'മെസ്സി അങ്ങനെ ചെയ്യില്ല'; ജഴ്സി വിവാദത്തിൽ പിന്തുണയുമായി മെക്സിക്കൊ ക്യാപ്റ്റൻ

ദോഹ: ജഴ്സി വിവാദത്തിൽ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിക്ക് പിന്തുണയുമായി മെക്സിക്കൻ ക്യാപ്റ്റൻ ആന്ദ്രെ ഗുര്‍ഡാഡോ. വിവാദങ്ങൾ അനാവശ്യമാണ്. മെസ്സി അങ്ങനെ ചെയ്യുന്ന ഒരാളല്ല. ഡ്രസ്സിങ് റൂമിൽ എന്താണ് സംഭവിക്കുന്നതെന്ന് വിവാദമുണ്ടാക്കിയ ബോക്സര്‍ കനേലോ അൽവാരസിന് അറിയില്ല. നനഞ്ഞ ജഴ്സി നിലത്തിടൽ പതിവാണ്. സ്‌പെയിനിൽ വർഷങ്ങളോളം മെസ്സിയെ നേരിട്ടിട്ടുണ്ട്. എന്റെ മകനൊപ്പം ചിത്രമെടുത്തത് പോലെയുള്ള അത്യപൂർവ നിമിഷങ്ങൾ സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്. ലിയോ എന്ന വ്യക്തിയെ എനിക്കറിയാം, ഗുര്‍ഡാഡോ പറഞ്ഞു.

മെക്സിക്കോക്കെതിരായ വിജയത്തെ തുടർന്ന് ഡ്രസ്സിങ് റൂമിൽ നടന്ന ആഘോഷത്തിനിടെ മെസ്സി മെക്സിക്കൊ ജഴ്സി നിലത്തിട്ട് ചവിട്ടിയെന്ന് ആരോപണമുയർന്നിരുന്നു. അര്‍ജന്‍റീന താരം നിക്കോളാസ് ഒട്ടമെൻഡി പങ്കുവെച്ച ആഘോഷത്തിന്റെ വിഡിയോ പുറത്തുവന്നതോടെ ലോക ചാമ്പ്യൻ ബോക്സർ കനേലോ അൽവാരസ് ആണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. 'ഞങ്ങളുടെ കൊടിയും ജഴ്സിയും ഉപയോഗിച്ച് മെസ്സി തറ വൃത്തിയാക്കുന്നത് കണ്ടോ, എന്‍റെ മുന്നിൽ പെടാതിരിക്കാൻ മെസ്സി ദൈവത്തോട് പ്രാര്‍ഥിക്കട്ടെ' എന്നിങ്ങനെ ട്വിറ്ററിൽ ഭീഷണി കുറിപ്പും താരം പങ്കുവെച്ചിരുന്നു. സംഭവം വൻ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരുന്നു. വിഡിയോ പുറത്തുവന്നതോടെ മെസ്സിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനങ്ങളും ഉയർന്നു.

ഇതിനിടെ മെസ്സിയെ പിന്തുണച്ച് മുൻ അർജന്റീന താരം സെർജിയോ അഗ്യൂറോ രംഗത്തെത്തി. വിഷയം പൂർണമായി മനസ്സിലാക്കാതെ സമൂഹ മാധ്യമത്തിൽ പ്രതികരണവുമായി എത്തുന്നത് ശരിയല്ലെന്നായിരുന്നു അഗ്യൂറോയുടെ പ്രതികരണം. 'കനേലോ, വെറുതെ ഒഴികഴിവുകളും പ്രശ്നങ്ങളും തേടിനടക്കരുത്. ഫുട്ബാളിനെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല. അവിടെ, ഡ്രസ്സിങ് റൂമിൽ നടക്കുന്നതിനെ കുറിച്ചും. കളി കഴിയുന്നതോടെ ഷർട്ടുകൾ നിലത്താണു​ണ്ടാവുക. വിയർപ്പാണ് പ്രശ്നം. ബൂട്ട് അഴിക്കാൻ നീങ്ങുന്നതിനിടെ അറിയാതെ കാൽ തട്ടുന്നതാണത്'- എന്നിങ്ങനെയായിരുന്നു അഗ്യൂറോയുടെ പ്രതികരണം. എന്നാൽ, സംഭവത്തിൽ മെസ്സി പ്രതികരിച്ചിരുന്നില്ല.

Tags:    
News Summary - 'Messi won't do that'; Mexico captain supports in the jersey controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.