ക്രൊയേഷ്യയോട് തോറ്റ് സെമി കാണാതെ പുറത്ത്; ബ്രസീൽ പരിശീലക സ്ഥാനം ഒഴിഞ്ഞ് ടിറ്റെ

ദോഹ: ഖത്തർ ലോകകപ്പിൽ ക്വാർട്ടറിൽ ക്രൊയേഷ്യയോട് ഷൂട്ടൗട്ടിൽ തോറ്റ് പുറത്തായതിനു പിന്നാലെ ബ്രസീൽ മുഖ്യ പരിശീലകൻ ടിറ്റെ രാജിവെച്ചു. തുടർച്ചയായ രണ്ടാം തവണയാണ് ബ്രസീൽ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പുറത്താകുന്നത്.

ദുംഗക്കു പകരക്കാരനായി 2016 ജൂലൈയിലാണ് ടിറ്റെ ബ്രസീലിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. 2018ലെ ലോകകപ്പിൽ ടിറ്റെയുടെ പരിശീലനത്തിൽ ബ്രസീൽ ക്വാർട്ടറിലെത്തിയെങ്കിലും ബെൽജിയത്തോട് തോറ്റ് പുറത്തായി. 2019ൽ ടീമിനെ കോപ്പ കിരീട നേട്ടത്തിലെത്തിച്ചു. എന്നാൽ, 2021ൽ കോപ്പ ഫൈനലിൽ അർജന്‍റീനയോട് തോറ്റു.

നിശ്ചിത സമയം ഗോൾരഹിതമായും അധിക സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം അടിച്ച് സമനില പാലിക്കുകയും ചെയ്തതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ക്രൊയേഷ്യൻ നിരയിൽ കിക്കെടുത്ത നിക്കാളോ വ്ലാസിച്ച്, ലോവ്റോ മാജെർ, ലൂക്ക മോഡ്രിച്ച്, ഓർസിച്ച് എന്നിവരെല്ലാം പന്ത് വലയിലെത്തിച്ചു.

ബ്രസീൽ താരം റോഡ്രിഗോ സിൽവയുടെ ഷോട്ട് ഗോളി ലിവാകോവിച്ച് തട്ടിയകറ്റിയപ്പോൾ, മാർക്വിഞ്ഞോയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. കാസെമിറോ, പെഡ്രോ എന്നിവർ മാത്രമാണ് ഷോട്ട് വലയിലെത്തിച്ചത്. നേരത്തെ, അധികസമയത്തിന്‍റെ ഇൻജുറി ടൈമിൽ സൂപ്പർതാരം നെയ്മർ നേടിയ ഗോളിലൂടെ ബ്രസിലാണ് ആദ്യം മുന്നിലെത്തിയത്. ക്രൊയേഷ്യൻ ഗോൾമുഖത്തേക്ക് ബ്രസീൽ നടത്തിയ മുന്നേറ്റത്തിനൊടുവിൽ ലൂകാസ് പെക്വറ്റ നൽകിയ പാസ് നെയ്മർ ക്ലിനിക്കൽ ഫിനിഷിങ്ങിലൂടെ വലയിലെത്തിച്ചു.

അധിക സമയത്തിന്‍റെ രണ്ടാം പകുതിയിൽ (117) പകരക്കാരനായി ഇറങ്ങിയ ക്രൊയേഷ്യൻ താരം ബ്രൂണോ പെറ്റ്കോവിച്ച് ഗോൾ തിരിച്ചടിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

Tags:    
News Summary - Tite steps down as Brazil coach after Croatia defeat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.