ലാ ലിഗ ക്ലബ് സെവ്വിയയുടെ മുൻ ക്രൊയേഷ്യൻ താരം സൗദി ക്ലബ് അൽ ഷബാബുമായി കരാറൊപ്പിട്ടു. സ്പാനിഷ് ക്ലബ് അധികൃതർ തന്നെയാണ് മധ്യനിര താരത്തിന്‍റെ കൂടുമാറ്റം വെളിപ്പെടുത്തിയത്.
ഇവാൻ റാക്കിടിച്ചിനെ കൈമാറുന്നതുമായി ബന്ധപ്പെട്ട് സൗദി പ്രോ ലീഗിലെ അൽ ഷബാബ് ക്ലബുമായി കരാറിലെത്തിയെന്നും താരത്തിന്‍റെ ക്ലബിലേക്കുള്ള രണ്ടാം വരവിന് ഇതോടെ അവസാനമായെന്നും സെവ്വിയ ക്ലബ് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. ബുണ്ടസ് ലീഗ് ക്ലബ് ഷാൽക്കെയിൽനിന്ന് 2011 സീസണിലാണ് താരം ആദ്യമായി സെവ്വിയയിലെത്തുന്നത്. 2014 വരെ ക്ലബിൽ തുടർന്നു. പിന്നാലെ ബാഴ്സലോണയിലേക്ക് ചേക്കേറിയ താരം ആറു വർഷത്തിനുശേഷം 2020ലാണ് വീണ്ടും സെവ്വിയയിലെത്തുന്നത്.
കഴിഞ്ഞവർഷം ക്ലബിനെ റെക്കോഡ് ഏഴാം തവണയും യൂറോപ്പ ലീഗ് ചാമ്പ്യന്മാരാക്കുന്നതിൽ താരം നിർണായക പങ്കുവഹിച്ചിരുന്നു. 2013-14 സീസണിലും സെവ്വിയ യൂറോപ്പ ലീഗ് കിരീടം നേടുമ്പോൾ താരം ക്ലബിനൊപ്പമുണ്ടായിരുന്നു. സെവ്വിയയുടെ ചരിത്രത്തിൽ ക്ലബിനായി ഏറ്റവും കൂടുതൽ മത്സരം കളിച്ച വിദേശതാരം കൂടിയാണ് റാക്കിടിച്ച്. 323 മത്സരങ്ങൾ. 2014-15 സീസണിൽ ബാഴ്സക്കൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടവും പിന്നാലെ സൂപ്പർ കപ്പ്, ക്ലബ് ലോക കപ്പ് കിരീടങ്ങളും സ്വന്തമാക്കി. നാലു തവണ ലാ ലിഗ കിരീടം നേടിയിട്ടുണ്ട്.
2007-2019 കാലയളവിൽ ക്രൊയേഷ്യക്കായി നൂറിലധികം മത്സരങ്ങൾ കളിച്ചു. 2028 ഫിഫ ലോകകപ്പിൽ ടീമിനെ ഫൈനലിലെത്തിക്കുന്നതിലും താരം നിർണായക പങ്കുവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.