ബാഴ്‌സലോണയുടെ ഇതിഹാസമാണ് റൊണാള്‍ഡീഞ്ഞോ. റയല്‍ മാഡ്രിഡ് സിദാനും ഫിഗോയും ബെക്കാമും റൊണാള്‍ഡോയും കാര്‍ലോസും ഉള്‍പ്പെടുന്ന ഗലാറ്റിക്കോസിനെ മുന്നില്‍ വെച്ചപ്പോള്‍ ബാഴ്‌സ റൊണാള്‍ഡീഞ്ഞോ എന്ന മാന്ത്രികനെ വെച്ച് നേരിട്ടു. എല്‍ ക്ലാസികോയില്‍ കാറ്റലന്‍ ക്ലബിന്റെ ജീവശ്വാസമായിരുന്നു റൊണാള്‍ഡീഞ്ഞോ.
സാക്ഷാല്‍ മെസ്സി ബാഴ്‌സലോണക്കായി ആദ്യ ഗോളടിച്ചത് റൊണാള്‍ഡീഞ്ഞോ കോരിയിട്ട് കൊടുത്ത പാസിലാണ്. ബാഴ്‌സയെ മെസ്സിയെ ഏല്‍പ്പിച്ചാണ് ബ്രസീല്‍ സൂപ്പര്‍ താരം പടിയിറങ്ങിയത്. റോണോയും മെസ്സിയുമില്ലാത്ത ബാഴ്‌സക്ക് പഴയ പ്രതാപമില്ല. അത് വീണ്ടെടുക്കാന്‍ പരിശീലകന്‍ ചാവി ഹെര്‍നാണ്ടസിന്റെ നേതൃത്വത്തില്‍ റീബിൽഡ് നടക്കുന്നു. ഗോളടിക്കാന്‍ ഭാവനാ സമ്പന്നരായ പ്രതിഭകള്‍ ബാഴ്‌സലോണക്കില്ലെന്നത് വസ്തുതയാണ്. അത് മറികടക്കാന്‍, റൊണാള്‍ഡീഞ്ഞോ ഒരു ഒറ്റമൂലി നിര്‍ദേശിക്കുന്നു.
ലീഡ്‌സ് യുനൈറ്റഡിന്റെ മുന്നേറ്റ നിരക്കാരന്‍ റാഫീഞ്ഞയെ വാങ്ങുക. ഇരുപത്തഞ്ച് വയസുള്ള റാഫീഞ്ഞയെ ടീമിലെത്തിക്കാന്‍ ബാഴ്‌സലോണയും ചെല്‍സിയും ആഴ്‌സണലും രംഗത്തുള്ളതായി വാര്‍ത്തകളുണ്ടായിരുന്നു. ഡ്രിബ്ലിങ്ങിലും ഫിനിഷിങ്ങിലും റാഫീഞ്ഞക്കുള്ള മിടുക്ക് റൊണാള്‍ഡീഞ്ഞോയെ ആകര്‍ഷിച്ചിട്ടുണ്ട്. ചെല്‍സി ലീഡ്‌സ് സ്‌ട്രൈക്കര്‍ക്ക് വേണ്ടി 60 ദശലക്ഷം പൗണ്ട് ചെലവഴിക്കാന്‍ തയാറാണെന്ന് ട്രാന്‍സ്ഫര്‍ വിദഗ്ധന്‍ ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍, ചെല്‍സിയുമായുള്ള നീക്ക്‌പോക്കുകള്‍ വൈകിപ്പിക്കാനും ബാഴ്‌സലോണയുമായുള്ള ചര്‍ച്ചകളുടെ പുരോഗതി വിലയിരുത്താനും റാഫീഞ്ഞ തന്റെ ഏജന്റിന് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.
ലീഡ്‌സുമായി രണ്ട് വര്‍ഷ കരാര്‍ അവശേഷിക്കെയാണ് റാഫീഞ്ഞക്ക് ട്രാന്‍സ്ഫര്‍ മൂല്യം ഏറിയത്. ഇതിന് കാരണം, കഴിഞ്ഞ സീസണില്‍ ലീഡ്‌സിനെ പ്രീമിയര്‍ ലീഗില്‍ നിലനിര്‍ത്തുന്നതില്‍ റാഫീഞ്ഞയുടെ നിസ്തുലമായ പങ്കാണ്. 11 ഗോളുകളും മൂന്ന് അസിസ്റ്റുമാണ് 35 ലീഗ് മത്സരങ്ങളില്‍ നിന്ന് റാഫീഞ്ഞ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.