മലപ്പുറം: ഫുട്ബാൾ മൈതാനവുമായി ബന്ധപ്പെട്ട പ്രസ്താവന വിവാദമായതിനിടെ കായികമന്ത്രി വി. അബ്ദുറഹിമാനും ഇന്ത്യൻ ഫുട്ബാൾ താരം ആഷിഖ് കുരുണിയനും കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച ഉച്ചക്ക് 1.50ഓടെ സി.പി.എം മലപ്പുറം ജില്ല കമ്മിറ്റി ഓഫിസിലാണ് കൂടിക്കാഴ്ച നടന്നത്. 20 മിനിറ്റോളം ഇരുവരും സംസാരിച്ചു. അർജന്റീനയെ കളിപ്പിക്കാൻ കോടികൾ ചെലവാക്കുന്നതിനുപകരം നാട്ടിലെ കായികതാരങ്ങൾക്ക് പരിശീലന മൈതാനങ്ങൾ ഒരുക്കണമെന്ന ആഷിഖിന്റെ പ്രസ്താവനയാണ് വിവാദമായിരുന്നത്.
നിലവിലുള്ള മൈതാനങ്ങൾ അറ്റകുറ്റപ്പണി നടത്തി പരിപാലിച്ച് ഉപയോഗപ്രദമാക്കാത്ത വിഷയം സംബന്ധിച്ചാണ് താൻ പ്രതികരിച്ചതെന്ന് കൂടിക്കാഴ്ചക്ക് ശേഷം ആശിഖ് പറഞ്ഞു. എന്നാൽ, രാഷ്ട്രീയപരമായിട്ടാണ് വിഷയത്തെ ആളുകൾ സമീപിച്ചത്. ഇതിന്റെ പേരിൽ വലിയ ചർച്ചകളും നടന്നു. വിഷയവുമായി ബന്ധപ്പെട്ട് താൻ പറഞ്ഞതിൽ രാഷ്ടീയമില്ലെന്നും ഇക്കാര്യത്തിൽ തെറ്റിദ്ധാരണ പരത്തരുതെന്നും ആഷിഖ് വ്യക്തമാക്കി.
ആഷിഖിന്റെ പ്രതികരണത്തിന് മറുപടിയുമായി കായികമന്ത്രിയും രംഗത്തുവന്നു. 2016നുശേഷം സംസ്ഥാനത്ത് കായിക മേഖലയുടെ ഉന്നമനത്തിനായി 2,000 കോടിയുടെ പദ്ധതികളാണ് ആവിഷ്കരിച്ചതെന്നും ഇക്കാര്യത്തിൽ വകുപ്പ് പിറകോട്ട് പോകില്ലെന്നും മന്ത്രി വിശദീകരിച്ചു. മൈതാനങ്ങളുടെ അറ്റകുറ്റപ്പണികളിലും പരിപാലനത്തിലും പരാതികളുണ്ടെങ്കിൽ വകുപ്പ് പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു. പരിശീലനത്തിന് കായിക താരങ്ങൾക്ക് ഏത് സമയവും മൈതാനവും അനുബന്ധ സൗകര്യങ്ങളും ഉപയോഗപ്പെടുത്താൻ വകുപ്പ് സൗകര്യം ഒരുക്കും. ഇക്കാര്യത്തിൽ ഒരു തർക്കവും വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മലപ്പുറം: അർജന്റീനൻ ടീമിനെ കേരളത്തിലെത്തിക്കാനുള്ള ശ്രമം തുടരുമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ. ഇന്ത്യൻ ഫുട്ബാൾ താരം ആഷിഖ് കുരുണിയനുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം മലപ്പുറത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തിൽ തീരുമാനം മാറ്റിയിട്ടില്ല. അർജന്റീന, ബ്രസീൽ പോലുള്ള ലോകോത്തര ടീമുകൾ ഇന്ത്യയിലേക്ക് വരാൻ താൽപര്യം കാണിക്കുന്നതുതന്നെ വലിയ കാര്യമാണ്. ഇതിൽ ഫുട്ബാൾ ആരാധകർക്കുള്ള ആവേശം ചെറുതല്ല. എന്ന് കരുതി നാട്ടിലെ കായികമേഖലയെ അവഗണിക്കുന്നുവെന്ന് അർഥമില്ലെന്നും നാട്ടിലെ താരങ്ങളെ ഉയർത്തിക്കൊണ്ടുവരുക തന്നെയാണ് സർക്കാറിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.