ആർത്തിരമ്പി മെസ്സിപ്പട; അർജന്റീന ഫൈനലിൽ

മെസ്സിയും പിള്ളേരും ചേർന്ന് ഗോളുത്സവം തീർത്ത ലുസൈൽ മൈതാനത്ത് അർജന്റീനക്ക് ഫൈനൽ പ്രവേശം. റഷ്യൻ ലോകകപ്പിലെ കലാശപ്പോരുകാരായ ക്രോട്ടുകളെ കാൽഡസൻ ഗോളുകൾക്ക് തരിപ്പണമാക്കിയാണ് ലാറ്റിൻ ​അമേരിക്കക്കാർ കിരീടത്തിലേക്ക് ഒരു ചുവട് അകലെയെത്തിയത്. പെനാൽറ്റി വലയിലെത്തിച്ച് ലയണൽ മെസ്സി നൽകിയ ഊർജം കാലി​ലേറ്റി അൽവാരസ് രണ്ടു വട്ടം കൂടി ലക്ഷ്യം കണ്ടു. ഫ്രാൻസ്- മൊറോക്കോ മത്സര വിജയികളാകും ഫൈനലിൽ അർജന്റീനക്ക് എതിരാളികൾ.

4-4-2 ഫോർമേഷനിൽ എമിലിയാനോ മാർടിനെസ്, നഹുവേൽ മോളിനി, ക്രിസ്റ്റ്യൻ ​റൊമേരോ, നികൊളാസ് ഓട്ടമെൻഡി, നികൊളാസ് ടാഗ്ലിയാഫികോ, ഡി പോൾ, ലിയാൻഡ്രോ പരേഡേസ്, എൻസോ ഫെർണാണ്ടസ്, അലക്സിസ് മാക് അലിസ്റ്റർ, ലയണൽ ​മെസ്സി, ലോടറോ മാർടിനെസ് എന്നിവരുമായി അർജന്റീന ഇറങ്ങിയപ്പോൾ മധ്യനിരക്കും മുന്നേറ്റത്തിനും തുല്യ പ്രാധാന്യം നൽകി 4-3-3 ഫോ​ർമേഷനിൽ ഡൊമിനിക് ലിവാകോവിച്,ജോസിപ് ജുറാനോവിച്, ജോസ്കോ ഗ്വാർഡിയോൾ, ലവ്റൻ, സോസ, ​ലുക മോഡ്രിച്, ബ്രോസോവിച്, മാറ്റിയോ കൊവാസിച്, പസാലിച്, ക്രമാരിച്, പെരിസിച് എന്നിവരുമായാണ് ക്രൊയേഷ്യ മൈതാനത്തെത്തിയത്.

തുടർച്ചയായ രണ്ടാം തവണ ലോകകിരീടപോരാട്ടത്തിന്റെ കൊട്ടിക്കലാശ​ത്തിന് ടിക്കറ്റുതേടി​യിറങ്ങിയ ക്രോട്ടുകളുടെ ആക്രമണം കണ്ടാണ് മൈതാനമുണർന്നത്. ചിട്ടയായ നീക്കങ്ങളുമായി മോഡ്രിച്ചും പട്ടാളവും അർജന്റീന പകുതിയിൽ നിറഞ്ഞുനി​ന്ന നിമിഷങ്ങൾ. മുന്നോട്ടുകളിക്കുന്ന അതേ ഊർജത്തോടെ പിൻനിരക്കും പന്തുനൽകിയുള്ള ​കളി വിജയം കണ്ടപ്പോൾ സ്കലോണിയുടെ കുട്ടികൾ തുടക്കത്തിൽ പതറിയെന്നു തോന്നിച്ചു.

