സൗദി പ്രോ ലീഗ്: അൽ ഹിലാലിന്റേത് അഞ്ചു വർഷത്തിനിടെ നാലാം കിരീടം

റിയാദ്: സൗദി പ്രോ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്റിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി കിരീടം നേടിയതോടെ അൽഹിലാലിന് സ്വന്തമായത് അഞ്ചുവർഷത്തിനിടെ നാലാം ചാമ്പ്യൻ പട്ടം. പോയന്റ് പട്ടികയിൽ ഏറ്റവും താഴെയുള്ള അൽ-ഹസമിനെ ഒന്നിനെതിരെ നാല് ഗോളിന് ​വീഴ്ത്തിയതോടെയാണ് ​മൂന്ന് മത്സരങ്ങൾ ശേഷിക്കെ അൽ ഹിലാൽ കിരീടമുറപ്പിച്ചത്. രണ്ടാമതുള്ള അൽ നസ്റിനേക്കാൾ 12 പോയന്റ് ലീഡാണ് അവർക്കുള്ളത്. അൽ ഹിലാലിന് 89ഉം അൽ നസ്റിന് 77ഉം പോയന്റാണുള്ളത്.

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ഒക്ടോബറിൽ പരിക്കേറ്റ് പുറത്തായിട്ടും അൽ ഹിലാലിന്റെ തേരോട്ടം തടുക്കാൻ എതിരാളികളുണ്ടായിരുന്നില്ല. ലീഗിൽ 31 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ഒന്നിൽ പോലും അവർ തോൽവിയറിഞ്ഞിട്ടില്ല. 29 ജയവും രണ്ട് സമനിലയുമാണ് സമ്പാദ്യം. സൗദി ലീഗിലടക്കം തുടർച്ചയായ 34 മത്സരങ്ങളിൽ ജയിച്ചുകയറി പുതിയ റെക്കോഡും അൽ ഹിലാൽ സ്വന്തമാക്കിയിരുന്നു.

അൽ ഹസമിനെതിരായ മത്സരത്തിൽ സൂപ്പർ താരം അലക്സാണ്ടർ മി​ത്രോവിച് പെനാൽറ്റിയിൽനിന്നടക്കം ഇരട്ടഗോൾ നേടിയപ്പോൾ അഹ്മദ് അൽ ജുവൈദ്, സെർഗേജ് മിലിൻകോവിച് എന്നിവരാണ് ശേഷിക്കുന്ന ഗോളുകൾ നേടിയത്. അൽ ഹസമിന്റെ ആശ്വാസ ഗോൾ ഫായിസ് സലേമാനിയുടെ ബൂട്ടിൽനിന്നായിരുന്നു. 

Tags:    
News Summary - Saudi Pro League: Al Hilal's fourth title in five years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.