മറഡോണയുടെ 'ദൈവത്തി​​ന്റെ കൈ' പന്ത് ലേലത്തിൽ വിറ്റു; തുക കേട്ട് ഞെട്ടരുത്

ലണ്ടൻ: 1986 ലോകകപ്പിൽ മെക്സിക്കോ സറ്റിയിലെ അസ്റ്റെക മൈതാനത്ത് ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ച് അർജന്റീനയുടെ വീരനായകൻ ഡീഗോ മറഡോണ വിവാദ ഗോൾ നേടിയ പന്ത് ലേലത്തിൽ വിറ്റു. മാച്ച് റഫറി അലി ബിൻ നാസർ കൈവശംവെച്ച പന്താണ് യു.കെ ആസ്ഥാനമായുള്ള ലേലക്കമ്പനി ഗ്രഹാം ബഡ് ഓക്ഷൻസ് ലേലം ചെയ്തത്. 30 ലക്ഷം പൗണ്ട് വരെ ലഭിച്ചേക്കാമെന്നായിരുന്നു കരുതിയതെങ്കിലും 24 ലക്ഷം ഡോളർ (195 കോടി രൂപ) വില നൽകിയാണ് ഒരാൾ ഇത് സ്വന്തമാക്കിയത്. അഡിഡാസ് നിർമിച്ച അസ്റ്റെക്ക പന്ത് മത്സരശേഷം റഫറി കൈവശം വെച്ചുവരികയായിരുന്നു.

കളിയിൽ മറഡോണ ധരിച്ച ജഴ്സി ആറു മാസം മുമ്പ് സമാനമായി വിൽപന നടത്തിയിരുന്നു. അന്നു പക്ഷേ, ലേലക്കമ്പനി വിലയിട്ടതിനെക്കാൾ രണ്ടിരട്ടി നൽകിയാണ് ഒരാൾ സ്വന്തമാക്കിയത്- 93 ലക്ഷം ഡോളർ.


മെക്സിക്കോയിലെ അസ്റ്റെക് സംസ്കാരത്തെ സ്വാംശീകരിച്ചുള്ള പന്താണ് 1986 ലോകകപ്പിൽ നിർമാതാക്കളായ അഡിഡാസ് തയാറാക്കിയിരുന്നത്. ലേലത്തിൽ വിറ്റ പന്താണ് ഇംഗ്ലണ്ട്- അർജന്റീന മത്സരത്തിൽ 90 മിനിറ്റും ഉപയോഗിച്ചിരുന്നത്. 1982 ഫോക്ലൻഡ്സ് യുദ്ധത്തിനു പിന്നാലെയായതിനാൽ രാഷ്ട്രീയ പ്രാധാന്യം കൂടിയുള്ളതായിരുന്നു മത്സരം. ആദ്യം വിവാദ ഗോളിലൂടെ മുന്നിലെത്തിയ അർജന്റീന പിന്നീട് മറഡോണ തന്നെ നേടിയ 'നൂറ്റാണ്ടിന്റെ ഗോളി'ൽ കളിയും അവസാനം കപ്പും സ്വന്തമാക്കുകയായിരുന്നു.

ടൂർണമെന്റിന്റെ സൂപർതാരമായിരുന്നു മറഡോണ 2020ൽ തന്റെ 60ാം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.

പന്തുമായി ഗോളിനരികെയെത്തിയ മ​റഡോണയെ തടഞ്ഞ് ഇംഗ്ലീഷ് ഗോളി പീറ്റർ ഷിൽട്ടൺ ഓടിയെത്തിയെങ്കിലും അർജന്റീനക്കായി കൈകൊണ്ട് ഗോളിലേക്ക് തട്ടിയിടുകയായിരുന്നു. പകുതി ദൈവത്തിന്റെ കൈകൊണ്ടും പകുതി മ​റഡോണയുടെ കൈകൊണ്ടുമാണ് ഗോൾ നേടിയതെന്നായിരുന്നു അതേ കുറിച്ച് മ​റഡോണയുടെ വിശദീകരണം. താൻ പിറകിലായതിനാൽ കൃത്യമായി കാണാനായില്ലെന്നും അതിനാൽ ഗോൾ അനുവദിച്ചെന്നുമായിരുന്നു ഇതേ കുറിച്ച് റഫറി പറഞ്ഞത്. 2-1നാണ് അന്ന് അർജന്റീന കളി ജയിച്ചത്. നാലു മിനിറ്റ് കഴിഞ്ഞ് അഞ്ചു ഇംഗ്ലീഷ് താര​ങ്ങളെ അതിവേഗം ഓടിക്കടന്ന് വീണ്ടും മറഡോണ നേടിയ സോളോ ഗോളും ചരിത്രത്തിന്റെ ഭാഗമായി.

Tags:    
News Summary - Maradona ‘Hand of God’ ball fetches £2 million at auction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.