മലപ്പുറത്തെ മലർത്തിയടിച്ച് കാലിക്കറ്റ്; ജയം ഏകപക്ഷീയമായ മൂന്ന് ഗോളിന്

മഞ്ചേരി: കോഴിക്കോടിന്റെ 'ഓണത്തല്ലി'ൽ മലപ്പുറത്തിന് അടിതെറ്റി. സൂപർ ലീഗ് കേരളയിലെ മലബാർ ഡർബിയിൽ മലപ്പുറം എഫ്.സി യെ മലർത്തിയടിച്ച് കാലിക്കറ്റ് എഫ്.സി. പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന 'ഉത്രാടപ്പാച്ചിലിൽ' ആർത്തിയിരമ്പിയെത്തിയ സ്വന്തം ആരാധകരെ നിരാശരാക്കി ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് മലപ്പുറം അടിയറവ് പറഞ്ഞത്. 22, 96 മിനിറ്റുകളിൽ ഗനി അഹമ്മദ് നിഗം, 62-ാം മിനിറ്റിൽ ബെൽഫോർട്ട് എന്നിവർ ഗോളുകൾ നേടി. ഇതോടെ ഒരു സമനിലയും ഒരു വിജയവുമായി നാല് പോയിന്‍റോടെ ലീഗിൽ ഒന്നാമതെത്താനും കാലിക്കറ്റിന് സാധിച്ചു. ഈ മാസം 18ന് ഫോഴ്സ കൊച്ചിയാണ് കാലിക്കറ്റിന് എതിരാളികൾ.

4-2-4 ശൈലിയിൽ ആക്രമണത്തിന് പ്രാധാന്യം നൽകിയാണ് കാലിക്കറ്റ് കോച്ച് ആൻഡ്ര്യൂ ഗിലാൻ ടീമിനെ ഇറക്കിയത്. ആദ്യ മത്സരത്തിൽ ഇറക്കിയ ഏണസ്റ്റിന് പകരം ബെൽഫോർട്ട് ആദ്യ ഇലവനിൽ തിരിച്ചെത്തി.

ഗില്ലാടി ഗനി

15-ാം മിനിറ്റിലായിരുന്നു മലപ്പുറത്തിന്റെ ആദ്യ മുന്നേറ്റം. മൈതാനത്തിന്റെ മധ്യത്തിൽ നിന്ന് സ്പാനിഷ് താരം ഐറ്റോർ അൽദാലൂർ നൽകിയ പന്ത് ബോക്സിൽ നിലം തൊടും മുമ്പേ പെഡ്രോ മാൻസി വോളിക്ക് ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി. 19ാം മിനിറ്റിൽ ജൊസേബ ബെയറ്റിയ നൽകിയ പാസിൽ മാൻസി ലക്ഷ്യത്തിലേക്ക് തൊടുത് ഗോൾകീപ്പറെ മറികടക്കാനായില്ല.

22-ാം മിനിറ്റിൽ കളിയുടെ ഒഴുക്കിന് വിപരീതമായി കിട്ടിയ അവസരം മുതലെടുത്ത് കാലിക്കറ്റ് മുന്നിലെത്തി. ബോക്സിന് പുറത്ത് നിന്ന് രണ്ട് പ്രതിരോധ താരങ്ങളെ ഡ്രിബ്ൾ ചെയ്ത് മുന്നേറിയ ഗനി അഹമ്മദ് കീപ്പർ മിഥുനിന്റെ തലക്ക് മുകളിലൂടെ ചിപ്പ് ചെയ്തത് വലയിൽ (1-0).

27ാം മിനിറ്റിൽ ഒപ്പമെത്താനുള്ള അവസരം മലപ്പുറത്തിന് നഷ്ടമായി. അജയ് യുടെ ഷോട്ട് ബാറിന് മുകളിലൂടെ പുറത്തേക്ക്. 33ാം മിനിറ്റിൽ മലപ്പുറത്തിന് ആദ്യ കോർണർ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 39-ാം മിനിറ്റിൽ ബെൽഫോർട്ട് നൽകിയ പന്ത് സ്വീകരിച്ച് മുന്നേറിയ ബ്രിട്ടോ ഇടതു വിങ്ങിൽ നിന്നും തൊടുത്ത ഷോട്ട് ക്രോസ് ബാർ തൊട്ടുരുമ്മി പുറത്തേക്ക് പോയി.

ബ്രില്യൻറ് ബെൽഫോർട്ട്

രണ്ടാം പകുതിയിലും കാലിക്കറ്റിന്റെ മുന്നേറ്റമാണ് കണ്ടത്. മലപ്പുറത്തിനായി അജയ് കൃഷ്ണൻ, റിസ് വാൻ അലി എന്നിവരെ കോച്ച് ഗ്രിഗറി തിരിച്ചുവിളിച്ചു. നവീൻ കൃഷ്ണ, മുഹമ്മദ് നിഷാം എന്നിവർ പകരക്കാരെയെത്തി. 62ാം മിനിറ്റിൽ പ്രതിരോധ താരം ജോർജ് ഡിസൂസയുടെ പിഴവിൽ നിന്ന് കാലിക്കറ്റ് വീണ്ടും മുന്നിലെത്തി. താരത്തിന്റെ മൈനസ് പാസിൽ നിന്ന് പന്ത് ലഭിച്ച് മുന്നേറിയ ബെൽഫോർട്ട് മിഥുന്റെ കാലുകൾക്കിടയിലൂടെ പന്ത് വലയിലെത്തിച്ചു. സ്കോർ (2-0).

96-ാം മിനിറ്റിൽ മലയാളി താരം ഹക്കു നൽകിയ അസിസ്റ്റിൽ നിന്ന് ഗനി തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും നേടി മലപ്പുറത്തിന്റെ പെട്ടിയിൽ അവസാന ആണിയടിച്ചു. ഒരു ഗോളെങ്കിലും തിരിച്ചടിക്കാൻ മലപ്പുറം പതിനെട്ടടവും പയറ്റിയെങ്കിലും കാലിക്കറ്റിന്റെ പ്രതിരോധം ഭേദിക്കാനായില്ല. ഈ മാസം 20ന് തൃശൂർ മാജിക് എഫ്.സിയുമായാണ് എം.എഫ്.സിയുടെ അടുത്ത മത്സരം. 15, 318 പേരാണ് മലപ്പുറത്തിന്റെ ആദ്യ ഹോം മത്സരം കാണാനെത്തിയത്.

Tags:    
News Summary - Super League Kerala: Calicut beat Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-15 00:54 GMT