ദോഹ: ലുസൈലിലെ മുറ്റത്ത് രണ്ടു വർഷം മുമ്പ് വീണ കണ്ണീരിന് കടം വീട്ടലെന്നപോലെ കിലിയൻ എംബാപ്പെക്ക് കിരീടമുത്തം. ലോകകപ്പ് ഫൈനലിൽ അർജൻറീനക്ക് മുന്നിൽ കിരീടം നഷ്ടമായ അതേ ലുസൈൽ സ്റ്റേഡിയത്തിൽ റയൽമഡ്രിഡ് ജഴ്സിയിൽ ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പിലൂടെയായിരുന്നു ഫ്രഞ്ച് സൂപ്പർതാരത്തിൻെറ മധുരപ്രതികാരം. കലാശപ്പോരാട്ടത്തിൽ മെക്സികൻ ക്ലബ് പചൂകയെ മറുപടിയില്ലാത്ത മൂന്ന് ഗോളിനായിരുന്നു റയൽ വീഴ്ത്തിയത്.
കളിയുടെ 38ാം മിനിറ്റിൽ എംബാപ്പെ ഗോളിലൂടെയായിരുന്നു റയലിൻെറ തുടക്കം. രണ്ടാം പകുതിയിലെ 53ാം മിനിറ്റിൽ റോഡ്രിഗോയും 84ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ വിനീഷ്യസ് ജൂനിയറും സ്കോർ ചെയ്തപ്പോൾ പട്ടിക പൂർത്തിയായി.
ലോകഫുട്ബളർ പുരസ്കാര നേട്ടത്തിൻെറ ചൂടാറും മുേമ്പ കളത്തിലിറങ്ങിയ വിനീഷ്യസ് ഗോളടിച്ചും അവസരമൊരുക്കിയും തൻെറ ‘ബെസ്റ്റ്’ ഡേ ആഘോഷമാക്കി. മികച്ച കോച്ചിൻെറ പുരസ്കാരം ഏറ്റുവാങ്ങിയ റയൽ പരിശീലകൻ കാർലോ ആഞ്ചലോട്ടിക്കും ഇത് നേട്ടമായി. ‘ഫിഫ ബെസ്റ്റിനു’ പിന്നാലെ റയലിനു വേണ്ടി ഏറ്റവും കുടുതൽ കിരീടമെന്ന റെക്കോഡുമായാണ് ആഞ്ചലോട്ടി ഖത്തറിൽ നിന്നും മടങ്ങുന്നത്.
സൂപ്പർതാരങ്ങളടങ്ങിയ ഫസ്റ്റ് ഇലവനുമായി കളത്തിലിറങ്ങിയ റയലിനെ ആദ്യമിനിറ്റുകളിൽ പ്രതിരോധകോട്ടയിൽ കുരുക്കാൻ പചുകക്ക് കഴിഞ്ഞെങ്കിലും ലോകഫുട്ബാൾ വാഴുന്നവരുടെ കാലുകളെ അധികനേരം പിടിച്ചുകെട്ടാനായില്ല.
കളിയുടെ 38ാം മിനിറ്റിൽ വിനീഷ്യസും എംബാപ്പെയും നടത്തിയ മുന്നേറ്റത്തിനൊടുവിലായിരുന്നു ആദ്യഗോൾ. വിങ്ങിൽ നിന്നും പചൂക പ്രതിരോധത്തെ പൊളിച്ചു നൽകിയ പാസ് ഫസ്റ്റ് ടച്ചിൽ എംബാപ്പെ വലയിലാക്കി.
രണ്ടാം പകുതിയിൽ കളി തുടങ്ങി ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ റയലിൻെറ രണ്ടാം ഗോളും പിറന്നു. ബോക്സിന് പുറത്തു നിന്നും എംബാപ്പെ നൽകിയ ക്രോസിനെ ലോങ് റേഞ്ച് ഷോട്ടിലൂടെ വലയിലാക്കിയാണ് റോഡ്രിഗോ ഗോൾ നേടിയത്. പചൂക ഗോളിയുടെ നെടുനീളൻ ഡൈവും കടന്ന് പന്ത് വലയിൽ.
ഓഫ്സൈഡ് പരിശോധനയും പാസായതോടെ ഗോൾ റോഡ്രിഗോയുടെ അക്കൗണ്ടിൽ വരവു ചേർന്നു. വാസ്ക്വസിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി വിനീഷ്യസും വലയിലാക്കിയതോടെ കളി പൂർത്തിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.