കലവറ തുറന്ന് ഖത്തർ

ദോഹ: ഖത്തർ ലോകകപ്പ് സെമി ഫൈനലിലെത്തുമ്പോൾ മുൻ ചാമ്പ്യന്മാരായ ബ്രസീൽ, ഇംഗ്ലണ്ട്, സ്പെയിൻ, ജർമനി തുടങ്ങിയ ടീമുകളുടെ പുറത്താവലും ആഫ്രിക്കൻ രാജ്യമായ മൊറോക്കോയുടെ കുതിപ്പുമാണ് പ്രധാനമായും എടുത്തുപറയേണ്ടത്. കൗതുകങ്ങളുടെ കലവറയിൽ ഇനിയെന്തൊക്കെ ബാക്കിയുണ്ടെന്ന് കാത്തിരുന്ന് കാണാം.

ആരുണ്ടെടാ മൊറോക്കോ പോസ്റ്റിൽ ഗോളടിക്കാൻ

യാസീൻ ബൗനു കാവൽക്കാരനായ മൊറോക്കോ പോസ്റ്റിൽ കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ പിറന്നത് ഒരേ‍യൊരു ഗോളാണ്. നാല് കളികളിലും ക്ലീൻ ഷീറ്റുമായാണ് ബൗനുവും സംഘവും ചരിത്രം കുറിച്ച് സെമി ഫൈനലിലെത്തിയിരിക്കുന്നത്. വഴങ്ങിയ ഏക ഗോളും എതിർ ടീം താരത്തിൽ നിന്നല്ലെന്നതാണ് കൗതുകം. കാനഡയുമായുള്ള ഗ്രൂപ് മത്സരത്തിൽ നായിഫ് അഗ്യൂഡിൽ നിന്നുണ്ടായ സെൽഫ് ഗോളാണ് മൊറോക്കോക്കെതിരെ ഈ ലോകകപ്പിൽ ആകെ പിറന്നത്. അതാവട്ടെ ടൂർണമെന്റിലെ നൂറാമത്തെ ഗോളുമായിരുന്നു.

പെനാൽറ്റിയിൽ പിഴക്കാത്ത കെയ്ൻ

ഫ്രാൻസിനെതിരായ ക്വാർട്ടർ ഫൈനലിന്റെ 84ാം മിനിറ്റിൽ ഇംഗ്ലണ്ടിന് കിട്ടിയ പെനാൽറ്റി കിക്ക് കളിയുടെ ഗതി തന്നെ മാറ്റുമായിരുന്നു. ഫ്രഞ്ച് ടീം 1-2ന് മുന്നിൽ നിൽക്കുന്ന സമയമായിരുന്നു. ഇംഗ്ലണ്ട് അടിച്ച ഗോളാവട്ടെ 54ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ നേടിയതും. ക്യാപ്റ്റൻ ഹാരി കെയ്നായിരുന്നു സ്കോറർ. രണ്ടാമത്തെ കിക്കും കെയ്നിനെ ഏൽപിക്കുകയെന്നതല്ലാതെ മറ്റൊരു ചിന്തപോലും ടീമിനുണ്ടായിരുന്നില്ല.

ഇതിന് വ്യക്തമായ കാരണവുമുണ്ട്. ഇംഗ്ലീഷ് ടീമിൽ പെനാൽറ്റി കിക്കുകൾ വിജയകരമാക്കുന്നതിൽ ഒന്നാമനാണ് കെയ്ൻ. കരിയറിൽ 72 കിക്കെടുത്തപ്പോൾ 62ഉം ലക്ഷ്യം കണ്ടു, 86 ശതമാനം. ഷൂട്ടൗട്ടുകളിൽ എടുത്ത അഞ്ചിൽ അഞ്ച് കിക്കും ഗോളായി. പക്ഷേ, ക്വാർട്ടറിൽ കെയ്നിന്റെ രണ്ടാമത്തെകിക്ക് പുറത്തേക്ക് പറന്നതോടെ ടീമിന്റെ വിധിയെഴുതി. ഇംഗ്ലീഷുകാരുടെ ദുരന്തനായകനുമാവേണ്ടി വന്നു കെയ്നിന്.

