യുവേഫ ചാമ്പ്യൻസ് ലീഗിൽ ജർമൻ കരുത്തരായ ബയേൺ മ്യൂണിക്കിനെ തരിപ്പണമാക്കി ബാഴ്സലോണ. ബ്രസീൽ താരം റാഫിഞ്ഞ ഹാട്രിക് ഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ബാഴ്സയുടെ തകർപ്പൻ ജയം.
ആദ്യ മിനിറ്റിൽ തന്നെ റാഫിഞ്ഞ എതിരാളികളുടെ വലകുലുക്കി ഗോൾ വേട്ടക്ക് തുടക്കമിട്ടു. 45, 56 മിനിറ്റുകളിലായിരുന്നു മറ്റു രണ്ടു ഗോളുകൾ. 36ാം മിനിറ്റിൽ പോളിഷ് താരം റോബർട്ട് ലെവൻഡോവ്‌സ്‌കിയും ബാഴ്സക്കായി ഗോൾ നേടി. ബയേണിനായി 18ാം മിനിറ്റിൽ ഇംഗ്ലീഷ് താരം ഹാരി കെയ്ന് ആശ്വാസ ഗോൾ മടക്കി. സീസണിൽ ക്ലബിനായി റാഫിഞ്ഞയുടെ രണ്ടാം ഹാട്രിക്കാണിത്. ആഗസ്റ്റിൽ റയൽ വല്ലാഡോളിഡിനെതിരെയും താരം ഹാട്രിക് നേടിയിരുന്നു. കളി തുടങ്ങി 54ാം സെക്കൻഡിൽ തന്നെ വലയിൽ പന്തെത്തിച്ച് റാഫിഞ്ഞ ബയേണിനെ ഞെട്ടിച്ചു.
ഫെർമിൻ ലോപ്പസ് നൽകിയ ത്രൂ ബാൾ സ്വീകരിച്ച് മുന്നിലേക്ക് കുതിച്ച താരം ഗോൾകീപ്പർ മാനുവൽ ന്യൂയറിനെയും കീഴ്പ്പെടുത്തി പന്ത് വലയിലാക്കി. ചാമ്പ്യൻസ് ലീഗിൽ സീസണിലെ ഏറ്റവും വേഗതയേറിയ ഗോളാണിത്. ഇതിനിടെ ഹാരി കെയ്ൻ മികച്ചൊരു ഹെഡ്ഡറിലൂടെ സമനില പിടിച്ചെന്ന് തോന്നിപ്പിച്ചെങ്കിലും ഓഫ്സൈഡ് ട്രാപ്പിൽ കുരുങ്ങി. അതിന്‍റെ നിരാശ താരം തന്നെ വൈകാതെ തീർത്തു. സെർജി നാബ്രിയുടെ അസിസ്റ്റിൽ മികച്ച വോളിയിലൂടെ കെയ്ൻ ലക്ഷ്യം കണ്ടു. 36ാം മിനിറ്റിൽ ലെവൻഡോവ്‌സ്‌കിയിലൂടെ ബാഴ്സ ലീഡെടുത്തു. ഇത്തവണയും ഗോളിന് വഴിയൊരുക്കിയത് ലോപ്പസ് തന്നെ.
ഇടവേളക്ക് പിരിയാനിരിക്കെ റാഫിഞ്ഞ ടീമിന്‍റെ ലീഡ് ഉയർത്തി. വലതുവശത്ത് നിന്ന് അകത്തേക്ക് പന്തുമായി ഓടിക്കയറിയ താരത്തിന്‍റെ മനോഹരമായ ഷോട്ട് ഫാർ കോണിലേക്ക് പറന്നിറങ്ങി. പ്രതിരോധത്തിലെ പിഴവാണ് മത്സരത്തിൽ ബയേണിന് തിരിച്ചടിയായത്. ഇടവേളക്കുശേഷം റാഫിഞ്ഞ മൂന്നാം ഗോളും നേടി ബയേണിന്‍റെ നെഞ്ചത്ത് അവസാന ആണിയും അടിച്ചു. കൗമാര താരം ലാമിൻ യമാലിന്‍റെ മികച്ച അസിസ്റ്റാണ് ഒരു ക്ലിനിക്കൽ ഫിനിഷിങ്ങിലൂടെ താരം വലയിലാക്കിയത്.
ചാമ്പ്യൻസ് ലീഗിൽ വിൻസെന്‍റ് കൊംപാനിയുടെയും സംഘത്തിന്‍റെയും തുടർച്ചയായ രണ്ടാം തോൽവിയാണിത്. പോയന്‍റ് പട്ടികയിൽ നിലവിൽ 23ാം സ്ഥാനത്താണ്. 2015നുശേഷം ബാഴ്സയോട് ആദ്യമാണ് ടീം തോൽവിയറിയുന്നത്. സമ്മറിൽ വിങ്ങർ റാഫിഞ്ഞയെ ബാഴ്സ വിൽക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇതിനിടെയാണ് താരത്തിന്‍റെ ഹാട്രിക് പ്രകടനം. സീസണിൽ ബാഴ്സക്കായി 13 മത്സരങ്ങളിൽനിന്ന് ഒമ്പത് തവണയാണ് താരം വലകുലുക്കിയത്. ബാഴ്‌സലോണയുടെ അടുത്ത മത്സരം റെഡ് സ്റ്റാർ ബെൽഗ്രേഡിനെതിരെയാണ്. ബയേൺ ബെൻഫിക്കയെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.