ഗ്ലാസ്ഗോ: സ്വന്തം കാണികൾക്കുമുന്നിൽ ചെക് റിപ്പബ്ലികിനെതിരെ വിജയം ലക്ഷ്യമിട്ടിറങ്ങിയ സ്കോട്ടിഷ് പടയെ പാട്രിക് ഷിക്ക് ഒറ്റക്ക് ചെക്കുവെച്ചു. 42,52 മിനുറ്റുകളിൽ ഷിക്കിന്‍റെ മാന്ത്രികതയിൽ നിന്നും പ്രവഹിച്ച ഗോളുകൾക്ക് മറുപടിയില്ലാതെ സ്കോട്ട്ലൻഡ് പരാജയം സമ്മതിക്കുകയായിരുന്നു. 52ാം മിനുറ്റിൽ ഷിക്കിന്‍റെ കാലിൽ നിന്നും വിരിഞ്ഞ വിസ്മയ ഗോൾ യൂറോ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച ഗോളുകളുടെ പട്ടികയിലേക്കാണ് പറന്നിറങ്ങിയത്.
സ്കോട്ടിഷ് ഗോൾകീപ്പർ മാർഷലിന്‍റെ പൊസിഷനിങിലെ സ്ഥാനചലനം മനസ്സിലാക്കിയ ഷിക്ക് മൈതാനത്തിന്‍റെ മധ്യഭാഗത്ത് 49.7 വാര അകലെന്നിന്നും തൊടുത്ത ഉജ്ജ്വല കിക്ക് സ്കോട്ടിഷ് ഹൃദയം തുളഞ്ഞ് വലയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടം മണത്ത മാർഷൽ തടുക്കാനായി ശ്രമം നടത്തിയെങ്കിലും വിഫലമായി. 42ാം മിനുറ്റിൽ വ്ലാഡിമിർ കൗഫലിന്‍റെ ക്രോസിന് തലവെച്ചായിരുന്നു ഷിക്ക് ആദ്യ ഗോൾ തന്‍റെ പേരിലാക്കിയത്.
അവസരങ്ങൾ തുറക്കുന്നതിലും പന്ത് കൈവശം വെക്കുന്നതിലുമെല്ലാം മുന്നിട്ട് നിന്നെങ്കിലും ഗോളിലേക്ക് നിറയൊഴിക്കാൻ സ്കോട്ടുകൾക്കായില്ല. 19ഓളം ഷോട്ടുകളാണ് സ്കോട്ടിഷ് നിരയുടെ ബൂട്ടിൽ നിന്നും വിരിത്തത്. ഗോളെന്നുറപ്പിച്ച ഏതാനും അവസരങ്ങൾ ചെക് ഗോൾകീപ്പർ വാക്ലിക് തട്ടിയകറ്റിയതും സ്കോട്ട്ലൻഡിന് വിനയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.