ഇതാ ചാമ്പ്യന്മാർ തിരിച്ചുവന്നിരിക്കുന്നു! അറ്റ്ലാന്‍റയെ വീഴ്ത്തി റയൽ; എംബാപ്പെക്ക് ചാമ്പ്യൻസ് ലീഗിൽ അമ്പതാം ഗോൾ

ബെർഗാമോ: യുവേഫ ചാമ്പ്യൻസ് ലീഗിൽ നിർണായക മത്സരം ജയിച്ചുകയറി ചാമ്പ്യന്മാരായ റയൽ മഡ്രിഡ്. തുടർച്ചയായ രണ്ടു തോൽവികളുമായി നോക്കൗട്ട് റൗണ്ട് സാധ്യത ഭീഷണിയിലായ സ്പാനിഷ് ക്ലബ് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് അറ്റ്ലാന്റയെ വീഴ്ത്തിയത്.

റയലിനായി സൂപ്പർതാരങ്ങളായ കിലിയൻ എംബാപ്പെ, വിനീഷ്യസ് ജൂനിയർ, ജൂഡ് ബെല്ലിങ്ഹാം എന്നിവർ വലകുലുക്കി. ചാൾസ് ഡി കെറ്റെലറെ, അഡെമോളെ ലുക്ക്മാൻ എന്നിവരാണ് ഇറ്റലി ക്ലബിന്‍റെ ഗോൾ സ്കോറർമാർ. മത്സരത്തിൽ 10ാം മിനിറ്റിൽ ബ്രാഹിം ഡിയാസിന്റെ പാസിൽനിന്ന് ഫ്രഞ്ച് സ്ട്രൈക്കർ എംബാപ്പെ റയലിനെ മുന്നിലെത്തിച്ചു. ചാമ്പ്യൻസ് ലീഗിൽ താരത്തിന്‍റെ 50ാം ഗോളാണിത്. സീസണിൽ റയലിനായി താരത്തിന്‍റെ 12ാം ഗോളും. ഇതിനിടെ താരത്തിന് പരിക്കേറ്റ് കളം വിടേണ്ടി വന്നത് റയലിന് തിരിച്ചടിയായി. 36ാം മിനിറ്റിൽ പകരക്കാരനായി ബ്രസീൽ താരം റോഡ്രിഗോ ഗ്രൗണ്ടിലെത്തി.

ആദ്യ പകുതിയിലെ ഇൻജുറി ടൈമിൽ (45+2) ചാൾസ് ഡി കെറ്റെലറെയിലൂടെ അറ്റ്ലാന്റ സമനില പിടിച്ചു. ബോക്സിനുള്ളിൽ സീഡ് കൊലാസിനാക്കിനെ ഫൗൾ ചെയ്തതിനാണ് അറ്റ്ലാന്‍റക്ക് അനുകൂലമായി സ്പോട്ട് കിക്ക് വിധിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ കൂടുതൽ ഉണർന്ന് കളിച്ച റയൽ പരിക്ക് ഭേദമായി തിരിച്ചെത്തിയ ബ്രസീൽ വിങ്ങർ വിനീഷ്യസ് ജൂനിയറിലൂടെ വീണ്ടും മുന്നിലെത്തി. 56ാം മിനിറ്റിലായിരുന്നു ഗോൾ. മൂന്ന് മിനിറ്റിനുള്ളിൽ വിനീഷ്യസിന്‍റെ അസിസ്റ്റിൽനിന്ന് ബെല്ലിങ്ഹാം ടീമിന്‍റെ മൂന്നാം ഗോളും നേടി. 65ാം മിനിറ്റിൽ ലുക്ക്മാൻ അറ്റ്ലാന്‍റയുടെ തോൽവി ഭാരം കുറച്ചു.

എംബാപ്പെ 79 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽനിന്നാണ് 50ാം ഗോൾ നേട്ടത്തിലെത്തിയത്. ചാമ്പ്യൻസ് ലീഗിന്‍റെ ചരിത്രത്തിൽ ഗോളുകളിൽ ഫിഫ്റ്റിയടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് (25 വയസ്സും 356 ദിവസവും). അർജന്‍റൈൻ ഇതിഹാസം ലയണൽ മെസ്സിയാണ് ഒന്നാമത് (24 വയസ്സും 284 ദിവസവും). പി.എസ്.ജിയിൽനിന്ന് സീസണിൽ ക്ലബിലെത്തിച്ച എംബാപ്പെ ഫോമിലേക്ക് ഉയരുന്നതിനിടെയാണ് താരത്തിന് പരിക്കേൽക്കുന്നത്. പരിക്ക് ഗുരുതരമല്ലെന്നാണ് ക്ലബ് അധികൃതർ നൽകുന്ന സൂചന.

ഡാനി കാർവഹാൽ, എഡർ മിലിറ്റാവോ, കമവിംഗ എന്നിവരെല്ലാം പരിക്കേറ്റ് ടീമിന് പുറത്താണ്. ആറ് മത്സരങ്ങളിൽനിന്ന് മൂന്ന് ജയവും മൂന്ന് തോൽവിയുമായി ഒമ്പത് പോയന്‍റുള്ള റയൽ 18ാം സ്ഥാനത്താണ്. ആറ് മത്സരങ്ങളിൽനിന്ന് മൂന്ന് ജയവും രണ്ട് സമനിലയും ഒരു തോൽവിയുമായി 11 പോയന്റുള്ള അറ്റ്ലാന്റ ഒമ്പതാം സ്ഥാനത്തും. ആദ്യ എട്ട് സ്ഥാനക്കാർ നേരിട്ട് നോക്കൗട്ടിലേക്ക് യോഗ്യത നേടും. ബാക്കിയുള്ള എട്ടു ടീമുകൾ പ്ലേ ഓപ് കളിച്ചുവേണം അവസാന പതിനാറിലെത്താൻ.

Tags:    
News Summary - Real Madrid secured a much-needed win against Atalanta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.