ആ പ്ലെയറാണ് എന്നെ കോരിത്തരിപ്പിച്ചത്, ഞാനയാളുടെ ആരാധകന്‍! -ഫുട്‌ബാള്‍ മാന്ത്രികന്‍ റൊണാള്‍ഡീഞ്ഞോ വെളിപ്പെടുത്തുന്നു

മെസ്സിയാണോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണോ ഏറ്റവും മികച്ചത് എന്ന ചര്‍ച്ച നടക്കുന്ന സന്ദര്‍ഭമാണല്ലോ. ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ താന്‍ ഏറ്റവും ആരാധിക്കുന്ന ഫുട്‌ബാളര്‍ ആരെന്ന് വ്യക്തമാക്കിയപ്പോള്‍ മെസ്സിയും ക്രിസ്റ്റ്യാനോയും ഔട്ട്! ഫ്രാന്‍സ് ഇതിഹാസം സിനദിന്‍ സിദാനാണ് ഫുട്‌ബോള്‍ മാന്ത്രികനായ റൊണാള്‍ഡീഞ്ഞോയുടെ മനം കവര്‍ന്ന പ്ലെയര്‍.

പി.എസ്.ജിയുടെ പരിശീലകനായി സിദാന്‍ വരുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുമ്പോഴാണ് റോണോ തന്റെ ആരാധന വെളിപ്പെടുത്തിയത്. എന്നെ എന്നും പ്രചോദിപ്പിച്ച താരമാണ് സിദാന്‍, ഞാന്‍ താങ്കളുടെ വലിയ ആരാധകനാണ്, പി.എസ്.ജിയില്‍ താങ്കള്‍ വിജയം കൈവരിക്കട്ടെ എന്നാശംസിക്കുന്നു -റൊണാള്‍ഡീഞ്ഞോ പറഞ്ഞു.

പി.എസ്.ജി ക്ലബ്ബിന്റെ മുന്‍ താരമാണ് റൊണാള്‍ഡീഞ്ഞോ. രണ്ട് സീസണുകളിലായി 77 മത്സരങ്ങള്‍ കളിച്ച ബ്രസീല്‍ താരം 25 ഗോളുകളും നേടി. അതിന് ശേഷമാണ് ബാഴ്‌സലോണയിലേക്ക് റോണോ ചേക്കേറിയത്. സ്‌പെയ്‌നില്‍ ബാഴ്‌സയുടെ എതിര്‍ഭാഗത്ത് റയല്‍ മാഡ്രിഡിന്റെ നെടുനായകനായി നിന്നിരുന്നത് സിദാനാണ്. എല്‍ ക്ലാസികോയില്‍ റോണോ-സിദാന്‍ പോരാട്ടമായിരുന്നു മിഡ്ഫീല്‍ഡില്‍.


റയല്‍മാഡ്രിഡിന് തുടരെ മൂന്ന് ചാമ്പ്യന്‍സ് ലീഗ് ട്രോഫികള്‍ നേടിക്കൊടുത്ത് ചരിത്രം സൃഷ്ടിച്ച കോച്ചാണ് സിദാന്‍. അര്‍ജന്റൈന്‍ കോച്ച് മൗറിസിയോ പോചെറ്റീനോയെ പി.എസ്.ജി പുറത്താക്കുന്നതോടെ സിദാന്‍ സ്ഥാനം ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. കരാര്‍ ഏറെക്കുറെ ഉറപ്പായെന്ന സൂചനയാണ് റൊണാള്‍ഡീഞ്ഞോ സിദാന് നല്‍കിയ ആശംസ.

പി.എസ്.ജി ക്ലബ്ബ് അനുകൂലികള്‍ സ്ഥിരമായി കോച്ച് പോചെറ്റീനോയെ കൂകി വിളിച്ചത് മാനേജ്‌മെന്റിനെ സമ്മര്‍ദത്തിലാഴ്ത്തിയിട്ടുണ്ട്. മെസ്സിയും നെയ്മറും എംബാപെയും ഒരുമിച്ചിട്ടും ചാമ്പ്യന്‍സ് ലീഗ് നേടാന്‍ സാധിക്കാതെ പോയതാണ് ആരാധകരെ അരിശം കൊള്ളിച്ചത്. റയല്‍ മാഡ്രിഡിനൊപ്പം പ്ലെയറായും പരിശീലകനായും ചാമ്പ്യന്‍സ് ലീഗ് നേടിയ സിദാന്റെ വരവ് ആഗ്രഹിക്കുകയാണ് പി.എസ്.ജി.

Tags:    
News Summary - ronaldinho about his favorite player

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.