പെനാൽറ്റി ഷുട്ടൗട്ടിൽ ബ്രസീലിന്റെ അവസാന കിക്ക് പാഴായപ്പോൾ ക്രൊയേഷ്യ ഗോൾകീപ്പർ ഡൊമിനിക് ലിവകോവിച്ചിന്റെ ആഹ്ലാദം

ലവ്‍ യു കോവിച്; ഹീറോയായി ക്രൊയേഷ്യൻ ഗോളി ഡൊമിനിക് ലിവകോവിച്

ദോഹ: കളിച്ചത് മുഴുവൻ ബ്രസീലാണെങ്കിലും ജയിച്ചത് ക്രൊയേഷ്യൻ കോച്ച് സ്ലാറ്റ്കോ ഡാലിചിന്റെ മനസ്സിലെ കളിയായിരുന്നു. അലമാലകളായെത്തിയ ബ്രസീലിന്റെ മുന്നേറ്റങ്ങളെ തടുത്തുനിർത്തിയാൽ ഷൂട്ടൗട്ടിൽ ജയിച്ചുകയറാമെന്ന കോച്ചിന്റെ കണക്കുകൂട്ടൽ പിഴച്ചില്ല. ജപ്പാനെതിരായ ഷൂട്ടൗട്ടിൽ ഹീറോ ആയ ഗോളി ഡൊമിനിക് ലിവകോവിച് ഇത്തവണ നിശ്ചിതസമയത്തും ഷൂട്ടൗട്ടിലും തിളങ്ങിയതോടെ അവസാന ചിരി ഡാലിചിന്റേതായി.

ഷൂട്ടൗട്ടിൽ 4-2നായിരുന്നു ക്രോട്ടുകളുടെ വിജയം. നിശ്ചിത സമയത്ത് ഗോൾരഹിതമായും അധികസമയത്ത് 1-1നും സമനിലയിൽ തീർന്നതിനെ തുടർന്നായിരുന്നു ഷൂട്ടൗട്ട്. ഷൂട്ടൗട്ടിൽ ക്രൊയേഷ്യക്കായി കിക്കെടുത്ത എല്ലാവരും ലക്ഷ്യംകണ്ടു. നികോള വ്ലാസിച്, ലോവ്റോ മായെർ, ലൂക മോഡ്രിച്, മിസ്‍ലാവ് ഒറിസിച് എന്നിവരുടെ കിക്കുകളൊന്നും ബ്രസീലിന്റെ ഗോളി അലിസൺ ബെക്കറിന് തൊടാൻ കിട്ടിയില്ല. മറുവശത്ത് ബ്രസീലിനായി ആദ്യ കിക്കെടുത്ത റോഡ്രിഗോയുടെ ശ്രമം ലിവകോവിച് തടുത്തിട്ടു. നാലാം കിക്കെടുത്ത മാർക്വിന്യോസിന്റെ ഷോട്ട് പോസ്റ്റിലിടിച്ചുമടങ്ങിയതോടെ വിജയം ക്രൊയേഷ്യക്ക്.

അധിക സമയത്ത് (105+1) നെയ്മറിന്റെ ഗോളിലൂടെയാണ് ബ്രസീൽ മുന്നിലെത്തിയത്. 117ാം മിനിറ്റിൽ പകരക്കാരൻ ബ്രൂണോ പെറ്റ്കോവിചിന്റെ ഗോളിൽ ക്രൊയേഷ്യ ഒപ്പമെത്തി.

ഗോൾവലക്കുമുന്നിൽ അലിസൺ ബക്കർ, പിൻനിരയിൽ എഡർ മിലിറ്റാവോ, മാർകിന്യോസ്, തിയാഗോ സിൽവ, ഡാനിലോ, മധ്യനിരയിൽ കാസെമിറോ, ലൂകാസ് പക്വേറ്റ, മുൻനിരയിൽ റാഫീന്യ, നെയ്മർ, വിനീഷ്യസ് ജൂനിയർ, റിച്ചാർലിസൺ എന്നിവരാണ് ബ്രസീൽ നിരയിൽ അണിനിരന്നത്. ക്രൊയേഷ്യൻ നിരയിൽ കാവൽക്കാരനായി ഡൊമിനിക് ലിവകോവിച്, ഡിഫൻസിൽ യോസിപ് യുറാനോവിച്, ദെയാൻ ലോവ്റൻ, യോസ്കോ ഗ്വാർഡിയോൾ, ബോർന സോസ, മിഡ്ഫീൽഡിൽ ലൂക മോഡ്രിച്, മാഴ്സലോ ബ്രോസോവിച്, മാറ്റിയോ കൊവാസിച്, സ്ട്രൈക്കർമാരായി മാരിയോ പസലിച്, ഇവാൻ പെരിസിച്, ആന്ദ്രെയ് ക്രമാരിച് എന്നിവരാണ് ആദ്യ ഇലവനിൽ ഇറങ്ങിയത്.

