ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ.എസ്.എൽ) കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി. ടീം പരിശീലകൻ ഇവാൻ വുക്കൊമനോവിച്ചിന് എ.ഐ.എഫ്.എഫ് വീണ്ടും വിലക്കേർപ്പെടുത്തി. റഫറിമാരെ വിമർശിച്ചതിന് ഒരു മത്സരത്തിൽനിന്ന് വിലക്കും 50,000 രൂപ പിഴയും ചുമത്തി.
ഐ.എസ്.എല്ലിൽ ചെന്നൈയിൻ എഫ്‍.സിക്കെതിരായ മത്സരശേഷമാണ് വുക്കൊമനോവിച്ച് റഫറിമാർക്കെതിരെ വിമർശനം ഉന്നയിച്ചത്. ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സ് ഇത്തവണ പിന്നോട്ടു പോയാൽ അതിന്റെ ഉത്തരവാദികൾ കളിക്കാരോ പരിശീലകനോ ആയിരിക്കില്ലെന്നും, റഫറിമാരുടെ തെറ്റായ തീരുമാനങ്ങളായിരിക്കുമെന്നുമാണ് വാർത്തസമ്മേളനത്തിൽ വുക്കൊമനോവിച്ച് പറഞ്ഞത്.
ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷന്റെ അച്ചടക്ക സമിതിയാണ് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചത്. ഈ മാസം 14ന് പഞ്ചാബ് എഫ്‍.സിക്കെതിരായ ബ്ലാസ്റ്റേഴ്സിന്റെ മത്സരം വുക്കൊമനോവിച്ചിന് നഷ്ടമാകും. മത്സര ദിവസം ടീമിനൊപ്പം ചേരാനുമാകില്ല. ബ്ലാസ്റ്റേഴ്സ്-ചെന്നൈ മത്സരത്തിൽ ഇരു ടീമുകളും മൂന്നു ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു.
റഫറി ഓഫ്സൈഡ് വിളിക്കാതിരുന്നതിനെതിരെയും ചെന്നൈയിൻ നേടിയ രണ്ടാം ഗോൾ അനുവദിച്ചതിനെതിരെയുമാണ് വുക്കൊമനോവിച്ച് വിമർശനം ഉന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.