ആദ്യ പകുതിയിൽ ഫ്രാൻസ് ഒരു ഗോളിന് മുന്നിൽ

ചാമ്പ്യന്മാർ മികവു കാട്ടിയ ആവേശപ്പോരിന്റെ ആദ്യ പകുതിയിൽ നിർണായകമായ ഒരു ഗോൾ ലീഡ് പിടിച്ച് ഫ്രാൻസ്. കൊണ്ടുംകൊടുത്തും കളി കൊഴുപ്പിച്ച് ഇരു ടീമും തകർത്തുകളിച്ച ക്വാർട്ടർ മത്സരത്തിലാണ് ഇംഗ്ലീഷുകാരെ പിടിച്ച് ഫ്രാൻസ് മുന്നിലെത്തിയത്.

ജിറൂദിനെ ഏറ്റവും മുന്നിലും ഡെംബലെ, ഗ്രീസ്മാൻ, എംബാപ്പെ എന്നിവരെ തൊട്ടുപിറകിലും അണിനിരത്തിയായിരുന്നു ഫ്രഞ്ച് മുന്നേറ്റം കളി തുടങ്ങിയത്. മധ്യനിരയിൽ ചൂ​മേനി, റാബിയോ എന്നിവർ അണിനിരന്നപ്പോൾ കൂണ്ടേ, വരാനെ, ഉപമികാനോ, ഹെർണാണ്ടസ് എന്നിവർ പ്രതിരോധത്തിലും എത്തി. മറുവശത്ത്, കെയിൻ, സാക, ഫോഡൻ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു ഇംഗ്ലീഷ് ആക്രമണം. ഹെൻഡേഴ്സൺ, റൈസ്, ബെല്ലിങ്ങാം എന്നിവർ മധ്യനിരക്ക് കരുത്തുപകർന്നപ്പോൾ വാക്കർ, സ്റ്റോൺസ്, മഗ്വയർ, ഷാ എന്നിവർ വല കാത്തും നിലയുറപ്പിച്ചു.

പുൽപ്പരപ്പുകളെ അതിവേഗം കൊണ്ട് തീപിടിപ്പിച്ച ആവേശപ്പോരിൽ തുടക്കത്തിലേ ലീഡ് പിടിച്ച് ഫ്രാൻസ് വരവറിയിച്ചു. കിലിയൻ എംബാപ്പെ, അന്റോണിയോ ഗ്രീസ്മാൻ എന്നിവർ ചേർന്ന് അപകടങ്ങളേറെ തീർത്ത ഇംഗ്ലീഷ് കളിമുറ്റത്ത് അത്രയേറെ ഗോൾസാധ്യത തോന്നിക്കാത്ത ​നിമിഷത്തിലായിരുന്നു അത് സംഭവിച്ചത്. കളിയുടെ 10ാം മിനിറ്റിൽ ബോക്സിൽ ഗ്രീസ്മാൻ പിറകിലേക്കു നൽകിയ പാസ് സ്വീകരിച്ച ഷൂമേനി ഒന്നുരണ്ട് ടച്ചിൽ വെടിച്ചില്ല് കണക്കെ അടിച്ചുകയറ്റുകയായിരുന്നു. പ്രതിരോധം കാത്ത് രണ്ടു പേർ മുന്നിൽനിൽക്കെയായിരുന്നു മനോഹരമായ ഗോൾ. നീണ്ടുചാടിയ ഗോളി പിക്ഫോഡിനും കാഴ്ചക്കാരനാകാനേയായുള്ളൂ.

അതോടെ, കളി കൊഴുപ്പിച്ച ഇംഗ്ലണ്ടിനു മുന്നിലും ഗോൾമുഖം തുറന്നുകിട്ടി. ഫ്രഞ്ച് ബോക്സിൽ ഹാരി കെയിൻ നയിച്ച നീക്കങ്ങൾ പലതും അവസാന ലക്ഷ്യത്തിനരികെ നിർഭാഗ്യം വഴിമുടക്കി. മധ്യനിരയിൽ കേന്ദ്രീകരിച്ചുനിന്ന പന്ത് ഇരുവശത്തേക്കും കയറിയിറങ്ങിയ ഘട്ടങ്ങളിലൊക്കെയും ഗോൾ എത്തുമെന്ന ആവേശത്തിൽ ഗാലറി ഇളകി മറിഞ്ഞു. എന്നാൽ, അപ്രതീക്ഷിത ഗോളിന് അതേ നാണയത്തിൽ തിരിച്ചടിക്കാനുള്ള ഇംഗ്ലീഷ് മോഹങ്ങൾ ഫ്രഞ്ച് പ്രതിരോധം പണിപ്പെട്ട് തട്ടിയകറ്റി.

Tags:    
News Summary - England pressing after superb Tchouameni opener for France

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.