എന്നാൽ, ആദ്യ 20 മിനിറ്റ് നിയന്ത്രണം കുറഞ്ഞ അർജന്റീനയുടെ മറ്റൊരു മുഖമാണ് പിന്നീട് കണ്ടത്. അതിവേഗ നീക്കങ്ങളുമായി ക്രൊയേഷ്യൻ മതിൽ തകർത്ത ടീം നിരന്തരം ഗോൾ ഭീഷണി മുഴക്കി. 32ാം മിനിറ്റിൽ ആദ്യ ഗോളുമെത്തി. അൽവാരസ് നടത്തിയ മനോഹര നീക്കം ഗോളെന്നുറച്ച നിമിഷത്തിൽ ക്രൊയേഷ്യൻ ഗോളി ലിവാകോവിച്ചിനു മുന്നിൽ മറ്റു വഴികളുണ്ടായിരുന്നില്ല. അൽവാരസിനെ വീഴ്ത്തിയതിനു ലഭിച്ച പെനാൽറ്റി കിക്കെടുത്തത് ക്യാപ്റ്റൻ ലയണൽ മെസ്സി. ഗോളിക്ക് പഴുതൊന്നും നൽകാതെ വലയുടെ മോന്തായത്തിലെത്തിച്ച് അർജന്റീനക്കായി ഏറ്റവും ​കൂടുതൽ ഗോൾ നേടുന്ന താരവുമായി. അഞ്ചു ഗോൾ സമ്പാദ്യവുമായി ഈ ലോകകപ്പിലും മികച്ച ഗോൾവേട്ടക്കാരിലൊരാളാണ് മെസ്സി.

ഗോൾ വീണതോടെ ആക്രമണം കനപ്പിക്കാനുള്ള ക്രൊയേഷ്യൻ നീക്കം തൊട്ടുപിറകെ അടുത്ത ഗോളിലും കലാശിച്ചു. അർജന്റീന ഗോൾമുഖത്തെ നീക്കത്തിനൊടുവിൽ പന്ത് എത്തിയത് അൽവാരസിന്റെ കാലുകളിൽ. സ്വന്തം പകുതിയിൽനിന്ന് അതിവേഗം കുതിച്ച താരം ക്രൊയേഷ്യൻ പ്രതിരോധത്തെയും ഗോളിയെയും മനോഹരമായി വെട്ടിയൊഴിഞ്ഞ് പന്ത് വലയിലെത്തിച്ചു.

പിന്നെയും ഗോൾനീക്കങ്ങളുടെ ​പെരുമഴയുമായി അർജന്റീന തന്നെയായിരുന്നു മുന്നിൽ. 'മെസ്സി, മെസ്സി..' വിളികൾ നിറഞ്ഞുമുഴങ്ങിയ ലുസൈൽ മൈതാനത്ത് നീലയും വെള്ളയും കുപ്പായക്കാരുടെ കാലുകളിൽ പന്തെത്തുമ്പോഴൊക്കെയും ഗോൾ മണത്തു. തുടക്കത്തിൽ മാർക്കിങ്ങിൽ കുരുങ്ങിയ മെസ്സി കൂടുതൽ സ്വതന്ത്രമായതോടെ അർജന്റീന ആക്രമണകാരിയായി. എന്നിട്ടും, വിടാതെ ഓടിനടന്ന ക്രോട്ട് സംഘം തിരിച്ചടിക്കാൻ അവസരങ്ങൾ സൃഷ്ടിക്കാൻ തിടുക്കപ്പെട്ടു. തരാതരം ആ​ളുകളെ പരീക്ഷിച്ചും പൊസിഷൻ മാറ്റിയും കഴിഞ്ഞ കളികളിലൊക്കെയും എതിർനിരകളിൽ വിള്ളലുണ്ടാക്കുന്നതിൽ വിജയം വരിച്ച കോച്ച് ഡാലിച്ചിന്റെ രീതി ഇത്തവണ വേണ്ടത്ര വിജയം കണ്ടില്ല. പകരം, ലാറ്റിൻ അമേരിക്കൻ പടയോട്ടം കൂടുതൽ കരുത്തുകാട്ടുന്നതിന് മൈതാനം സാക്ഷിയായി.

