ന്യൂഡൽഹി: ഏപ്രിൽ 20 മുതൽ മേയ് മൂന്നുവരെ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടക്കുന്ന സൂപ്പർ കപ്പ് മത്സരങ്ങളുടെ ഫിക്സ്ചർ അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ പുറത്തുവിട്ടു. 20ന് കേരള ബ്ലാസ്റ്റേഴ്സും നിലവിലെ ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാളും തമ്മിലാണ് ഉദ്ഘാടന മത്സരം. അന്നേദിവസം മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ഐ ലീഗിലെ മൂന്നാംസ്ഥാനക്കാരെയും നേരിടും. ഐ.എസ്.എല്ലിലെ 13ഉം ഐ ലീഗിലെ മൂന്നും ടീമുകളാണ് പങ്കെടുക്കുന്നത്.
16 ടീമുകൾ അണിനിരക്കുന്ന നോക്കൗട്ട് മത്സരങ്ങളായിരിക്കും. 21ന് എഫ്.സി ഗോവ-ഐ ലീഗ് രണ്ടാം സ്ഥാനക്കാർ, ഒഡിഷ എഫ്.സി-പഞ്ചാബ് എഫ്.സി, 23ന് ബംഗളൂരു എഫ്.സി - ഐ ലീഗ് ഒന്നാം സ്ഥാനക്കാർ, മുംബൈ സിറ്റി എഫ്.സി-ചെന്നൈയിൻ എഫ്.സി, 24ന് നോർത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സി-മുഹമ്മദൻ എസ്.സി, ജംഷഡ്പുർ എഫ്.സി- ഹൈദരാബാദ് എഫ്.സി എന്നിങ്ങനെയാണ് മത്സരങ്ങൾ.
ചർച്ചിൽ ബ്രദേഴ്സ്, ഇന്റർ കാശി, റിയൽ കശ്മീർ എന്നിവരാണ് നിലവിലെ പോയന്റ് പട്ടിക പ്രകാരം ഐ ലീഗിലെ ആദ്യ മൂന്ന് സ്ഥാനക്കാർ. എടുത്തുമാറ്റപ്പെട്ട മൂന്ന് പോയന്റിന് വേണ്ടി ഇന്റർ കാശി അപ്പീൽ നൽകിയതിനാൽ ഇവരുടെ സ്ഥാനങ്ങൾ പരസ്പരം മാറാൻ സാധ്യതയുള്ളത് കണക്കിലെടുത്താണ് ഫിക്സ്ചറിൽ ടീമിന്റെ പേര് പ്രസിദ്ധീകരിക്കാത്തത്. കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽനിന്ന് രണ്ട് ടീമുകൾ സൂപ്പർ കപ്പിനുണ്ടായിരുന്നു. ഗോകുലം കേരള എഫ്.സി ഇക്കുറി ഐ ലീഗിൽ നാലാം സ്ഥാനത്തായതിനാൽ പ്രാതിനിധ്യം ബ്ലാസ്റ്റേഴ്സിലൊതുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.