'നിങ്ങളുടെ കളി മതി'; മെസ്സിയുടെ വിമർശനത്തിനിരയായ വിവാദ റഫറിയെ നാട്ടിലേക്കയച്ച് ഫിഫ

ദോഹ: അർജന്റീന-നെതർലാൻഡ്സ് മത്സരത്തിൽ മഞ്ഞക്കാർഡുകൾ കൊണ്ട് 'കളിച്ച്' വിവാദത്തിലായ സ്പാനിഷ് റഫറി അന്റോണിയോ മാത്യു ലാഹോസിനെ ഫിഫ നാട്ടിലേക്കയച്ചതായി റിപ്പോർട്ട്. കളിയിലെ ഇദ്ദേഹത്തിന്റെ സമീപനത്തിനെതിരെ ഇരു ടീമുകളിലെയും താരങ്ങൾ രംഗത്തുവന്നിരുന്നു. ക്വാർട്ടർ പോരാട്ടങ്ങൾ അവസാനിച്ചതോടെ ഏതാനും റഫറിമാരുടെ സേവനം ഫിഫ മതിയാക്കിയിട്ടുണ്ട്. ഇതിലാണ് വിവാദ റഫറിയും ഉൾപ്പെട്ടത്. അതേസമയം, അർജന്റീന-നെതർലാൻഡ്സ് മത്സരവുമായോ മെസ്സിയുടെ വിമർശനവുമായോ ഇതിന് ബന്ധമില്ലെന്നാണ് സൂചനകൾ.

റഫറിയോട് മോശമായി പെരുമാറിയതിനും വിമർശിച്ചതിനും ക്യാപ്റ്റൻ ലയണൽ മെസ്സി അടക്കമുള്ള അര്‍ജന്റീന താരങ്ങള്‍ക്ക് ഫിഫയുടെ വിലക്ക് വരുമോയെന്നും ക്രൊയേഷ്യയുമായുള്ള നിർണായക സെമി പോരാട്ടം മെസ്സിക്ക് നഷ്ടമാകുമോയെന്നും ആശങ്കയുയർന്നിരുന്നു.

ലോകകപ്പിലെ വാശിയേറിയ നെതര്‍ലാൻഡ്സ്-അര്‍ജന്റീന പോരാട്ടത്തിൽ മത്സരം നിയന്ത്രിച്ച അന്റോണിയോ മാത്യു ലാഹോസ് എട്ട് അർജന്റീന താരങ്ങൾക്കും ആറ് നെതർലാൻഡ് താരങ്ങൾക്കും മഞ്ഞക്കാർഡ് കാണിച്ചിരുന്നു. ഷൂട്ടൗട്ടിനൊടുവിൽ ഡച്ച് താരം ഡെൻസൽ ഡംഫ്രീസിനെ ലഹോസ് രണ്ടാം മഞ്ഞക്കാർഡ് നൽകി പുറത്താക്കിയതിനും മൈതാനം സാക്ഷിയായി.

താരങ്ങള്‍ക്ക് മാത്രമല്ല കോച്ചിങ് സ്റ്റാഫിനും മഞ്ഞക്കാർഡ് കിട്ടി. ആകെ 18 മഞ്ഞക്കാർഡുകളാണ് പുറത്തെടുത്തത്. ലോകകപ്പിലെ എക്കാലത്തെയും റെക്കോഡാണ് ഇത്. അര്‍ജന്റീന പരിശീലകൻ ലയണൽ സ്‌കലോണിയും കാർഡ് ലഭിച്ചവരിൽ ഉള്‍പ്പെടും. അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി റഫറിയോട് നിരവധി തവണ എതിര്‍ത്ത് സംസാരിച്ചിരുന്നു. മത്സരത്തിന് ശേഷം മെസ്സിയും ഗോള്‍ കീപ്പര്‍ എമി മാര്‍ട്ടിനസും റഫറിക്കെതിരെ പരസ്യമായി രം​ഗത്തെത്തിയിരുന്നു.

ലുസൈലിലെ കളിയിൽ ലഹോസിന് വിസിലൂതുന്ന ചുമതല നൽകരുതായിരുന്നെന്നായിരുന്നു മെസ്സിയുടെ പ്രതികരണം. ''റഫറിയെ കുറിച്ച് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പറഞ്ഞുകഴിഞ്ഞാൽ അവർ ശാസനയുമായി എത്തും. അല്ലെങ്കിൽ വിലക്ക് വീഴും. എന്തു നടന്നെന്ന് ജനം കണ്ടതാണ്. ഫിഫ ഇത് പുനഃപരിശോധിക്കണം. അവർ ശരിയാകില്ലെന്നുവന്നാൽ ഇത്രയും പ്രാധാന്യമുള്ള ഒരു കളിയുടെ നിയന്ത്രണം ഇതുപോലൊരു റഫറിക്ക് നൽകരുത്''- മെസ്സി പറഞ്ഞു.

Tags:    
News Summary - FIFA sent the controversial referee home who was criticized by Messi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.