അതിനിടെ, 57ാം മിനിറ്റിൽ ​മെസ്സിയുടെ സുവർണ നീക്കം ഗോളായെന്നു തോന്നിച്ചു. പ്രതിരോധവല തകർത്ത് ഗോളിക്കുമുന്നിലെത്തിയ സൂപർ താരത്തിന്റെ പൊള്ളുന്ന ഷോട്ട് ആയാസപ്പെട്ട് ​ക്രൊയേഷ്യൻ ഗോളി തട്ടിയകറ്റി. ലോകത്തെ ഏറ്റവും മികച്ച സ്ട്രൈക്കറെ പൂട്ടാൻ ഏറ്റവും കടുകട്ടിയുള്ള പ്രതിരോധ താരം ഗ്വാർഡിയോൾ തന്നെയായിട്ടും പൂട്ടുപൊട്ടിച്ച് നിരന്തരം റെയ്ഡ് നടത്തിയ താരം ഗോൾസമ്പാദ്യം ഉയർത്തുമെന്ന സൂചന നൽകിക്കൊണ്ടിരുന്നു. അതിനിടെ, രണ്ടുതവണയെങ്കിലും ക്രൊയേഷ്യയും ഗോൾനീക്കങ്ങൾ അപകടസൂചന നൽകി.

അതിനിടെ, 69ാം മിനിറ്റിൽ അർജന്റീന ലീഡ് കാൽഡസനാക്കി ഉയർത്തി. മെസ്സിയുടെ സോളോനീക്കത്തിനൊടുവിലായിരുന്നു ലുസൈൽ മൈതാനത്തെ പ്രകമ്പനം കൊള്ളിച്ച സൂപർ ഗോൾ. മൂന്നു പ്രതിരോധ താരങ്ങൾ വലകെട്ടി മുന്നിൽനിന്നിട്ടും മനോഹരമായ ശാരീരിക ചലനങ്ങളിൽ വെട്ടിയൊഴിഞ്ഞ് കുതിച്ച താരം പെനാൽറ്റി ബോക്സിൽ അൽവാരസിനു കണക്കാക്കി പന്തു നൽകുമ്പോൾ ഗോളല്ലാതെ സാധ്യതകളുണ്ടായിരുന്നില്ല. ലീഡ് കാൽഡസനിലെത്തിയതോടെ മുൻനിരയിലെ പലരെയും തിരികെ വിളിച്ച് കോച്ച് സ്കലോണി ഫൈനൽ പോരാട്ടത്തിന് ഒരുക്കങ്ങൾ തുടങ്ങി. ഡി പോളും അൽവാരസും പവലിയനിലെത്തിയപ്പോൾ ഈ ടൂർണമെന്റിൽ ആദ്യമായി ഡിബാലക്കും അവസരം ലഭിച്ചു.

ഇഞ്ച്വറി സമയത്ത് ഇരുടീമും നിറഞ്ഞുശ്രമിച്ച് ഗോൾമുഖം പരീക്ഷിച്ചുകൊണ്ടിരുന്നെങ്കിലും പ്രതിരോധക്കാലുകളിലോ ഗോളിയുടെ കൈകളിലോ വിശ്രമിച്ചു. ബ്രസീലിനെ ഇതുപോലൊരു സമയത്തെ ഗോളിൽ ഒപ്പം പിടിക്കുകയും പിന്നാലെ പെനാൽറ്റി ഷൂട്ടൗട്ടിൽ സെമിയിലെത്തുകയും ചെയ്ത ​യൂറോപ്യൻ സംഘത്തിനു പക്ഷേ, ഇത്തവണ ഒന്നും ശരിയായില്ല. പകരം സ്വയം തുറന്നെടുത്ത അവസരങ്ങൾ സ്വന്തം പോസ്റ്റിനരികെ വരെയെത്തി മടങ്ങുന്നതും കണ്ടു. 

Tags:    
News Summary - Messi and Alvarez put Argentina into World Cup final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.