27ാമത് ഗൾഫ് കപ്പ് ഫുട്ബാളിന് സൗദി ആതിഥേയത്വം വഹിക്കും; 2026 സെപ്റ്റംബറിൽ റിയാദിൽ

റിയാദ്: 27ാമത് ഗൾഫ് കപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. കുവൈത്തിൽ വെള്ളിയാഴ്ച നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫെഡറേഷന്‍റെ ജനറൽ അസംബ്ലി യോഗത്തിൽ അംഗങ്ങളുടെ വോട്ടെടുപ്പിലൂടെയാണ് അറേബ്യൻ ഗൾഫ് കപ്പിന്‍റെ ആതിഥേയ രാജ്യത്തെ തീരുമാനിച്ചത്.

കൂടുതൽ വോട്ടുകൾ നേടിയ സൗദി അറേബ്യക്ക് ജനറൽ അസംബ്ലി അംഗീകാരം നൽകി. ടൂർണമെൻറ് 2026 സെപ്റ്റംബറിൽ നടക്കും. സൗദി ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്‍റ് യാസർ അൽ മിസ്ഹൽ, സെക്രട്ടറി ജനറൽ ഇബ്രാഹിം അൽ ഖാസിം, ബോർഡ് അംഗം മഇൗദ് അൽശഹ്രി എന്നിവർ യോഗത്തിൽ പങ്കെടുത്തു. കായിക മേഖലക്ക്, പ്രത്യേകിച്ച് ഫുട്ബാളിന് സൗദി ഭരണാധികാരികൾ നൽകുന്ന ഉദാരവും പരിധിയില്ലാത്തതുമായ പിന്തുണക്ക് സൗദി ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറ് യാസർ അൽ മിസ്ഹൽ നന്ദി പറഞ്ഞു.

ഭരണകൂടത്തിന്‍റെ പിന്തുണയാണ് 27-ാമത് അറേബ്യൻ ഗൾഫ് കപ്പിന് ആതിഥേയത്വം വഹിക്കാൻ രാജ്യത്തെ തെരഞ്ഞെടുക്കാനിടയാക്കിയത്. സൗദിയിൽ വിവിധ കായിക മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിന് എല്ലാ കഴിവുകളും പ്രയോജനപ്പെടുത്തുന്ന സൗദി സ്പോർട്സ് മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസലിന്‍റെ ശ്രമങ്ങളെ അൽമിസ്ഹൽ അഭിനന്ദിച്ചു.

ഗൾഫ് കപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിനുള്ള സൗദി അറേബ്യയുടെ ആതിഥേയത്വം സംബന്ധിച്ച് തീരുമാനിക്കാൻ കുവൈത്തിൽ ചേർന്ന അറേബ്യൻ ഗൾഫ് കപ്പ് ഫെഡറേഷൻ ജനറൽ അസംബ്ലി യോഗത്തിന് നേതൃത്വം നൽകിയവർ

രാജ്യം ആതിഥേയത്വം വഹിക്കാൻ പോകുന്ന ഗൾഫ് കപ്പിന്‍റെ പുതിയ പതിപ്പിന് ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള ആരാധകരെ സൗദിയുടെ മണ്ണിലേക്ക് സ്വാഗതം ചെയ്യുന്നതായി അൽമിസ്ഹൽ പറഞ്ഞു. ഗൾഫ് കപ്പിന് വഹിക്കുന്ന ആതിഥേയത്വം നിരവധി പ്രധാന കായിക ഇനങ്ങളുടെ വിജയകരമായ ആതിഥേയത്വത്തിന്‍റെ കാര്യത്തിൽ രാജ്യം നേടിയ വിജയങ്ങളുടെ തുടർച്ചയാണെന്നും അൽമിസ്ഹൽ സൂചിപ്പിച്ചു.

Tags:    
News Summary - Saudi Arabia will host the 27th Gulf Cup football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.