സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന് ജയം; റൗണ്ട് ഗ്ലാസ് പഞ്ചാബിനെ വീഴ്ത്തിയത് 3-1ന്

കോഴിക്കോട്: കേരള ബ്ലാസ്റ്റേഴ്സിന് സൂപ്പർ കപ്പ് ഫുട്ബാളിൽ ഡ്യൂപ്പർ തുടക്കം. ഐ ലീഗ് ജേതാക്കളും അടുത്ത സീസണിലെ ഐ.എസ്.എൽ സംഘവുമായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ 3-1 നാണ് എ ഗ്രൂപ്പിലെ പോരിൽ ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്.

41ാം മിനിറ്റിൽ പെനാൽറ്റി കിക്കിലൂടെ ക്യാപ്റ്റൻ ദിമിത്രിയോസ് ഡയമന്റകോസും 54ാം മിനിറ്റിൽ നിഷു കുമാറും രണ്ടാം പകുതിയുടെ ഇഞ്ച്വറി സമയത്ത് മലയാളി താരം കെ.പി. രാഹുലുമാണ് ഗോൾ നേടിയത്. കൃഷ്ണാനന്ദ സിങ്ങാണ് (73) പഞ്ചാബിന്റെ സ്കോറർ.

ബ്ലാസ്റ്റേഴ്സ് ടീമിൽ ബാറിന് കീഴിൽ മലയാളി താരം സചിൻ സുരേഷ് ഇറങ്ങി. ഐ ലീഗ് ജേതാക്കളായ റൗണ്ട് ഗ്ലാസ് പഞ്ചാബിന്റെ നായക പദവിയിൽ മുൻ ഗോകുലം കേരള എഫ്.സി താരം ലൂക മയേസനായിരുന്നു. ഐ ലീഗിലെ മികച്ച താരവും ടോപ് സ്കോററുമായിരുന്നു. ഈ സ്ട്രൈക്കറെ തുടക്കം മുതൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധം പൂട്ടാൻ ശ്രമിച്ചു. ആദ്യ പകുതിയിൽ കളി നിയന്ത്രിച്ചത് മഞ്ഞക്കൂട്ടമായിരുന്നു. നാലാം മിനിറ്റിൽ വിക്ടർ മോംഗിലിന്റെ ഫ്രീകിക്ക് നേരിയ വ്യത്യാസത്തിൽ പുറത്തേക്ക് തെറിച്ചു.

ഡയമന്റകോസും മുൻനിരയിലെ പങ്കാളി അപോസ്തലോസ് ജിയാനുവും എതിരാളികൾക്ക് ഭീഷണിയായെങ്കിലും നീക്കങ്ങൾ ഗോളിലെത്തിയില്ല. ഇരുവിങ്ങുകളിൽ നിന്നും നിഷു കുമാറും ആയുഷ് അധികാരിയും മികച്ച ക്രോസുകൾ നൽകി. 32ാം മിനിറ്റിൽ ലൂകയുടെ ഗോൾ ശ്രമം ബ്ലാസ്റ്റേഴ്സ് ഗോളി സചിൻ രക്ഷപ്പെടുത്തി. പിന്നാലെ സൗരവ് മണ്ഡലിന്റെ പാസിൽ നിന്നുള്ള പന്ത് സഹൽ അബ്ദുസ്സമദും കളഞ്ഞു. 41ാം മിനിറ്റിൽ പന്തുമായി ഗോൾ മുന്നേറിയ സൗരവ് മണ്ഡലിനെ റൗണ്ട് ഗ്ലാസിന്റെറ മിങ്താൻ മാവിയ വാൽപുയിയ ബോക്സിൽ വീഴ്ത്തിയതിന് റഫറി തേജസ് നഗ്വേങ്കർ പെനാൽറ്റി വിധിച്ചു.

ക്യാപ്റ്റൻ ഡയമന്റകോസ് ലക്ഷ്യം പിഴക്കാതെ ആദ്യ പകുതി ആഹ്ലാദകരമാക്കി. രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സ് റൗണ്ട് ഗ്ലാസ് ഗോൾ മുഖത്തേക്ക് കുതിച്ചു. സഹലിന്റെ പാസിലാണ് നിഷു കുമാറിന്റെ ഗോൾ പിറന്നത്. 65ാം മിനിറ്റിൽ സൗരവ് മണ്ഡലിന് പകരം രാഹുൽ ഇറങ്ങി. 73ാം മിനിറ്റിൽ മികവാർന്ന നീക്കവുമായി യുവാൻ മെറ നീട്ടിയ പന്തിൽ പകരക്കാരൻ കൃഷ്ണാനന്ദ സിങ് റൗണ്ട് ഗ്ലാസിന്റെ പരാജയ ഭാരം കുറച്ചു. അവസാന പാദത്തിൽ പഞ്ചാബുകാരുടെ കളി വീര്യത്തിന് മുന്നിൽ അൽപം പതറിയെങ്കിലും കളി തീരാൻ സെക്കൻഡുകൾ ശേഷിക്കേ രാഹുലിന്റെ ഒറ്റയാൻ നീക്കം ബ്ലാസ്റ്റേഴ്സിന് 3-1ന്റെ ആധികാരിക ജയം നേടിക്കൊടുത്തു.

Tags:    
News Summary - Super Cup 2023: Kerala Blasters beat RoundGlass Punjab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.