കോഴിക്കോട്: ജയന്റ് കില്ലേഴ്സ് ആയിരുന്ന ഗോകുലം കേരള എഫ്.സി മുമ്പ് ഐ ലീഗിൽ മോഹൻ ബഗാനെ പലവട്ടം തോൽപിച്ചിട്ടുണ്ട്. എ.ടി.കെയും മോഹൻ ബഗാനും ലയിച്ച് എ.ടി.കെ ബഗാനായി രൂപം മാറിയപ്പോഴും ഗോകുലം വിറച്ചില്ല. കഴിഞ്ഞ വർഷം കൊൽക്കത്തയിൽ നടന്ന എ.എഫ്.സി കപ്പ് ഗ്രൂപ് മത്സരത്തിൽ 4-1നായിരുന്നു ‘മലബാറിയൻസ്’ വിജയം നേടിയത്. സ്വന്തം മണ്ണിൽ ഇന്ന് സൂപ്പർ കപ്പിൽ ബഗാനെ നേരിടുമ്പോഴും ഗോകുലത്തിന് പ്രതീക്ഷയേറെയാണ്.
ഐ.എസ്.എൽ ജേതാക്കളെന്ന ഗ്ലാമറുമായാണ് ബഗാൻ ഇറങ്ങുന്നത്. സൂപ്പർ കപ്പിലെ ഗ്രൂപ് സിയിലെ ആദ്യ പോരാട്ടത്തിൽ വൈകീട്ട് അഞ്ചിനാണ് കോർപറേഷൻ സ്റ്റേഡിയത്തിൽ ബഗാനെ ഗോകുലം നേരിടുന്നത്. ഐ.എസ്.എൽ ടീമുകൾ മാറ്റുരക്കുന്ന രണ്ടാം മത്സരത്തിൽ രാത്രി എട്ടിന് എഫ്.സി ഗോവയും ജാംഷഡ്പുർ എഫ്.സിയും ഏറ്റുമുട്ടും.
ഐ.എസ്.എല്ലിന് പിറകെ സൂപ്പർ കപ്പും സ്വന്തമാക്കാനുള്ള ശ്രമത്തിലാകും ബഗാൻ. രണ്ട് കിരീടങ്ങളും ഒരുമിച്ച് നേടിയ ടീമുകളില്ല. എന്നാൽ, കാണികളുടെ പിന്തുണയാണ് ഗോകുലത്തിന്റെ കരുത്ത്. അമിനൗ ബൗബ നയിക്കുന്ന ഗോകുലം ടീമിൽ കോഴിക്കോട്ടുകാരൻ ഷിബിൻ രാജ് കുനിയിൽ ബാറിന് കീഴിലുണ്ടാകും. സെർജിയോ മെൻഡിയും ജോബി ജസ്റ്റിനുമടങ്ങുന്ന മുന്നേറ്റനിരയിലും പ്രതീക്ഷയേറെയാണ്. ഐ.എസ്.എൽ ടീമുകൾക്കെതിരെ മികച്ച കളി പുറത്തെടുക്കാനാകുമെന്ന് തെളിയിക്കാനുള്ള അവസരമാണിതെന്ന് ഗോകുലം കോച്ച് ഫ്രാൻസിസ് ബോണറ്റ് പറഞ്ഞു. ഐ.എസ്.എൽ ടീമുകൾക്ക് തങ്ങളുടെ കളികൾ പരിചിതമല്ലാത്തതും ഗുണകരമാകുമെന്നാണ് കോച്ചിന്റെ പ്രതീക്ഷ.
പ്രീതം കോട്ടാൽ നയിക്കുന്ന ബഗാൻ താരനിബിഡമാണ്.വിശ്വസ്തനായ ഗോൾകീപ്പർ വിശാൽ കെയ്ത്ത് മുതൽ മുന്നേറ്റത്തിലെ മൻവീർ സിങ്ങും ലിസ്റ്റൺ കൊളാസോയും വരെയുള്ളവർ മിടുമിടുക്കരാണ്. മലയാളി താരം ആശിഖ് കുരുണിയനും ആദ്യ ഇലവനിലുണ്ടാകും. ദിമിത്രി പെട്രറ്റോസും ടീമിന്റെ ആവേശമാണ്. ബഗാന്റെ ആരാധകരും കൊൽക്കത്തയിൽ നിന്ന് കോഴിക്കോട്ട് പറന്നെത്തും.
കഴിഞ്ഞ സീസണിലെ ഐ.എസ്.എല്ലിൽ നിരാശാജനകമായ കളി പുറത്തെടുത്തവരാണ് എഫ്.സി ഗോവയും ജാംഷഡ്പുർ എഫ്.സിയും.സൂപ്പർ കപ്പിലെ കുതിപ്പുമായി നിരാശ മാറ്റാമെന്ന പ്രതീക്ഷയിലാണ് ഇരുസംഘവും. നിലവിലെ ജേതാക്കളാണ് ഗോവ. 2019ൽ ഗോവ ജയിച്ച ശേഷം മൂന്ന് വർഷത്തെ ഇടവേള കഴിഞ്ഞാണ് സൂപ്പർ കപ്പ് നടക്കുന്നത്.ചാമ്പ്യൻഷിപ്പിൽ ജാംഷഡ്പുരിനോട് രണ്ട് തവണ കളിച്ചപ്പോഴും ജയിച്ച ചരിത്രമുണ്ട്. ബ്രണ്ടൻ ഫെർണാണ്ടസ് നയിക്കുന്ന ഗോവയിൽ യുവതാരങ്ങൾക്കാണ് മുൻതൂക്കം.
ഐ.എസ്.എല്ലിൽ ഈ സീസണിൽ ജാംഡ്പുരിനെതിരെ ഗോവ ഒരു മത്സരം ജയിക്കുകയും ഒന്ന് സമനിലയിലാവുകയും ചെയ്തു. മഞ്ചേരിയിൽ നടന്ന എ.എഫ്.സി യോഗ്യത റൗണ്ടിൽ മുംബൈ എഫ്.സിയോട് തോറ്റാണ് ജാംഷഡ്പുർ കോഴിക്കോട്ടേക്കെത്തിയത്. ജാംഷഡ്പുർ ഗോൾകീപ്പർ ടി.പി രഹനേഷ് കളിച്ചുവളർന്ന സ്റ്റേഡിയമാണ് കോഴിക്കോട്ടേത്. ഇന്നാട്ടുകാരനായ രഹനേഷിനായി ആർപ്പുവിളിക്കാൻ നിരവധി പേർ ഗാലറിയിലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.