''ഞങ്ങളിപ്പോൾ ലോകത്തിന്റെ ടീമാണ്''- ആഘോഷത്തിരയിലമർന്ന് മൊറോക്കോയും ആഫ്രിക്കയും

ഒട്ടും വഴങ്ങാത്ത പ്രതിരോധമാണ് മൊറോക്കോയുടെ കരുത്തെന്നായിരുന്നു ഖത്തർ ലോകകപ്പിൽ ഇതുവരെയും ടീമിന്റെ ടാഗ് ലൈൻ. ബെൽജിയത്തിൽ തുടങ്ങി സ്പെയിൻ വരെ ടീം മുന്നേറിയിട്ടും കാണികളും കളിയെഴുത്തുകാരും അതുതന്നെ പറഞ്ഞു. എന്നാൽ, ക്വാർട്ടറിൽ കരുത്തരായ പോർച്ചുഗൽ എതിരെ വന്നപ്പോൾ ഗിയർ മാറ്റിപ്പിടിച്ച ടീം പ്രതിരോധത്തിനൊപ്പം ആക്രമണം കൂടി തങ്ങളുടെ ഇഷ്ട മേഖലയെന്നു കളത്തിൽ തെളിയിച്ചു.

ഏത് അപകടഘട്ടങ്ങളിലും ​അസാധ്യ ഡ്രിബ്ളിങ് മികവുമായി എന്നാൽ, സമാനതകളില്ലാത്ത ടീം​േപ്ലയുമായി എതിർഹാഫിൽ റെയ്ഡ് നടത്തിയ ടീം അത്തരം നീക്കങ്ങളിലൊന്നിലായിരുന്നു പറങ്കിപ്പടയെ മടക്കിയ ഗോൾ നേടിയത്. ഗോളിയുടെ കൈകളെത്താത്തത്ര ഉയരത്തിൽ ഉയർന്നു ചാടിയ യൂസുഫ് അന്നസീരിയുടെ ഹെഡർ ഗോൾവലയുടെ മോന്തായത്തിലാണ് ചെന്നുതൊട്ടത്. പറങ്കിപ്പട ശരിക്കും ഞെട്ടിത്തരിച്ചുനിന്ന നിമിഷം. മൊറോക്കോയിൽനിന്ന് എത്തിയ 20,000 ആരാധകർകൊപ്പം ഗാലറി ​ആർത്തുവിളിച്ച നിമിഷങ്ങൾ.

സ്വിറ്റ്സർലൻഡിനെതിരെ ആറു ഗോളടിച്ച പറങ്കികൾ പക്ഷേ, മൊറോക്കോ ഗോൾമുഖത്തെത്തുമ്പോൾ പതറി. ബ്രൂണോ ഫെർണാണ്ടസ് എന്ന അതികായന്റെ ഒരു ഷോട്ട് ക്രോസ്ബാറിൽ തട്ടി തിരിച്ചുവന്നു. റാമോസിന്റെതുൾപ്പെടെ പിന്നെയും നീക്കങ്ങൾ പലതുപിറന്നു. അവ കണ്ടു തരിച്ചുനിൽക്കാതെ കാലിൽ പന്തെത്തുമ്പോഴൊക്കെ അതിവേഗ നീക്കങ്ങളുമായി എതിർ വല കുലുക്കാനായിരുന്നു മൊറോക്കോ താരങ്ങളുടെ ശ്രമം.

മുന്നേറ്റവും മധ്യനിരയും ഒപ്പം പ്രതിരോധവും കാൽനീട്ടിപ്പിടിച്ചുനിന്നിട്ടും അവക്കിടയിലൂടെ മൊറോക്കോ നിരയുടെ ഗോൾ തേടിയുള്ള യാത്രകൾ പലപ്പോഴും നിർഭാഗ്യത്തിനാണ് വഴിമാറിയത്. നസീരിയും ഹകീമിയും സിയെഷുമടക്കം സൃഷ്ടിച്ച അവസരങ്ങൾക്കു മുന്നിൽ പോർച്ചുഗൽ പ്രതിരോധത്തിന് മുട്ടുവിറച്ചു. അവസാന മിനിറ്റുകളിൽ ഇരച്ചുകയറിയ എതിരാളികൾ ഗോൾനേടി ഒപ്പം പിടിക്കാൻ കൊണ്ടുപിടിച്ചു ശ്രമിച്ചെങ്കിലും എല്ലാം തടഞ്ഞുനിർത്തിയായിരുന്നു ആദ്യ ആഫ്രിക്കൻ രാജ്യമായി ടീമിന്റെ സെമിപ്രവേശം.

