കോഴിക്കോട്: കുട്ടികളെ ഫുട്ബാൾ പരിശീലിപ്പിക്കാൻ സംസ്ഥാന കായികവകുപ്പ് തുടങ്ങിയ 'കിക്കോഫ്' പദ്ധതി വിസ്മൃതിയിലേക്ക്. 'ചെറുപ്പത്തിലേ പിടികൂടുക'എന്ന നയത്തിലധിഷ്ഠിതമായുള്ള പദ്ധതിയാണ് അഞ്ഞൂറോളം ഫുട്ബാൾ പ്രതിഭകളെ പെരുവഴിയിലാക്കി അനക്കമില്ലാതായത്.

മൂന്നു വർഷം മുമ്പ് ഇ.പി. ജയരാജൻ മന്ത്രിയായ കാലത്ത് തുടങ്ങിയ കിക്കോഫ് സംസ്ഥാനത്തെ 19 കേന്ദ്രങ്ങളിൽ സജീവമായി നടന്നിരുന്നു. എന്നാൽ, കോവിഡ് ഒന്നാം തരംഗവും ലോക്ഡൗണും കാരണം നിലച്ചുപോയത് പുനരാരംഭിക്കാൻ കായികവകുപ്പ് താൽപര്യം കാണിക്കുന്നില്ല. ലോക്ഡൗണിൽപോലും ഓൺലൈൻ വഴിയും മറ്റും വിവിധ കായിക ഇനങ്ങളിൽ പരിശീലനം സജീവമായിരുന്നു. സ്വകാര്യ അക്കാദമികളും പരിശീലനം നിർത്തലാക്കിയിരുന്നില്ല. കോവിഡ് ഭീതി ഒഴിഞ്ഞശേഷം മാസങ്ങളായി വിവിധയിടങ്ങളിൽ കായികപരിശീലനങ്ങളുണ്ട്. എന്നിട്ടും സർക്കാർ കണ്ണുതുറക്കുന്നില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. 2017ൽ അണ്ടർ 17 ലോകകപ്പ് ഫുട്ബാളിന് കേരളവും ആതിഥ്യം വഹിച്ച സമയത്താണ് കിക്കോഫിന്‍റെ ആശയമുയർന്നത്. 2019ൽ കൊട്ടിഘോഷിച്ചാണ് തുടക്കമിട്ടത്. 10നും 12നും ഇടയിൽ പ്രായമുള്ളവരെയാണ് തിരഞ്ഞെടുത്തത്. 25 കുട്ടികൾക്കായിരുന്നു ആഴ്ചയിൽ രണ്ടു ദിവസമുള്ള പരിശീലനം. ഭക്ഷണവും കിറ്റുമടക്കം ചെലവ് സർക്കാറായിരുന്നു വഹിച്ചത്. പയ്യന്നൂരിൽ പെൺകുട്ടികൾക്കായിരുന്നു പരിശീലനം. അഞ്ഞൂറോളം പേരിൽനിന്നാണ് മിടുക്കരായ 25 പേരെ ഓരോ കേന്ദ്രത്തിലേക്കും തിരഞ്ഞെടുത്തത്. ഈ അക്കാദമികളിലെ കുട്ടികൾക്കായി തിരുവനന്തപുരത്ത് ടൂർണമെന്‍റ് നടത്താനും തീരുമാനിച്ചിരുന്നു.

ചില സ്വകാര്യ അക്കാദമികളെ സഹായിക്കാനായാണ് കിക്കോഫിന് 'ലോങ്വിസിൽ' മുഴക്കിയതെന്ന ആരോപണവുമുണ്ട്. ഫുട്ബാളും വോളിബാളുമടക്കമുള്ള ഇനങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകാൻ വിവിധ സ്വകാര്യ അക്കാദമികൾ സംസ്ഥാനത്ത് സജീവമാണ്. വൻതുകയാണ് ഇവർ ഈടാക്കുന്നത്. കിക്കോഫിൽ പരിശീലിച്ചിരുന്ന കുട്ടികളിൽ ചിലർ മറ്റ് അക്കാദമികളിൽ പണം കൊടുത്ത് ചേർന്നിട്ടുണ്ട്. മറ്റു ചിലർ മനംമടുത്ത് ഫുട്ബാളിനോടുള്ള ഇഷ്ടംതന്നെ അവസാനിപ്പിച്ചു.

പാതിവഴിയിൽ നിർത്തിയതോടെ കുട്ടികൾക്ക് ഗുണം ലഭിച്ചില്ലെന്നു മാത്രമല്ല തിരിച്ചടിയുമായി. വീട്ടിൽതന്നെ ചടഞ്ഞിരിക്കുന്നതിനാൽ പഴയ ശാരീരികക്ഷമത പലർക്കുമില്ലാതായെന്ന് രക്ഷിതാക്കൾ പറഞ്ഞു. പരിശീലകരുടെയും വരുമാനമാണ് നിലച്ചിരിക്കുന്നത്. മാസം 5000 രൂപ വീതം ഇവർക്ക് പ്രതിഫലം ലഭിക്കാറുണ്ടായിരുന്നു.

ബാസ്കറ്റ്ബാൾ പരിശീലിപ്പിക്കാൻ ഹൂപ്സ്, ടെന്നിസിനായി എയ്സ്, നീന്തലിനായി സ്പ്ലാഷ് തുടങ്ങിയ പദ്ധതികൾ പ്രഖ്യാപിച്ചിട്ടും കായികവകുപ്പ് നടപ്പാക്കിയിരുന്നില്ല. ഒരു വർഷത്തിലേറെയായി സംസ്ഥാന കായിക വകുപ്പും സ്പോർട്സ് കൗൺസിലും കായികരംഗത്ത് വെറും കാഴ്ചക്കാരായി നിൽക്കുന്നതിനിടെയാണ് കുട്ടികളുടെ പരിശീലനവും ഇല്ലാതാകുന്നത്.

Tags:    
News Summary - The 'Kickoff' project started by the Sports Department is forgotten

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.