലൊരു ഗംബ്ലിങ് വരെ ദെഷാംപ്സ് ആലോചിച്ചേക്കും.

ഏതു പൂട്ടിട്ടു പൂട്ടിയാലും തന്റെ മാന്ത്രികതകൾ മെസ്സി പെട്ടിതുറന്നെടുക്കുന്നുവെന്നതാണ് അർജന്റീനയുടെ ആശ്വാസം. 'ഈ ലോകകപ്പിന്റെ ഡിഫൻഡർ' എന്ന വിശേഷണം കളിവിദഗ്ധർ ചാർത്തിനൽകിയ ജോസ്കോ ഗ്വാർഡിയോളിനെയാണ് സെമിയിൽ മെസ്സിയെ തളയ്ക്കാൻ ക്രൊയേഷ്യ നിയോഗിച്ചത്. എന്നാൽ, ആ കെട്ടുപൊട്ടിച്ച് മൂന്നാംഗോളിന് ലോകത്തെ വിസ്മയിപ്പിച്ചാണ് ഖത്തറിൽ വളരെ ഫ്രീയായി, പിച്ചിൽ നിറഞ്ഞുകളിക്കുന്ന മെസ്സിക്ക് കൂടുതൽ സ്പേസ് നൽകാതിരിക്കുകയെന്നതാവും ഫ്രാൻസിന്റെ പ്രധാന ഉന്നം.

Tags:    
News Summary - Can the French team lock Messi?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.