മഞ്ചേരി: ഒരു കളിയും തോൽക്കാതെ മുന്നേറാനുള്ള കാലിക്കറ്റ് എഫ്.സിയുടെ വിജയമോഹത്തിന് തിരിച്ചടി. സൂപ്പർ ലീഗ് കേരളയിൽ പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന ഒമ്പതാം റൗണ്ട് മത്സരത്തിൽ തൃശൂർ മാജിക് എഫ്.സിയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് അടിയറവ് പറഞ്ഞത്.
11-ാം മിനിറ്റിൽ കെ.പി. ഷംനാദ് തൃശൂരിൻ്റെ വിജയ ഗോൾ നേടി. തൃശൂരിൻ്റെ ആദ്യ ജയമാണിത്. ഇതോടെ ഒരു കളിയും ജയിക്കാത്തവരെന്ന ചീത്തപ്പേരും മാറ്റാനായി. സെമി കാണാതെ പുറത്തായ തൃശൂരിന് ആശ്വാസജയം കൂടിയായി. ഒക്ടോബർ 29 ന് ഫോഴ്സാ കൊച്ചി എഫ്.സിക്കെതിരെയാണ് തൃശൂരിൻ്റെ ലീഗിലെ അവസാന മത്സരം.
മലയാളി താരം അബ്ദുൽ ഹക്കുവിന്റെ നേതൃത്വത്തിലാണ് കാലിക്കറ്റ് എഫ്.സി തൃശൂരിനെ നേരിടാനിറങ്ങിയത്. ഏഴാം മിനിറ്റിൽ കാലിക്കറ്റിന് ആദ്യ കോർണർ ലഭിച്ചെങ്കിലും സെറ്റ് പീസ് മുതലാക്കാനായില്ല. 11-ാം മിനിറ്റിൽ കാലിക്കറ്റിനെ ഞെട്ടിച്ച് തൃശൂർ ആദ്യം വലകുലുക്കി. ജസ്റ്റിൻ ജോർജ് എറിഞ്ഞ ത്രോ ബാളിൽ ബോക്സിൽ നിന്നും കെ.പി. ഷംനാദിൻ്റെ ഹെഡർ ഗോൾ കീപ്പറെ മറികടന്ന് പന്ത് വലയിൽ. ആദ്യ 30 മിനിറ്റിൽ പന്തടക്കത്തിൽ തൃശൂരായിരുന്നു മുന്നിൽ.
43-ാം മിനിറ്റിൽ കാലിക്കറ്റിന് ലഭിച്ച കോർണറിൽ കാമറൂൺ താരം നിയ ഗോളിന് ശ്രമിച്ചെങ്കിലും റഫറി ഫൗൾ വിളിച്ചു. ആദ്യ പകുതിയുടെ അധിക സമയത്ത് തൃശൂർ വീണ്ടും മുന്നിലെത്തിയെന്ന് തോന്നിച്ച നിമിഷം. ബ്രസീൽ താരം അലക്സ് സാൻ്റോസിൻ്റെ ഉഗ്രൻ ഷോട്ട് കീപ്പർ വിശാൽ ജൂൺ കൈപ്പിടിയിലൊതുക്കി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ കാലിക്കറ്റ് ഏണസ്റ്റോ ബർഫയെ പിൻവലിച്ച് പകരക്കാരനായി റാഫേൽ ഡോസ് സാൻ്റോസ് കളത്തിലിറങ്ങി. തൊട്ടുപിന്നാലെ തൃശൂരും മാറ്റം വരുത്തി. ആഷിഫിനെ പിൻവലിച്ച് മധ്യനിരയിൽ ഹർമൻ ബലകിനെ ഇറക്കി. 56-ാം മിനിറ്റിൽ മൈതാന മധ്യത്തിൽ നിന്നും ലഭിച്ച ഫ്രീകിക്ക് ഗനി നിഗം ബോക്സിലേക്ക് നൽകി. സമയം പാഴാക്കാതെ ക്യാപ്റ്റൻ ഹക്കു പോസ്റ്റിലേക്ക് ഹെഡ് ചെയ്തെങ്കിലും പ്രതിരോധത്തിൽ ജസ്റ്റിൻ ജോർജ് അപകടമൊഴിവാക്കി. 72-ാം മിനിറ്റിൽ ഇടതു വിങ്ങിൽ നിന്നും ബെൽഫോർട്ട് നൽകിയ പന്ത് നിയ പോസ്റ്റിലേക്ക് ലക്ഷ്യം വെച്ചെങ്കിലും സഹതാരത്തിൻ്റെ ദേഹത്ത് തട്ടി പുറത്തേക്ക്.
81-ാം മിനിറ്റിൽ രണ്ടാം ഗോൾ നേടാനുള്ള തൃശൂരിൻ്റെ ശ്രമത്തിന് പോസ്റ്റ് വിലങ്ങുതടിയായി. ബോക്സിൽ അലക്സ് സാൻ്റോസിനെ കീപ്പർ വിശാൽ ജൂൺ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലൂക്കാസ് നഷ്ടപ്പെടുത്തി.87ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡും ലഭിച്ച് വിശാൽ ജൂൺ പുറത്തേക്ക് പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.