സ്വന്തം തട്ടകത്തിൽ മലപ്പുറത്തിന് കാലിടറി; കണ്ണൂരിനോട് തോറ്റത് 2-1ന്

മഞ്ചേരി: കണ്ണൂർ പോരാളികളുടെ കരുത്തിന് മുന്നിൽ സ്വന്തം ഗ്രൗണ്ടിൽ മലപ്പുറത്തിന് കാലിടറി. സൂപ്പർ ലീഗ് കേരളയിലെ ക്ലാസിക് പോരാട്ടത്തിൽ 2-1നാണ് കണ്ണൂർ വാരിയേഴ്സ് ആതിഥേയരായ മലപ്പുറം എഫ്.സിയെ പരാജപ്പെടുത്തിയത്. തോൽവിയറിയാതെ എട്ട് പോയന്റുമായി കണ്ണൂർ പോയൻറ് പട്ടികയിൽ ഒന്നാമതെത്തി.

14-ാം മിനിറ്റിൽ ക്യാപ്റ്റൻ അഡ്രിയാൻ സാർഡിനേറോ, 31-ാം മിനിറ്റിൽ അൽവാരസ് ഗോമസ് എന്നിവർ കണ്ണൂരിനായി ഗോളുകൾ നേടി. 41-ാം മിനിറ്റിൽ ഫസലുറഹ്മാൻ മലപ്പുറത്തിന്റെ ഏക ഗോൾ നേടി. അൽവാരസ് കളിയിലെ താരമായി. 28ന് കാലിക്കറ്റ് എഫ്.സിക്കെതിരെയാണ് കണ്ണൂരിന്‍റെ അടുത്ത മത്സരം.

സൂപ്പർ സാർഡിനേറോ

മൂന്നാം മിനിറ്റിൽ മലപ്പുറത്തിന്റെ ആദ്യ മുന്നേറ്റം കണ്ണൂരിന്റെ ബോക്സിലെത്തി. അജയ് കൃഷ്ണയിൽ നിന്നും ലഭിച്ച പന്ത് ഫസ്ലുറഹ്മാൻ പെനാൽറ്റി ബോക്സിലേക്ക് നൽകിയെങ്കിലും കണ്ണൂർ ഗോൾ കീപ്പർ അജ്മൽ തട്ടിയകറ്റി. റീബൗണ്ട് ലഭിച്ച പന്ത് ബ്രസീലിയൻ താരം ബാർബോസ ജൂനിയർ ലക്ഷ്യത്തിലേക്ക് തൊടുത്തെങ്കിലും പുറത്തേക്ക്.

14-ാം മിനിറ്റിൽ പയ്യനാട് ഗാലറിയെ നിശബ്ദമാക്കി കണ്ണൂർ മുന്നിൽ. ഇടത് വിങ്ങിൽ നിന്ന് തിമോതിയുടെ ക്രോസ് ബാൾ. സമയം പാഴാക്കാതെ ബോക്സിൽ നിന്ന് അൽവാരസ് ഗോമസ് പന്ത് നായകൻ അഡ്രിയാൻ സാർഡിനേറോയിലേക്ക്. താരത്തിന്റെ ആദ്യ ഷോട്ട് പ്രതിരോധത്തിൽ തട്ടിയെങ്കിലും രണ്ടാം അവസരം കീപ്പർ ടെൻസിനെ മറികടന്ന് വലയിൽ. സ്കോർ 1 - 0.

31-ാം മിനിറ്റിൽ കണ്ണൂർ ലീഡുയർത്തി. മലപ്പുറത്തിന് ലഭിച്ച ത്രോബാളിൽ നിന്ന് പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് പന്ത് റാഞ്ചിയെടുത്ത മുഹമ്മദ് റിഷാദ് സ്പാനിഷ് താരം അൽവാരസ് ഗോമസിന് നൽകി. താരത്തിന്റെ ഷോട്ട് കീപ്പറെയും മറികടന്ന് പോസ്റ്റിന്റെ വലതു മൂലയിൽ പതിച്ചു. സ്കോർ 2-0..