അഞ്ചു ലോകകപ്പ് ഷോകേസിലുള്ള ബ്രസീലും നിലവിലെ റണ്ണറപ്പായ ക്രൊയേഷ്യയും ഏറ്റുമുട്ടിയപ്പോൾ തുടക്കം ടൈറ്റായിരുന്നു. ദക്ഷിണ കൊറിയക്കെതിരെ ആദ്യപകുതിയിൽ കാഴ്ചവെച്ച ഒഴുക്കുള്ള കളി പുറത്തെടുക്കാൻ ക്രോട്ടുകൾ ബ്രസീലിനെ അനുവദിച്ചതേയില്ല. ഇടതുവിങ്ങിൽ നെയ്മറും വിനീഷ്യസും തുടക്കമിടുന്ന നീക്കങ്ങളെ യുറാനോവിചും ലോവ്റനും ചേർന്ന് മുളയിലേ നുള്ളുകയായിരുന്നു. മധ്യനിരയിലേക്കിറങ്ങി പന്തെടുക്കാനുള്ള നെയ്മറുടെ ശ്രമങ്ങളെ പരിചയസമ്പന്നനായ ബ്രോസോവിച് തടയുകയും ചെയ്തതോടെ മുൻനിരയിൽ റിച്ചാർലിസണിന് പന്ത് കിട്ടിയതേയില്ല.

അതേസമയം, പ്രതിരോധത്തിൽ മാത്രം അമർന്നിരിക്കാതെ ക്രൊയേഷ്യ ഇടക്കിടെ ബ്രസീൽ ഹാഫിലേക്ക് കുതിച്ചെത്തുകയും ചെയ്തു. പ്ലേമേക്കർ ലൂക മോഡ്രിചിന്റെ കരുത്തിലായിരുന്നു ഇത്. ഒപ്പം ബ്രോസോവിചും മാറ്റിയോ കൊവാസിചും ചേർന്നതോടെ മൈതാനമധ്യത്തിൽ ആധിപത്യം നേടാൻ ക്രൊയേഷ്യക്കാർ ബ്രസീലിനെ സമ്മതിച്ചില്ല. എന്നാൽ, അപാര ഫോമിൽ പന്തുതട്ടുന്ന പ്രതിരോധ നായകൻ തിയാഗോ സിൽവയുടെ നേതൃത്വത്തിലുള്ള ബ്രസീൽ പ്രതിരോധം പഴുതനുവദിക്കാതിരുന്നതോടെ ആദ്യ പകുതിയിൽ ഗോളി അലിസണിന് കാര്യമായ പണിയൊന്നുമുണ്ടായില്ല.

ആദ്യ പകുതിയിൽ ബ്രസീൽ അഞ്ചു ഗോൾ ശ്രമങ്ങൾ നടത്തിയപ്പോൾ മൂന്നു ഷോട്ടുകൾ ക്രോട്ട് ഗോളി ലിവകോവിചിനു നേരെയായിരുന്നു. എന്നാൽ, അവയിലൊന്നുപോലും ഗോളിക്ക് പ്രയാസമുണ്ടാക്കുന്നതായിരുന്നില്ല. മറുവശത്ത് മൂന്നു ഗോൾ ശ്രമങ്ങൾ നടത്തിയ ക്രോട്ടുകൾക്ക് ഒന്നുപോലും ഗോളിക്കുനേരെ തൊടുക്കാനായില്ല. പൊസിഷൻ ഏറക്കുറെ തുല്യമായിരുന്നു (ബ്രസീൽ 51 ശതമാനം, ക്രൊയേഷ്യ 49 ശതമാനം).

രണ്ടാം പകുതി തുടങ്ങിയത് ബ്രസീലിന്റെ മുന്നേറ്റത്തോടെയാണ്. രണ്ടു മിനിറ്റിനിടെ ക്രൊയേഷ്യ ഗോളിൽനിന്ന് രക്ഷപ്പെട്ടത് രണ്ടു തവണ. മിലിറ്റാവോയുടെ ക്രോസ് റിച്ചാർലിസണിൽ എത്തുന്നത് തടയാൻ ശ്രമിച്ച ഗ്വാർഡിയോളിന്റെ ശ്രമത്തിൽ പന്ത് നീങ്ങിയത് സ്വന്തം പോസ്റ്റിലേക്ക്. ലിവകോവിചിന്റെ റിയാക്ഷൻ സേവാണ് ക്രോട്ടുകളെ രക്ഷിച്ചത്. തൊട്ടുപിറകെ നെയ്മറിന്റെ ഗോൾശ്രമം ഗ്വാർഡിയോളിന്റെ ബ്ലോക്കിൽ തട്ടി തീർന്നു. 55ാം മിനിറ്റിൽ നെയ്മറുടെ ഷോട്ട് രക്ഷിച്ച് ലിവകോവിച് വീണ്ടും തിളങ്ങി. പിറകെ ഒട്ടും തിളങ്ങാതിരുന്ന റഫീന്യയെ പിൻവലിച്ച് വലതുവിങ്ങിൽ ആന്റണിയെ കൊണ്ടുവന്നതോടെ ബ്രസീലിന്റെ നീക്കങ്ങൾക്ക് കൂടുതൽ വേഗം കൈവന്നു.

