ലോകത്തെ മികച്ച യുവതാരങ്ങൾക്കായി സ്ട്രീറ്റ് ഫുട്ബാൾ ലീഗ് ആരംഭിക്കാനൊരുങ്ങി മുൻ ബ്രസീൽ ഇതിഹാസ താരം റൊണാൾഡിഞ്ഞോ. യുവതാരങ്ങൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദിയൊരുക്കുകയാണ് ലീഗിലൂടെ ലക്ഷ്യമിടുന്നത്.
ഇതിലൂടെ മികച്ച കളിക്കാരെ വളർത്തിയെടുക്കാനും ലോകത്തിന് പരിചയപ്പെടുത്താനും കഴിയുമെന്ന പ്രതീക്ഷയിലാണ് സൂപ്പർതാരം. റൊണാൾഡിഞ്ഞോ ഗ്ലോബൽ സ്ട്രീറ്റ് ലീഗ് എന്ന് പേരിട്ടിരിക്കുന്ന ടൂർണമെന്‍റ് ഈ വർഷം അവസാനത്തോടെ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. ആദ്യഘട്ടത്തിൽ സമൂഹമാധ്യമങ്ങളിലൂടെയാണ് യുവതാരങ്ങളെ തെരഞ്ഞെടുക്കുക.
താരങ്ങൾ അവരുടെ സ്കില്ലുകളും ചടുലമാർന്ന നീക്കങ്ങളും കാണിക്കുന്ന വിഡിയോകൾ അപ്ലോഡ് ചെയ്യണം. ഇതിൽനിന്ന് തെരഞ്ഞെടുക്കുന്ന മികച്ച കളിക്കാരാണ് ഫൈനൽ ടൂർണമെന്‍റിൽ വിവിധ ടീമുകൾക്കായി ഏറ്റുമുട്ടുക. ലോകത്തിലെ പ്രധാന നഗരങ്ങളിലായിരിക്കും മത്സരം. ‘ഇവിടെ വലിയ മൂല്യമുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു... ഭാവിയിലെ കളിക്കാരെ പിന്തുണക്കാൻ ജീവിതത്തിലൊരിക്കൽ മാത്രമുള്ള അവസരം’ -റൊണാൾഡിഞ്ഞോ പറഞ്ഞു.
ലീഗ് ആരംഭിക്കുന്ന സമയം, മത്സരങ്ങൾ നടക്കുന്ന സ്ഥലം എന്നിവയെ കുറിച്ചുള്ള വിവരങ്ങളൊന്നും സംഘാടകർ പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.