കാർഡ് കാണിക്കാൻ മടിയില്ലാത്ത ലാഹോസ്; അർജന്‍റീന-നെതർലൻഡ്സ് മത്സരത്തിൽ 18 മഞ്ഞകാർഡുകൾ

നാടകീയ നിമിഷങ്ങൾക്കൊപ്പം പരുക്കൻ അടവുകളും കൈയാങ്കളിയും നിറഞ്ഞതായിരുന്നു അർജന്‍റീന-നെതർലൻഡ്സ് തമ്മിലുള്ള ആവേശകരമായ ക്വാർട്ടർ പോരാട്ടം. ഒരുപക്ഷേ, റഫറി പുറത്തെടുത്ത മഞ്ഞകാർഡുകളുടെ പേരിൽ കൂടിയാകും ഈ മത്സരം ചരിത്രത്തിൽ രേഖപ്പെടുത്തുക.

മത്സരത്തിൽ രണ്ടു ടീമുകളിലുമായി താരങ്ങൾക്കും രണ്ടു അർജന്‍റീന ഓഫീഷ്യലുകൾക്കുമായി 18 മഞ്ഞ കാർഡുകളാണ് സ്പാനിഷ് റഫറി മാതേവു ലാഹോസ് പുറത്തെടുത്തത്. ഇതിൽ സൂപ്പർ താരം ലയണൽ മെസ്സിയടക്കം എട്ടു അർജന്‍റീന താരങ്ങളും ഏഴു നെതർലൻഡ്സ് താരങ്ങളും ഉൾപ്പെടും. ഡെൻസൽ ഡെംഫ്രീസിന് തുടർച്ചയായ രണ്ടു മഞ്ഞകാർഡുകളുമായി മാർച്ചിങ് ഓർഡറും ലഭിച്ചു. രണ്ടാമത്തെ കാർഡ് ഷൂട്ടൗട്ടിന്‍റെ അവസാനത്തിലായിരുന്നു.

പെനാല്‍റ്റി എടുക്കാന്‍ വന്ന താരത്തിന് വരെ കാര്‍ഡ് നൽകി. സെമിയിൽ ക്രൊയേഷ്യയെ നേരിടാനിരിക്കുന്ന അർജന്‍റീനക്ക് ഇത് തിരിച്ചടിയാകും. ഏതാനും താരങ്ങൾക്ക് അടുത്ത മത്സരം നഷ്ടമാകും. 2006ലെ ലോകകപ്പിൽ പോർചുഗൽ-നെതർലൻഡ്സ് മത്സരത്തിനിടെ അന്ന് മത്സരം നിയന്ത്രിച്ചിരുന്ന റഫറി 16 മഞ്ഞകാർഡുകൾ പുറത്തെടുത്തിരുന്നു. ബാറ്റിൽ ഓഫ് ന്യൂറംബർഗ് എന്ന പേരിലാണ് മത്സരം അറിയപ്പെട്ടിരുന്നത്. ഈ റെക്കോഡാണ് അർജന്‍റീന-നെതർലൻഡ്സ് മത്സരത്തോടെ മറികടന്നത്.

മാതേവു ലാഹോസ് എന്ന ലാ ലിഗ റഫറി നേരത്തെയും കാർഡുകളുടെ പേരിൽ പ്രശസ്തനാണ്. മത്സരത്തിന്‍റെ തുടക്കം മുതല്‍ അനാവശ്യമായി മഞ്ഞകാര്‍ഡ് കാണിക്കാന്‍ ലാഹോസ് ഉത്സാഹിച്ചിരുന്നുവെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. റഫറിക്കെതിരെ അർജന്‍റീന രംഗത്തുവരികയും ചെയ്തു. സ്പാനിഷ് ലാ ലിഗയില്‍ സ്ഥിര സാന്നിധ്യമായ ലഹോസ് കാര്‍ഡ് കൊടുക്കുന്നത്തില്‍ ഒരു മടിയുമില്ലാത്ത റഫറിയാണ്. ഈ ലോകകപ്പിലെ ഉദ്ഘാടന മല്‍സരം നിയന്ത്രിച്ചിരുന്നതും ലാഹോസാണ്. അന്ന് ആറു മഞ്ഞകാര്‍ഡുകള്‍ വീശി.

പിന്നീട് യു.എസ്.എ-ഇറാന്‍ മത്സരം നിയന്ത്രിച്ച റഫറി അന്നും നാല് കാര്‍ഡുകള്‍ പൊക്കി. ഡീഗോ മറഡോണ മരിച്ച ശേഷം നടന്ന ബാഴ്സലോണ-ഒസാസുന ലാ ലീഗ മത്സരത്തിനിടെ ലയണല്‍ മെസ്സി ഇതിഹാസ താരത്തിന് കളത്തില്‍ ആദരവ് അര്‍പ്പിച്ചിരുന്നു. ഗോള്‍ നേടിയ ശേഷം മെസ്സി തന്റെ ജഴ്സി ഊരിയ മറഡോണയുടെ പ്രശസ്തമായ ഓള്‍ഡ് ബോയ്സ് ജഴ്സി അണിഞ്ഞ് കൈകള്‍ ആകാശത്തേക്ക് ഉയര്‍ത്തി ആദരം അര്‍പ്പിക്കുകയായിരുന്നു. ഇതിനും അന്ന് ലാഹോസ് മെസ്സിക്ക് മഞ്ഞകാർഡ് നൽകി.

ഫിഫക്കുവേണ്ടി 2014, 2018 ലോകകപ്പ് യോഗ്യത മത്സരങ്ങൾ നിയന്ത്രിച്ചിരുന്ന ലാഹോസ്, 2018ലെ ലോകകപ്പിലും റഫറിയായിട്ടുണ്ട്. അനാവശ്യമായ കാര്യങ്ങള്‍ക്കു പോലും ലാഹോസ് മഞ്ഞക്കാര്‍ഡ് നല്‍കുകയാണെന്നും റഫറിയെ നിയന്ത്രിക്കാൻ ഫിഫ തയാറാകണമെന്നുമാണ് മുൻതാരങ്ങൾ ആവശ്യപ്പെടുന്നത്.

Tags:    
News Summary - Referee Mateu Lahoz dished out 18 yellow cards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.