ശരീരം മാത്രമാണ് വിമാനം കയറിപ്പോന്നത്. മനസ്സിപ്പോഴും മുശൈരിബ് മെട്രോ സ്റ്റേഷനിലാണ്. മൊറോക്കോക്കാരുടെ സുഫിയാന് അമ്രബാത്തിനെ പോലെ ഒരു തുരുത്താണത്. ദോഹയില്‍ വിമാനമിറങ്ങിയ ലോകത്തിന് എട്ടു സുന്ദര വഴികളിലേക്ക് പിരിഞ്ഞുപോകേണ്ടത് മുശൈരിബിൽ നിന്നാണ്. ജാതി മത വർണ വൈചാത്യങ്ങളില്ലാതെ ഒറ്റ വികാരത്തിന് അടിമപ്പെട്ട് കാതങ്ങൾ താണ്ടിയെത്തിയ അസംഖ്യം മനുഷ്യർ. ശാന്തി തേടിയുള്ള ആത്മാക്കള്‍ക്ക് പൂർണതയിലേക്കുള്ള ദിശ കാണിച്ചത് ഭൂമിക്കടിയിൽ പണിതുവെച്ച ആ മെട്രോസ്റ്റേഷനായിരുന്നു. എന്തൊക്കെ തരം മനുഷ്യരാണ് അതുവഴി ഒഴുകിപോയത്. ഏതൊക്കെ ഈണങ്ങളിലുള്ള മുദ്രാവാക്യങ്ങളാണ് അതിനകത്ത് തളം കെട്ടിനിന്നത്. എത്ര മനോഹരമായ രാവുകളാണ് പുലരാതെ ബാക്കിയായത്. ലോകത്തിലെ ഏറ്റവും ചന്തമുള്ള കായിക മഹോത്സവം ബാക്കിയാക്കിയ ചിത്രങ്ങളെ ഓർത്തെടുക്കാൻ പറഞ്ഞാൽ എന്റെ മനസ്സാദ്യമെത്തുക മുശൈരിബിൽ തന്നെയാണ്. അവിടെ നിന്നാണ് അടുത്ത ലക്ഷ്യസ്ഥാനത്തെ കുറിച്ചാലോചിക്കുക.
2017ലാണ് മീഡിയവൺ പ്രതിനിധിയായി ഖത്തറിലെത്തുന്നത്. പ്രധാനമായും ലോകകപ്പിന്റെ മുന്നൊരുക്കങ്ങളും തയാറെടുപ്പുകളും പ്രേക്ഷകരിലേക്കെത്തിക്കലായിരുന്നു ഏൽപിക്കപ്പെട്ട ഉത്തരവാദിത്തം. ഏറക്കുറെ എല്ലാ സ്റ്റേഡിയങ്ങളും നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ നേരിട്ട് സന്ദർശിക്കാൻ ഭാഗ്യം ലഭിച്ചിരുന്നതാണ്. നിർമാണം പൂര്‍ത്തിയാകുമ്പോള്‍ ഓരോ സ്റ്റേഡിയങ്ങളുടെയും രൂപമെന്തായിരിക്കുമെന്ന് നേരത്തേ തന്നെ മനസ്സില്‍ പതിഞ്ഞതുമാണ്. ജീവനില്ലെങ്കില്‍ ശരീരം വെറും ജഡമാണെന്ന് പറയുന്നതു പോലെയാണ് സ്റ്റേഡിയങ്ങളും. എത്ര മനോഹര സ്റ്റേഡിയങ്ങളാണെങ്കിലും അതിന്റെ നടുത്തളത്തിലൊരു പച്ചപ്പുല്‍ പടര്‍പ്പും അതിനു മേല്‍ 22 പടയാളികളും ചുറ്റും ആയിരങ്ങളുടെ ആരവവും സന്നിവേശിപ്പിക്കപ്പെടുമ്പോള്‍ മാത്രമാണ് ആ മൈതാനങ്ങള്‍ക്ക് ജീവന്‍ വെക്കുന്നത്. അതിനാല്‍ തന്നെ പന്തുരുളുന്നതിന് മുന്നേ കണ്ട മൈതാനങ്ങളെയല്ല ഞാന്‍ ശേഷം കണ്ടത്. അത് തീര്‍ത്തും അനിര്‍വചനീയമായ അനുഭൂതിയായിരുന്നു. ജീവിതത്തിലെ ആദ്യത്തേതും ഒരുപക്ഷേ അവസാനത്തേതുമായ വിശ്വഫുട്ബാള്‍ മാമാങ്കത്തിന്റെ നേരനുഭവം.
