മഞ്ചേരി: ഈസ്റ്റ് ബംഗാളിനെ സമനിലയിൽ പൂട്ടി ഐസോൾ എഫ്.സി. ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടി. ബി ഗ്രൂപ്പിൽ നേരിയ സെമി സാധ്യതയുമായി ഇറങ്ങിയ ഈസ്റ്റ് ബംഗാളിന് സമനിലയോടെ നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. മൂന്നു കളിയിൽ ഒരു കളിയും ജയിക്കാനാകാതെ ഐസോളും സൂപ്പർ കപ്പിൽനിന്ന് പുറത്തായി.
മഹേഷ് സിങ് (16), സുമീത് പാസി (21) എന്നിവർ ഈസ്റ്റ് ബംഗാളിനായും ലാൽ റൈറ്റിയ (42), ഡേവിഡ് (47) എന്നിവർ ഐസോളിനായും ഗോൾ നേടി.
ആദ്യ മിനിറ്റുകളിൽ തന്നെ ഈസ്റ്റ് ബംഗാൾ മുന്നേറ്റം. ഐസോൾ ബോക്സിലേക്ക് നിരന്തരം പന്തെത്തിച്ച് ഗോൾവല ഭേദിക്കാൻ ശ്രമം തുടങ്ങി. 16ാം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ മുന്നിലെത്തി. ഇടതു വിങ്ങിൽനിന്ന് ബ്രസീലിയൻ താരം ക്ലെയ്റ്റൻ സിൽവ നൽകിയ ത്രൂപാസ് സ്വീകരിച്ച മഹേഷ് സിങ് ഐസോൾ പ്രതിരോധത്തെ മറികടന്ന് പന്ത് വലയിലെത്തിച്ചു. (1-0).
നാലു മിനിറ്റിനകം ഈസ്റ്റ് ബംഗാൾ രണ്ടാം ഗോളും നേടി. 21ാം മിനിറ്റിൽ വലതുവിങ്ങിൽനിന്ന് മലയാളി താരം വി.പി. സുഹൈറിന്റെ ഉജ്ജ്വല ക്രോസ് ബോക്സിലേക്ക്. ക്ലിയർ ചെയ്യാൻ ഐസോൾ കീപ്പർ ചാടിയെങ്കിലും അതിനെക്കാൾ ഉയർന്നുചാടി സുമീത് പാസി മനോഹരമായ ഹെഡറിലൂടെ പന്ത് ലക്ഷ്യത്തിലെത്തിച്ചു. (2-0).
39ാം മിനിറ്റിൽ തുഹിൻ ദാസ് നൽകിയ ക്രോസിന് ക്യാപ്റ്റൻ ക്ലെയ്റ്റൻ സിൽവ തലവെച്ചെങ്കിലും പുറത്തേക്കു പോയി. 42ാം മിനിറ്റിൽ ഐസോൾ ഒരു ഗോൾ തിരിച്ചടിച്ചു.
ജപ്പാൻ താരം അകിറ്റോ സൈറ്റോ ബോക്സിൽനിന്ന് കിട്ടിയ പന്ത് പോസ്റ്റിലേക്കടിച്ചു. ഈസ്റ്റ് ബംഗാൾ ഗോൾ കീപ്പർ കമൽജിത് സിങ് തട്ടിയിട്ട പന്ത് വലതു വിങ്ങിൽനിന്ന് ഐസോൾ മുന്നേറ്റ താരം ഡേവിഡ് ബോക്സിന്റെ മധ്യത്തിൽ നിൽക്കുകയായിരുന്ന ലാൽ റൈറ്റിയക്ക് നൽകി. പ്രതിരോധത്തെ മറികടന്ന് റൈറ്റിയ പന്ത് അനായാസം വലയിലാക്കി. (2-1). രണ്ടാം പകുതി ആരംഭിച്ചയുടനെ ഐസോൾ ഒപ്പമെത്തി. 47ാം മിനിറ്റിൽ എതിർ ടീമിന്റെ മുന്നേറ്റം തടയാൻ ബോക്സിന് പുറത്തേക്കിറങ്ങിയ ഈസ്റ്റ് ബംഗാൾ കീപ്പർ കമൽജിത്തിന്റെ തലക്ക് മുകളിലൂടെ 25 വാര അകലെനിന്ന് ഡേവിഡ് പന്ത് വലയിലെത്തിച്ചു (2-2).
സമനില നേടിയതോടെ ഐസോൾ ഉണർന്നുകളിച്ചു. 62ാം മിനിറ്റിൽ ഐസോളിന് ലഭിച്ച ഫ്രീകിക്ക് നേരിയ വ്യത്യാസത്തിൽ പുറത്തേക്കു പോയി. പത്തു മിനിറ്റിനുശേഷം ഐസോൾ താരം ഡേവിഡ് ഈസ്റ്റ് ബംഗാൾ പോസ്റ്റിൽ പന്ത് എത്തിച്ചെങ്കിലും ഓഫ് സൈഡിൽ കുരുങ്ങി. ഒരു ഗോളും ഒരു അസിസ്റ്റുമായി കളം നിറഞ്ഞു കളിച്ച ഐസോളിന്റെ ഡേവിഡ് കളിയിലെ താരമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.