കളി അരമണിക്കൂർ പിന്നിടവെ ക്രൊയേഷ്യ കളിയിലേക്ക് തിരിച്ചെത്തി. മധ്യനിരയിൽ ബ്രസീൽനീക്കങ്ങൾ മുറിച്ച് കളിയുടെ വേഗം കുറക്കുകയെന്ന ആദ്യ പകുതിയിലെ തന്ത്രം ക്രോട്ടുകൾ വീണ്ടും നടപ്പാക്കിത്തുടങ്ങിയതോടെ എതിരാളികളുടെ മുന്നേറ്റങ്ങളുടെ മുനയൊടിഞ്ഞു. കാര്യമായി തിളങ്ങാതിരുന്ന വിനീഷ്യസിന് പകരം റോഡ്രിഗോയെ ബ്രസീൽ ഇറക്കിയെങ്കിലും ഫലമുണ്ടായില്ല. അതിനിടെ പക്വേറ്റയുടെ ഷോട്ട് ലിവകോവിച് തടഞ്ഞിട്ടു. നെയ്മറുടെ ശ്രമത്തിനും അതേ ഗതിയായിരുന്നു.

ക്രൊയേഷ്യൻ നിരയിൽ പസലിചിനുപകരം നികോള വ്ലാസിചും ക്രമാരിചിന്റെ സ്ഥാനത്ത് പെറ്റ്കോവിചും ഇറങ്ങി. അവസാന ഘട്ടത്തിൽ ബ്രസീൽ നിര ഒന്നടങ്കം ഗോളിനായി ഇരച്ചുകയറിയെങ്കിലും ക്രൊയേഷ്യ പിടിച്ചുനിന്നതോടെ കളി അധികമസയത്തേക്ക് നീണ്ടു. നിശ്ചിത സമയം അവസാനിക്കുമ്പോൾ ബ്രസീൽ 15 തവണ ഗോളിലേക്ക് ശ്രമം നടത്തിയിരുന്നു. എന്നാൽ, അതിൽ എട്ടും ക്രോട്ട് ഗോളി ലിവകോവിച് തടുത്തു. മറുവശത്ത് ക്രൊയേഷ്യ ആറു ഗോൾ ഷോട്ടുകൾ തൊടുത്തെങ്കിലും ഒന്നുപോലും അലിസണിനെ അലോസരപ്പെടുത്തിയില്ല.

അധികസമയത്തിന്റെ ആദ്യപകുതിയിലും കളി ബ്രസീലിന്റെ കൈയിലായിരുന്നു. എന്നാൽ, ക്രോട്ട് ഗോളിയും പ്രതിരോധവും വിട്ടുകൊടുക്കാതിരുന്നതോടെ ബ്രസീൽ പതറി. എന്നാൽ, ആദ്യപകുതിയുടെ ഇൻജുറി സമയത്ത് ബ്രസീൽ കാത്തിരുന്ന ഗോളെത്തി. നെയ്മർ തുടക്കമിട്ട നീക്കത്തിനൊടുവിൽ പക്വേറ്റയുമായി കൈമാറിയെത്തിയ പന്തിൽ ഗോളിയെയും മറികടന്ന സൂപ്പർ താരംതന്നെ ഫിനിഷിങ് ടച്ച് നൽകിയതോടെ ബ്രസീൽ ആരാധകർ ആഹ്ലാദത്തിലാറാടി.

എന്നാൽ, അധികം ആയുസ്സുണ്ടായില്ല ഈ ആഹ്ലാദത്തിന്. അധികസമയം തീരാൻ മൂന്നു മിനിറ്റ് ശേഷിക്കെ ക്രൊയേഷ്യ ഒപ്പമെത്തി. പ്രത്യാക്രമണത്തിൽനിന്ന് പകരക്കാരൻ പെറ്റ്കോവിചിന്റെ ഷോട്ട് മാർകിന്യോസിന്റെ കാലിൽ തട്ടി വലയിലേക്ക് കയറിയപ്പോൾ അതുവരെ പണിയില്ലാതിരുന്ന അലിസൺ നിസ്സഹായനായി.

Tags:    
News Summary - Croatian goalkeeper Dominik Livakovic as a hero

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.