''അയാൾ അർജന്റീനക്കാരനായത് കളി​യെ ബാധിച്ചു''- റഫറിക്കെതിരെ കടുത്ത വിമർശനവുമായി പോർച്ചുഗൽ താരങ്ങൾ

മൊറോക്കോക്കെതിരായ കളി നിയന്ത്രിച്ച റഫറിമാർ എല്ലാവരും ഒരു രാജ്യക്കാരായത് തങ്ങളുടെ മുന്നോട്ടുളള വഴി അപകടത്തിലാക്കിയെന്ന കടുത്ത വിമർശനവുമായി പോർച്ചുഗൽ താരങ്ങൾ. മുൻനിര താരങ്ങളായ ബ്രൂണോ ഫെർണാണ്ടസ്, പെപ്പെ എന്നിവരാണ് എതിർപ്പുമായി രംഗത്തെത്തിയത്.

റഫറി ഫക്കുൻഡോ ടെല്ലോയും രണ്ട് അസിസ്റ്റന്റുമാരും അർജന്റീനക്കാരായിരുന്നു. ഇതാണ് കളിക്കുശേഷം പോർച്ചുഗലിനെ ചൊടിപ്പിച്ചത്. ആദ്യ പകുതിയിൽ നേടിയ ഗോളിന് മൊറോക്കോ പറങ്കിപ്പടയെ വീഴ്ത്തി സെമിയിലെത്തിയിരുന്നു.

'ഞങ്ങളുടെ കളി നിയന്ത്രിക്കാൻ ഒരു അർജന്റീന റഫറി ആയത് അംഗീകരിക്കാനാകില്ല''- പെ​പെ പോർച്ചുഗീസ് ടെലിവിഷനോട് പറഞ്ഞു. ''ഞങ്ങൾ രണ്ടാം പകുതിയിൽ എന്താണ് കളിച്ചത്. ഗോളി നിലത്തുവീണുപോയി. ഞങ്ങൾക്ക് ഇഞ്ച്വറി സമയം അനുവദിച്ചത് എട്ടുമിനിറ്റ് മാത്രമാണ്. ഞങ്ങൾ നന്നായി ശ്രമിച്ചു''- താരം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം നെതർലൻഡ്സിനെതിരായ മത്സര ശേഷം അർജന്റീന നായകൻ ലയണൽ മെസ്സിയും ​റഫറിക്കെതിരെ രംഗത്തുവന്നിരുന്നു. പണ്ടേ ടീമിനോട് പ്രശ്നമുള്ളയാളാണ് റഫറിയെന്നായിരുന്നു മെസ്സിയുടെ വിമർശനം.

ഇഞ്ച്വറി സമയം കൂടുതൽ അനുവദിക്കേണ്ടിയിരുന്നുവെന്ന് ബ്രൂണോ ഫെർണാണ്ടസും കുറ്റപ്പെടുത്തി. ഇനിയും ടൂർണമെന്റിൽ അവശേഷിക്കുന്ന രാജ്യങ്ങളിൽനിന്നുള്ള റഫറിമാർ കളി നിയന്ത്രിക്കുന്നത് ഉണ്ടാകരുതെന്നും ബ്രൂണോ ആവശ്യപ്പെട്ടു.

കളി തുടങ്ങുംമുമ്പേ എന്തു വരാനിരിക്കുന്നുവെന്ന് മനസ്സിലാക്കിയിരുന്നതായും താരം കൂട്ടിച്ചേർത്തു. ആദ്യ പകുതിയിൽ മൊറോക്കോ പെനാൽറ്റി ബോക്സിൽ വീണതിന് പെനാൽറ്റി അനുവദിക്കാത്തതും ബ്രൂണോയെ ചൊടിപ്പിച്ചിരുന്നു.

പോർച്ചുഗലിൽനിന്ന് റഫറിമാർ ഇല്ലാതിരിക്കുമ്പോഴും മറ്റു രാജ്യക്കാർ നിലനിൽക്കുന്നതിനെയും താരം കുറ്റപ്പെടുത്തി.

ഇരു പകുതികളിലായി 10 മിനിറ്റാണ് ഇഞ്ച്വറി സമയം അനുവദിച്ചത്. എന്നാൽ, 15- 20 മിനിറ്റെങ്കിലും ലഭിക്കേണ്ടതായിരുന്നുവെന്നാണ് പോർച്ചുഗൽ കളിക്കാരുടെ പക്ഷം.

അതേ സമയം, റഫറിമാർ ടീമിന് പുറത്തേക്കു വഴി കാണിച്ചുവെന്ന് ​വിശ്വസിക്കുന്നില്ലെന്ന് പോർച്ചുഗൽ കോച്ച് ഫെർണാണ്ടോ സാ​ന്റോസ് പറഞ്ഞു.


Tags:    
News Summary - Pepe, Fernandes Blast, Argentine Referee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.