അരീക്കോട്: കാൽപന്തുകളിക്ക് പേരുകേട്ട അരീക്കോടിെൻറ മണ്ണിൽ ആദ്യമായി ഒരു പ്രഫഷനൽ ഫുട്ബാൾ ക്ലബ് വരുന്നു. എഫ്.സി അരീക്കോട് എന്ന പേരിലാണ് പരമ്പരാഗത ഫുട്ബാൾ ഗ്രാമമായ അരീക്കോട്ട് ക്ലബ് പിറവികൊള്ളുന്നത്. 'ഇൻറഗ്രേറ്റഡ് സ്പോർട്സ് ബാൾ' കമ്പനിയുടെ കീഴിലാണ് എഫ്.സി അരീക്കോടിെൻറ പ്രവർത്തനം.
ഈ വർഷത്തെ കേരള പ്രീമിയർ ലീഗിലൂടെ അരങ്ങേറ്റത്തിന് തുടക്കം കുറിക്കാനാണ് ക്ലബ് ലക്ഷ്യമിടുന്നത്. ഇതിനായി സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നുമായി 16നും 21നും മധ്യേ പ്രായമുള്ള അറുപതോളം താരങ്ങളെയാണ് ഇതിനകം തന്നെ ക്ലബ് ടീമിലേക്ക് എത്തിച്ചത്. ഇവരിൽനിന്ന് തിരഞ്ഞെടുക്കുന്ന മികച്ച ഒരു ടീമിന് പ്രഫഷനൽ പരിശീലകരുടെ നേതൃത്വത്തിൽ പരിശീലനം നൽകും. ഗോവയിലെ ചൗഗുളെ സ്പോർട്സ് സെൻററിലാണ് ക്ലബിലെ താരങ്ങൾ നിലവിൽ പരിശീലനം നടത്തുന്നത്. ക്ലബിലേക്ക് എത്തിച്ച 60 താരങ്ങളിൽ 30 പേരാണ് ഗോവയിൽ പരിശീലനത്തിലുള്ളത്. കേരള ഫുട്ബാൾ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് കാഞ്ഞിരാല അബ്ദുൽകരീം, അണ്ടർ 19 ഇന്ത്യൻ ബെസ്റ്റ് താരവും രാജ്യത്തെ മികച്ച ക്ലബുകളുടെ ഗോൾകീപ്പറുമായിരുന്നു റാഷിദ് നാലകത്ത്, എം.ബി.ബി. ഷൗക്കത്ത്, ഡോ. കെ. സഫറുല്ല, പി.ടി. നിഷാദ്, പി.ടി. ഫിർഷാദ് എന്നിവരാണ് കളിക്കളത്തിന് പുറത്ത് ക്ലബിനു വേണ്ടി കരുനീക്കം നടത്തുന്നത്.
കേരള പ്രീമിയർ ലീഗ്, ഇന്ത്യൻ സൂപ്പർ ലീഗ് ഉൾപ്പെടെയുള്ള രാജ്യത്തെ പ്രധാന മത്സരങ്ങളിൽ പങ്കെടുക്കാൻ ടീമിനെ പാകപ്പെടുത്തും. അതിനായി മണിപ്പൂർ, മിസോറം, മേഘാലയ ഉൾെപ്പടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലും ടൂർ നടത്തി രാജ്യത്തെ മികച്ച ക്ലബുകളുമായി സൗഹൃദ മത്സരങ്ങൾ കളിക്കുമെന്ന് ക്ലബ് ചെയർമാൻ കാഞ്ഞിരാല അബ്ദുൽകരീം 'മാധ്യമ'ത്തോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഗോവയിൽ നടന്ന സൗഹൃദ മത്സരങ്ങളിൽ എഫ്.സി അരീക്കോട് എഫ്.സി ഗോവയെ രണ്ടിനെതിരെ ഒരു ഗോളിന് പരാജയപ്പെടുത്തുകയും ഇലവൻ എഫ്.സിയെ സമനിലയിൽ തളക്കുകയും ചെയ്തിരുന്നു.
അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയം ഹോം ഗ്രൗണ്ടായി ലഭിക്കാനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണെന്ന് ക്ലബ് മാനേജ്മെൻറ് പറയുന്നു. ക്ലബുമായി ബന്ധപ്പെട്ട തുടർ നടപടികൾ പുരോഗമിക്കുകയാണെന്നും ഒൗദ്യോഗിക പ്രഖ്യാപനം, ലോഗോ പ്രകാശനം ഉൾപ്പെടെയുള്ള ചടങ്ങുകൾ ഉടൻ ഉണ്ടാകുമെന്നും കാഞ്ഞിരാല അബ്ദുൽകരീം 'മാധ്യമ'ത്തോട് പറഞ്ഞു.
രാജ്യത്തിനകത്തും പുറത്തുമായി വിവിധ ക്ലബുകൾക്ക് വേണ്ടി ബൂട്ട് കെട്ടുകയും പരിശീലനം നൽകുകയും ചെയ്ത ദുലീപ് മേനോൻ ടീമിെൻറ ടെക്നിക്കൽ ഡയറക്ടറും മുഹമ്മദ് ആഷിഖ് ചീഫ് കോച്ചുമാണ്. മികച്ച പരിശീലനം ലഭിച്ച മറ്റു കോച്ചുമാരും ടീമിന് വേണ്ടി നിലവിലുണ്ട്. ഗോവയിലെ പരിശീലനത്തിലുള്ള ടീമംഗങ്ങളെ ഇന്ത്യൻ ടീം ടെക്നിക്കൽ കോഓഡിനേറ്റർ സാവിയോ മെദീര സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.