അവസാന വിസിൽ മുഴങ്ങിയതോടെ മൈതാനം വലവെച്ചുനടന്ന മൊറോക്കോ താരങ്ങളെ അനുമോദിച്ചും അവർക്കുവേണ്ടി കൈയടിച്ചും ഗാലറിയിൽ ഏറെ പേർ പിന്നെയും കുറെനേരം ഇരുന്നു. കുടുംബങ്ങളെ ചേർത്തുപിടിച്ച് മൊറോക്കോ താരങ്ങൾ കടപ്പാടുകളുടെ കഥ പങ്കുവെച്ചു.

എന്നാൽ, മൈതാന​ത്തുള്ളതിനെക്കാൾ വലുതായിരുന്നു ഇങ്ങ് കസാബ്ലാങ്കയിലും മറ്റിടങ്ങളിലും ഈ സമയത്തെ ആഘോഷങ്ങൾ. ആഫ്രിക്ക മൊത്തമായി രംഗത്തിറങ്ങിയ ദിനം. അവശേഷിച്ച ഏക അറബ് രാജ്യമെന്ന നിലക്ക് അറബികളും മൊറോക്കോ വിജയം കെ​ങ്കേമമാക്കി.

ഏവർക്കും പ്രിയപ്പെട്ട ടീമായി ഞങ്ങൾ മാറുകയാണെന്നായിരുന്നു വിജയത്തെ കുറിച്ച് മത്സരശേഷം മൊറോക്കോ പരിശീലകൻ വലീദ് റഗ്റാഗുയിയുടെ ​​പ്രതികരണം. ഏതറ്റം വരെ​​ പോകാനാകുമെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന ടീമാണിതെന്നും അദ്ദേഹം പറയുന്നു.

'മനസ്സും വിശ്വാസവും ഒപ്പം ഹൃദയവും നൽകാനായാൽ വിജയം നിങ്ങൾക്കൊപ്പമാകും. നമ്മുടെ കുട്ടികൾ അതാണ് തെളിയിച്ചത്. അത് അദ്ഭുതം നടന്നതല്ല. അങ്ങനെയാകും യൂറോപിലുള്ളവർക്ക് പറയാനുണ്ടാകുക. എന്നാൽ, പോർച്ചുഗൽ, സ്‍പെയിൻ, ബെൽജിയം ടീമുകളെ മറിച്ചിട്ടവരാണ് ഞങ്ങൾ. ക്രൊയേഷ്യയെ ഒരു ഗോൾ പോലും വഴങ്ങാതെ സമനിലയിൽ പിടിച്ചവർ. കഠിനാധ്വാനത്തിന്റെ തുടർച്ചയാണിത്''- കോച്ചിന്റെ ആത്മവിശ്വാസം പകരുന്ന വാക്കുകൾ.

''ആഫ്രിക്കൻ, അറബ് ടീമുകൾ മികച്ച കളി കെട്ടഴിച്ചവരാണ്. എന്നാൽ, ജനങ്ങൾക്ക് ഇത്രമേൽ അഭിമാനവും സന്തോഷവും നൽകിയത് ഞങ്ങളാണ്. വൻകര മൊത്തമായി അഭിമാനത്തിലാണ്. റോക്കി ബൽബോവയെ കണ്ടുകൊണ്ടിരിക്കുമ്പോൾ പിന്തുണ നൽകണം. ഞങ്ങളാണിപ്പോൾ ലോകത്തിന്റെ റോക്കികൾ''- വലീഗ് റഗ്റാഗൂയി തുടരുന്നു.

കാമറൂൺ (1990), സെനഗാൾ (2002), ഘാന (2010) ടീമുകൾ മുമ്പ് ലോകകപ്പ് ക്വാർട്ടറിലെത്തിയവരാണ്. അതിനപ്പുറത്തേക്ക് മുന്നേറാനാകാത്തവർ. എന്നാൽ, തുമാമ മൈതാനത്തെ ആവേശപ്പോരിൽ ആ കടമ്പയും മൊറോക്കോ കടന്നു. കറുത്ത വൻകരയെ ആഹ്ലാദത്തിലാഴ്ത്തിയ വൻവിജയം പൂർത്തിയാകുമ്പോൾ കോച്ചിനെ ആകാശത്തേക്കുയർത്തിയായിരുന്നു താരങ്ങളുടെ ആദ്യ ആഘോഷം. അത്രക്ക് കഠിനമായ ശ്രമങ്ങൾക്കൊടുവിലായിരുന്നു കോച്ച് ടീമിനെ സജ്ജമാക്കിയെടുത്തത്.