  • സെമി ഫൈനലുകൾ, ലൂസേഴ്സ് ഫൈനൽ, ഫൈനൽ എന്നിങ്ങനെ നാല് മത്സരങ്ങൾ മാത്രം ബാക്കിയിരിക്കെ ക്വാർട്ടർ ഫൈനലുകളടക്കം 60 മത്സരങ്ങൾ പൂർത്തിയായി.
  • ലോകകപ്പിൽ ഇതുവരെ പിറന്ന ഗോളുകൾ 158. ഗ്രൂപ് ഇയിൽ കോസ്റ്ററീകക്കെതിരെ സ്പെയിൻ നേടിയ 7-0 സ്കോറാണ് ഉയർന്ന മാർജിൻ.
  • ഏറ്റവും കൂടുതൽ ഗോൾ സ്കോർ ചെയ്തത് ഇംഗ്ലണ്ടാണ്, 13. പോർചുഗൽ 12 ഗോളുമായി രണ്ടാം സ്ഥാനത്തും.
  • ഏറ്റവുമധികം ഗോൾ വഴങ്ങിയ ടീം കോസ്റ്ററീകയാണ്. മൂന്ന് മത്സരങ്ങളിലായി 11 തവണ എതിരാളികൾ ഇവരുടെ വല നിറച്ചു.
  • ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയാണ് നിലവിൽ ടോപ് സ്കോറർ, 5 ഗോൾ. സഹതാരം ഒളിവിയർ ജിറൂഡും അർജന്റീന നായകൻ ലയണൽ മെസ്സിയും നാല് വീതം ഗോളുകളുമായി ഗോൾഡൻ ബൂട്ടിന് എംബാപ്പേക്ക് വെല്ലുവിളി ഉയർത്തുന്നു.
  • അസിസ്റ്റുകളിൽ ഫ്രാൻസിന്റെ അന്റോണിയോ ഗ്രീസ്മാൻ, പോർചുഗലിന്റെ ബ്രൂണോ ഫെർണാണ്ടസ്, ഇംഗ്ലണ്ടിന്റെ ഹാരി കെയ്ൻ എന്നിവരാണ് മുന്നിൽ, മൂന്ന് വീതം.
  • കൂടുതൽ മത്സരങ്ങൾ കളിച്ച് ഏറ്റവും കുറച്ച് ഗോൾ വഴങ്ങിയ ടീമാണ് സെമിയിൽ കടന്ന മൊറോക്കോ. ഇവർക്കെതിരെ പിറന്ന ഏക ഗോളാവട്ടെ കാനഡയുമായുള്ള ഗ്രൂപ് മത്സരത്തിലെ സെൽഫ് ഗോളും.
  • ഇത്തവണത്തെ വേഗമേറിയ ഗോൾ കാനഡക്കെതിരെ ക്രൊയേഷ്യയുടെ അൽഫോൺസോ ഡേവീസ് നേടിയതാണ്. റഫറിയുടെ വിസിലിന് തൊട്ട് പിറകെ ഡേവീസ് സ്കോർ ചെയ്യുമ്പോൾ സ്കോർ 1.08 മിനിറ്റ്.
  • നാലുപേരാണ് ഇക്കുറി ചുവപ്പ് കാർഡ് കണ്ട് മടങ്ങിയത്. നെതർലൻഡ്സിന്റെയും കാമറൂണിന്റെയും വെയ്‍ൽസിന്റെയും മൊറോക്കോയുടെയും ഓരോ താരങ്ങൾ കളിക്കിടെ പുറത്തായി.
  • മഞ്ഞക്കാർഡ് കണ്ടവരിൽ 14 പേരുമായി സൗദി അറേബ്യയാണ് ഒന്നാമത്. സെർബിയ 12, നെതർലൻഡ്സ് 11, അർജന്റീന 10 എന്നിങ്ങനെയാണ് അടുത്ത സ്ഥാനങ്ങളിൽ.
  • ഏറ്റവുമധികം പെനാൽറ്റി വഴങ്ങിയ ടീം ഫ്രാൻസാണ്, രണ്ടെണ്ണം. രണ്ട് വീതം പെനാൽറ്റി ഗോളുകൾ നേടി അർജന്റീനയും പോർചുഗലും.

Tags:    
News Summary - qatar world cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.