41-ാം മിനിറ്റിൽ ഗാലറിയെ ഇളക്കി മറിച്ച് മലപ്പുറം ആദ്യ ഗോൾ നേടി.ഇടതു വിങ്ങിൽ നിന്ന് മിത്ത് നൽകിയ പന്ത് ഫസലുറഹ്മാന്റെകാലുകളിലേക്ക്. ബോക്സിന് പുറത്തുനിന്ന് കണ്ണൂർ താരത്തെ വെട്ടിച്ച് ഫസലുവിന്റെ വലങ്കാലൻ ഷോട്ട് മഴവില്ല് പോലെ വളഞ്ഞ് വലയിൽ പതിച്ചു. സ്കോർ 2 -1.. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ മലപ്പുറം രണ്ട് കോർണറുകൾ നേടിയെടുത്തെങ്കിലും സമനില ഗോൾ കണ്ടെത്താനായില്ല.

മുന്നിലെത്താതെ മലപ്പുറം

51ാം മിനിറ്റിൽ മലപ്പുറം മുന്നിലെത്തിയെന്ന് തോന്നിച്ച നിമിഷം. വലതു ഭാഗത്തുനിന്ന് അജയ് കൃഷ്ണയുടെ ക്രോസ് സാഞ്ചസ് ഗോളിലേക്ക് ഹെഡ് ചെയ്തെങ്കിലും പോസ്റ്റിന് ചാരി പുറത്തേക്ക് പോയതോടെ ഗാലറി നെടുവീർപ്പിട്ടു.

തൊട്ടുപിന്നാലെ, ബാർബോസയുടെ ഷോട്ടും പുറത്തേക്ക് പോയി. 57ാം മിനിറ്റിൽ മലപ്പുറം മത്സരത്തിലെ ആദ്യ മാറ്റം വരുത്തി. പ്രതിരോധ താരം സൗരവിനെ പിൻവലിച്ച് മുഹമ്മദ് മുഷറഫ് കളത്തിലിറങ്ങി.

62-ാം മിനിറ്റിൽ മൂന്നാം ഗോൾ നേടി മത്സരത്തിൽ ആധിപത്യമുറപ്പിക്കാനുള്ള സുവർണാവസരം കണ്ണൂർ നഷ്ടപ്പെടുത്തി. മുഹമ്മദ് ഹഫീസിന്റെ ഷോട്ട് കീപ്പർ കൈപ്പിടിയിലൊതുക്കി.

65ാം മിനിറ്റിൽ പെനാൽറ്റി ബോക്സിന് തൊട്ടടുത്ത് നിന്ന് ലഭിച്ച ഫ്രീ കിക്കിൽ നിന്ന് മലപ്പുറത്തിനായി അൽദാലൂർ വല കുലുക്കിയെങ്കിലും ഓഫ് സൈഡ് ഫ്ലാഗ് ഉയർന്നു. 71ാം മിനിറ്റിൽ സാഞ്ചസിന് ലഭിച്ച മറ്റൊരു അവസരവും പാഴായി.

79ാം മിനിറ്റിൽ ബൈസിക്കിൾ കിക്കിലൂടെ വല കുലുക്കാനുള്ള സാഞ്ചസിന്റെ ഗോൾ ശ്രമം പുറത്തേക്ക്. 81ാം മിനിറ്റിൽ പെഡ്രോ മാൻസി, ബുജൈർ എന്നിവർ പകരക്കാരായി ഇറങ്ങിയെങ്കിലും സമനില ഗോൾ കണ്ടെത്താനായില്ല. ഒക്ടോബർ രണ്ടിന് തിരുവനന്തപുരം കൊമ്പൻസുമായാണ് മലപ്പുറത്തിന്‍റെ അടുത്ത എവേ മത്സരം.

Tags:    
News Summary - Super League Kerala: Kannur beat Malapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.