ഫൈനലിൽ കളിക്കാനിറങ്ങുന്ന മെസ്സിയെ കാത്ത് റെക്കോഡുകളുടെ പെരുമഴ

ദോഹ: ലോകകപ്പിന്റെ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെതിരെ പോരിനിറങ്ങുമ്പോൾ അർജന്റീന നായകൻ ലയണൽ മെസ്സിയെ കാത്തിരിക്കുന്നത് നിരവധി റെക്കോഡുകൾ.

ഫുട്ബാൾ ചരിത്രം കണ്ട ഇതിഹാസകാരന്മാരിൽ അഗ്രഗണ്യരിലൊരാളായ മെസ്സി ലോകപോരാട്ട വേദിയിൽ അവസാന മത്സരം കളിച്ചുതീർക്കുന്ന രാത്രിയാണിന്ന്. മുമ്പ് നാലു ലോകകപ്പ് കളിച്ചിട്ടും എത്തിപ്പിടിക്കാനാവാതെ പോയ ആ കനക കിരീടം ഇന്നത്തെ സ്വപ്ന പോരാട്ടത്തിൽ അയാൾക്കൊപ്പം നിൽക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ലോകകപ്പ് ചരിത്രത്തിൽ അർജന്‍റീനക്കിത് ആറാം ഫൈനലാണ്.

രണ്ടു തവണ മാത്രമാണ് ടീം കിരീടം ചൂടിയത്. ഇറ്റലിക്കും ബ്രസീലിനും ശേഷം കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന സ്വപ്ന നേട്ടത്തിനാണ് ഫ്രാൻസ് പന്തുതട്ടുന്നത്. എന്തായാലും ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ ഇന്ന് തീപാറുന്ന പോരാട്ടം നടക്കുമെന്ന് ഉറപ്പ്. മെസ്സി മികച്ച ഫോമിൽ കളിക്കുന്നുവെന്നതാണ് അർജന്‍റീനക്ക് വലിയ പ്രതീക്ഷ നൽകുന്നത്. എതിരാളികൾ ഏതു പൂട്ടിട്ടു പൂട്ടിയാലും തന്റെ മാന്ത്രികതകൾ മെസ്സി പെട്ടിതുറന്നെടുക്കുന്നുവെന്നതാണ് അവരുടെ ആശ്വാസവും.

നിലവിൽ എംബാപ്പെയോടൊപ്പം അഞ്ചു ഗോളുകളുമായി ഈ ലോകകപ്പിലെ ഗോൾവേട്ടക്കാരിൽ മെസ്സിയും ഒപ്പമുണ്ട്. ഇതോടൊപ്പം ഫൈനൽ കളിക്കുന്ന മെസ്സി ഏതാനും റൊക്കോഡുകളും സ്വന്തം പേരിലാക്കും.

കൂടുതൽ ലോകകപ്പ് ജയം

ഫൈനലിൽ ഫ്രാൻസിനെതിരെ അർജന്‍റീന ജയിച്ചാൽ ലോകകപ്പിൽ കൂടുതൽ മത്സരങ്ങൾ ജയിക്കുന്ന താരമെന്ന റെക്കോഡിനൊപ്പം എത്തും. നിലവിൽ 17 മത്സരങ്ങൾ ജയിച്ച ജർമനിയുടെ മിറാസ്ലാവ് ക്ലോസയുടെ പേരിലാണ് റെക്കോഡ്. മെസ്സി ഇതുവരെ 16 മത്സരങ്ങളാണ് ജയിച്ചത്.

കൂടുതൽ ലോകകപ്പ് കളിക്കുന്ന താരം

ഫൈനൽ കളിക്കുന്നതോടെ ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിക്കുന്ന നേട്ടം മെസ്സിയുടെ പേരിലാകും. നിലവിൽ 25 മത്സരങ്ങളുമായി ജർമനിയുടെ ലോതർ മത്തേയൂസിനൊപ്പമാണ്.

കൂടുതൽ സമയം കളിച്ച താരം

ലോകകപ്പിന്‍റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സമയം ലോകകപ്പ് കളിച്ച താരം ഇറ്റലിയുടെ പൗളോ മാൾഡീനിയാണ്. 2,217 മിനിറ്റുകൾ. മെസ്സി ഇതുവരെ 2,194 മിനിറ്റുകളാണ് കളിച്ചത്. ഫൈനലിൽ 23 മിനിറ്റുകൾ കളിക്കുന്നതോടെ മെസ്സി റെക്കോഡ് മറികടക്കും.

ലോകകപ്പിൽ കൂടുതൽ അസിസ്റ്റുകൾ

ലോകകപ്പ് ചരിത്രത്തിൽ മെസ്സിയുടെ പേരിൽ ഇതുവരെ ഒമ്പത് അസിസ്റ്റുകളാണുള്ളത്. പത്ത് അസിസ്റ്റുകളുമായി ഇതിഹാസം പെലെയാണ് മുന്നിൽ. ഫൈനലിൽ ഒരു ഗോളിന് വഴിയൊരുക്കിയാൽ മെസ്സി പെലെയുടെ റൊക്കോഡിനൊപ്പമൊത്തും.

ഗോൾഡൻ ബോൾ

2014ലെ ലോകപ്പിൽ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ മെസ്സി സ്വന്തമാക്കിയിരുന്നു. ഖത്തർ ലോകകപ്പിൽ സുവർണ പന്തിനായുള്ള പോരിൽ മെസ്സി തന്നെയാണ് മുന്നിൽ. പുരസ്കാരം താരത്തെ തേടിയെത്തിയാൽ, ഗോൾഡൻ ബോൾ രണ്ടാം തവണ നേടുന്ന ആദ്യ താരമാകും മെസ്സി.

ഗോൾഡൻ ബോളും ഗോൾഡൻ ബൂട്ടും

ഒരു ലോകകപ്പിൽ തന്നെ ഗോൾഡൻ ബോളും ഗോൾഡൻ ബൂട്ടും സ്വന്തമാക്കിയത് ഏഴു താരങ്ങളാണ്. നിലവിൽ അഞ്ചു ഗോളുകളുമായി എംബാപ്പെക്കൊപ്പം മെസ്സിയും കൂടുതൽ ഗോൾ നേടിയ താരങ്ങളിൽ ഒന്നാമതാണ്. മെസ്സി ഫൈനലിൽ ഗോൾ നേടിയാൽ സുവർണ പാദുകവും താരത്തിനാകും.

Tags:    
News Summary - Six records Lionel Messi can break in FIFA World Cup Final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.