കളിക്കൊടുവിൽ താരങ്ങൾ ഓടിയെത്തി ഉമ്മമാരെ ആശ്ലേഷിച്ചതും പകരക്കാരനായിറങ്ങിയ അശ്റഫ് ദരി ഫലസ്തീൻ പതാക മേലിൽ ചുറ്റി മൈതാനത്തുനടന്നതും വേറിട്ട കാഴ്ചകളായി. മുൻ സതാംപ്ടൺ താരം സുഫ്യാൻ ബൂഫൽ മാതാവിനൊപ്പം മൈതാനത്ത് ഡാൻസ് ചെയ്യുന്നതിനും ലോകം സാക്ഷിയായി.

ഇനിയും അപകർഷ മനസ്സ് തങ്ങളെ വേട്ടയാടാനുള്ളതല്ലെന്ന പ്രഖ്യാപനവും ഇതിനിടെ മൊറോക്കോ നടത്തി. ലോകത്ത് ഏതു കൊമ്പന്മാരെയും നേരിടാൻ സജ്ജരാണ് ടീമെന്നും സെമിയും കടന്ന് അത് കിരീടം വരെ​ എത്തിയേക്കുമെന്നും പറയുന്നു, കഴിഞ്ഞ കളിയിലെ മാൻ ഓഫ് ദി മാച്ച് യാസിൻ ബോനോ.

ശരിക്കും ഫുട്ബാളിലേറെ വലിയ ആഘോഷമാണ് ആഫ്രിക്കക്കിത്. കാൽപന്തിന്റെ ആവേശം ഓരോ നാളും 90 മിനിറ്റിൽ ഒന്നാംഘട്ടം കടക്കുമെങ്കിൽ ഈ ജയം ഒരു തുടക്കം മാത്രമാകണമെന്ന് വൻകര ആഗ്രഹിക്കുന്നു.

പോർച്ചുഗലിനെതിരെ ഇറങ്ങുമ്പോൾ പ്രതിരോധത്തിലെ കരുത്തരായ നായിഫ് അഗ്വാർഡും നുസൈർ മസ്റൂഇയും പരിക്കേറ്റ് പുറത്തായിരുന്നു. ക്യാപ്റ്റൻ റുമൈൻ സാഇസിനെ കളിക്കിടെ സ്ട്രച്ചറിൽ കിടത്തിയാണ് കൊണ്ടുപോയത്. അതോടെ പൊ​ട്ടിപ്പോകേണ്ടതായിരുന്നു ടീം. എന്നാൽ, ഒന്നും സംഭവിച്ചില്ലെന്നു മാത്രമല്ല മുൻനിരയിൽ പലരെയും പിന്നെയും കോച്ച് പിൻവലിച്ചു.

റഗ്റാഗൂയിക്കു കീഴിൽ എട്ടുകളികളിൽ തോൽവി അറിയാതെ കുതിക്കുന്ന ഈ പടക്കുമുന്നിൽ അടുത്ത എതിരാളികൾ ഫ്രാൻസാണ്. കിലിയൻ എംബാപ്പെ, ഒലിവർ ജിറൂദ്, അന്റോയിൻ ഗ്രീസ്മാൻ തുടങ്ങിയ ഓരോ പൊസിഷനിലും അതികരുത്തർ മാത്രം അണിനിരക്കുന്ന നിരയാണെങ്കിലും ഒന്നും സംഭവിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് മൊറോക്കോ.

ടീമിന്റെ വിജയം ആഫ്രിക്കക്കു കൂടി അനുഭവിക്കാനുള്ളതാണെന്ന പ്രതികരണവുമായി ഷാകിറ ഉൾപ്പെടെ സെലിബ്രിറ്റികളും രംഗത്തെത്തിക്കഴിഞ്ഞു. സാമുവൽ എ​റ്റൂ അടക്കം മറ്റു രാജ്യങ്ങളിൽനിന്നുള്ള പഴയകാല താരങ്ങളും ആശീർവദിച്ചും അനുമോദിച്ചും എത്തി.


Tags:    
News Summary - World Cup 2022: Morocco are 'Rocky' of tournament after beating Portugal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.