റിയാദ്: കാൽപന്തുകളിയിലെ റെക്കോഡുകൾ ഓരോന്നും സ്വന്തം പേരിൽ എഴുതിച്ചേർക്കുകയാണ് പോർച്ചുഗീസ് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ലാലിഗയിലും പ്രീമിയർ ലീഗിലും സീരി എയിലുമെല്ലാം കണ്ട ഗോളടിമികവ് 39ാം വയസ്സിൽ സൗദി പ്രോ ലീഗിലും തുടർന്നതോടെ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയതിനുള്ള റെക്കോഡാണ് അവസാനമായി തേടിയെത്തിയിരിക്കുന്നത്.
ലീഗിലെ അവസാന മത്സരത്തിൽ അൽ ഇത്തിഹാദിനെ 4-2ന് വീഴ്ത്തിയ മത്സരത്തിൽ അൽ നസ്റിനായി ഇരട്ടഗോളടിച്ചാണ് അബ്ദുറസാഖ് ഹംദല്ലയുടെ പേരിലുള്ള റെക്കോഡ് സ്വന്തം പേരിലേക്ക് മാറ്റിയത്. 2019 സീസണിൽ അൽ നസ്റിനായി 34 ഗോളടിച്ച ഹംദല്ലയെ മറികടന്ന ക്രിസ്റ്റ്യാനോയുടെ പേരിൽ 35 ഗോളായി. നാല് വ്യത്യസ്ത ലീഗുകളിൽ ടോപ് സ്കോററാവുന്ന ആദ്യ ഫുട്ബാളറെന്ന നേട്ടവും താരം സ്വന്തമാക്കി. മൂന്നുതവണ സ്പാനിഷ് ലാലിഗയിൽ ഗോൾഡൻ ബൂട്ട് നേടിയ ക്രിസ്റ്റ്യാനോ പ്രീമിയർ ലീഗിൽ ഒരുതവണയും ഇറ്റാലിയൻ സീരി എയിൽ ഒരു തവണയും ടോപ് സ്കോററായിരുന്നു. ‘ഞാൻ റെക്കോർഡുകളെ പിന്തുടരുന്നില്ല, റെക്കോർഡുകൾ എന്നെ പിന്തുടരുകയാണ്’ എന്നായിരുന്നു നേട്ടത്തിന് പിന്നാലെ റൊണാൾഡോ സമൂഹ മാധ്യമത്തിൽ കുറിച്ചത്.
അൽ ഇത്തിഹാദിനെതിരായ മത്സരത്തിൽ പത്താം മിനിറ്റിലും 44ാം മിനിറ്റിലും റൊണാൾഡോ എതിർ വലയിൽ പന്തെത്തിച്ചെങ്കിലും രണ്ടും ഓഫ്സൈഡ് കെണിയിൽ കുടുങ്ങി. എന്നാൽ, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ താരം അൽ നസ്റിനായി അക്കൗണ്ട് തുറന്നു. മുഹമ്മദ് അൽ ഫാത്തിലിന്റെ പാസ് നെഞ്ചിലിറക്കി പോസ്റ്റിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. 66ാം മിനിറ്റിൽ ഗോളിലേക്ക് കുതിച്ച റൊണാൾഡോയെ പിറകിൽനിന്ന് വീഴ്ത്തിയ അൽ ഇത്തിഹാദ് താരം സൽമീൻ അൽ മൻഹാലി ചുവപ്പ് കാർഡ് വാങ്ങി പുറത്തായതോടെ പത്തുപേരിലേക്ക് ചുരുങ്ങി. പിന്നാലെ പോർച്ചുഗീസുകാരന്റെ രണ്ടാാം ഗോളുമെത്തി. മാഴ്സലോ ബ്രൊസോവിച് എടുത്ത കോർണർ കിക്ക് ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. അഞ്ച് മിനിറ്റിനകം റൊണാൾഡോയെ തിരിച്ചുവിളിച്ചതിന് പിന്നാലെ അൽ നസ്റിനെ തേടി പെനാൽറ്റിയെത്തി. ഹാട്രിക് നേടാനുള്ള അവസരമാണ് സബ്സ്റ്റിറ്റ്യൂഷൻ കാരണം താരത്തിന് നഷ്ടമായത്. കിക്കെടുത്ത അബ്ദുൽ റഹ്മാൻ ഗരീബ് പിഴവില്ലാതെ ലക്ഷ്യത്തിലെത്തിച്ചതോടെ ലീഡ് മൂന്നായി ഉയർന്നു.
എന്നാൽ, നിശ്ചിത സമയം അവസാനിക്കാൻ രണ്ട് മിനിറ്റ് ശേഷിക്കെ അൽ ഷംറാനിയിലൂടെ ഇത്തിഹാദ് ഒരു ഗോൾ തിരിച്ചടിച്ചു. നാല് മിനിറ്റിനകം ലഭിച്ച പെനാൽറ്റി ഗോൾകീപ്പർ തടഞ്ഞതിനെ തുടർന്ന് റീബൗണ്ടിൽ ഫാബിഞ്ഞോ രണ്ടാം ഗോളും നേടി. എന്നാൽ, ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ മെഷാരി അൽ നെമർ തകർപ്പൻ ഹെഡറിലൂടെ അൽ നസ്റിനായി നാലാം ഗോളും നേടിയതോടെ വിജയം പൂർത്തിയായി. ലീഗിൽ ജേതാക്കളായ അൽ ഹിലാലിന് 14 പോയന്റ് പിറകിൽ രണ്ടാം സ്ഥാനത്താണ് അൽ നസ്ർ ഫിനിഷ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.