ആ ദിവസങ്ങളിൽ രാവുകളുണ്ടായിരുന്നോ?, ഓർമയില്ല.. പകലെപ്പോഴോ കുളിച്ചുമാറ്റിയിറങ്ങും. എപ്പോഴാണ് റൂമിൽ തിരിച്ചെത്തുന്നതെന്ന് നിശ്ചയമില്ല. ഉറക്കത്തിലും സഞ്ചാരം തന്നെയാണ്. ആ ദിനത്തിലെ കാഴ്ചകളിലൂടെ വീണ്ടും കിനാകപ്പലോടുകയാണ്. ചുരുക്കത്തില്‍ ഒരു ദിവസത്തെ 24 മണിക്കൂറും കിനാകപ്പലിലൂടെയുള്ള സഞ്ചാരം തന്നെ. അല്‍ ബൈത്തിലന്ന് ആദ്യയങ്കത്തില്‍ ഖത്തറുകാർ നിറഞ്ഞു കവിഞ്ഞതാണ്. ലോകത്തിന് വിരുന്നൊരുക്കി ക്ഷീണിച്ച ആതിഥേയർ എക്വഡോറുകാരോട് പോരാടിത്തന്നെയാണ് അടിയറവ് പറഞ്ഞത്. കളി കഴിഞ്ഞിറങ്ങിയ ഖത്തറുകാരുടെ മുഖത്ത് തോറ്റതിന്റെ നിരാശയുണ്ടായിരുന്നില്ല. പകരം തങ്ങളൊരുക്കിയ സൽക്കാരം അറിഞ്ഞാസ്വദിക്കുന്ന ലോകത്തെ അവർ അനുഭവിക്കുകയായിരുന്നു. അടുത്ത ദിവസം ഖലീഫ സ്റ്റേഡിയത്തിലേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. ഇംഗ്ലീഷുകാർ ആറെണ്ണമടിച്ച് മഴപെയ്യിച്ച കളി കാണാൻ കഴിയാതിരുന്ന നിരാശ ഇപ്പോഴും തീർന്നിട്ടില്ല. ബെല്ലിങ്ഹാമിന്റെയും സാക്കയുടെയും ഗ്രീലിഷിന്റെയും ഹാരി കെയിനിന്റെയും സര്‍വോപരി സൗത്ത് ഗേറ്റിന്റെയും സംഘം ഖത്തർ ലോകകപ്പിലെ എന്റെ രണ്ടാമത്തെ ഇഷ്ടമായിരുന്നു. എത്ര മനോഹരമായാണവർ കളിച്ചത്. എല്ലാ ലോകകപ്പുകളെയും പോലെ കൊടുങ്കാറ്റുപോലെ വന്ന് ഫൈനലിലേക്കുള്ള വഴികളിൽ ദോഹയുടെ തീരങ്ങളിലെവിടെയോ ആ കാറ്റ് ദുർബലമായി. ഖത്തർ ലോകകപ്പിൽ കൂടുതൽ വേദനിച്ച നിമിഷം ഇംഗ്ലണ്ട് ഫ്രാൻസിനോട് തോറ്റു പുറത്തായതായിരുന്നു.
ബ്രസീലിൽവെച്ച് ആദ്യ കോപ കിരീടം സ്വന്തമാക്കി അതിന്റെ ആത്മവിശ്വാസത്തില്‍ ലോകകപ്പിനെത്തിയ മെസ്സിയും സംഘവും തന്നെയായിരുന്നു എന്റെ ഒന്നാം ഫേവറിറ്റുകള്‍. രണ്ടാം ദിനം അർജന്റീന സൗദിയോട് തോറ്റപ്പോഴും ആ സംഘത്തിലുള്ള എന്റെ പ്രതീക്ഷകൾ ഒട്ടും കുറഞ്ഞിരുന്നില്ല. കാരണം അത്രമേല്‍ പോരാട്ടവീര്യവും ആത്മാർപ്പണവുമുള്ള ഒരു സംഘമായിരുന്നു അത്. ആ സംഘത്തിന്റെ കരുത്ത് കൃത്യമായി അറിയാവുന്നതു കൊണ്ടു തന്നെയാണ് സൗദിക്കെതിരായ മത്സരം കഴിഞ്ഞ് മെസ്സിയുടെ പ്രതികരണം വന്നത്. ഈ സംഘം ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ലെന്ന്. നാലു ലോകകപ്പുകളിൽ കളിച്ച മെസ്സി ഏറ്റവും മനോഹരമായി കളിക്കുന്നൊരു ലോകകപ്പ് ഖത്തറിലേതായിരിക്കുമെന്ന് നേരത്തെതന്നെ ഫുട്ബാൾ വിശാരദന്മാർ വിലയിരുത്തിയതുമാണ്. മെസ്സിയെ മുന്നിൽ നിർത്തി സ്കലോണി വാർത്തെടുത്ത അതിശയസംഘത്തെ കൃത്യമായി പഠിച്ചവരായിരുന്നു അവരൊക്കെ. കപ്പിലേക്കുള്ള യാത്രയിൽ മെസ്സിയിൽനിന്ന് നിരവധി ഗോളുകളും സുന്ദര നീക്കങ്ങളുമൊക്കെ കണ്ടെങ്കിലും സ്കലോണി പറഞ്ഞതുപോലെ അർജന്റീന നേടിയ ഏറ്റവും നിർണായകമായ ഗോൾ മെക്സിക്കോക്കെതിരെ മെസ്സി നേടിയ ആദ്യ ഗോൾതന്നെയായിരുന്നു. യോഗ്യത റൗണ്ടിലെ ഒറ്റ മത്സരം പോലും കളിക്കാത്ത രണ്ട് യുവതുര്‍ക്കികളുടെ ഉദയത്തിനും സാക്ഷ്യം വഹിച്ചത് ആ മത്സരമാണ്. മധ്യനിരയിൽ എൻസോ ഫെർണാണ്ടസും മുന്നേറ്റത്തിൽ ഹൂലിയൻ അല്‍വാരസും അർജന്റീനയുടെ കിരീടനേട്ടത്തിൽ എത്രമാത്രം നിർണായകമായ സാന്നിധ്യങ്ങളായെന്നതും നമ്മൾ കണ്ടതാണ്. ലോകകപ്പ് അങ്ങനെയാണ്. അപ്രതീക്ഷിതമായ ഉയർപ്പുകളുടെ പോർക്കളമാണത്.
ഖത്തറിൽ കിരീടം അർജന്റീനക്കുള്ളതാണെന്ന് സോഷ്യൽ മീഡിയയിലും മറ്റു സ്പേസുകളിലുമൊക്കെ പ്രവചിച്ചു തള്ളി മറിച്ച ഒരാളാണ് ഞാൻ. ഒരു അർജന്റീൻ ആരാധകനായതിനാലുള്ള ഫാൻ ബോയ് ഡ്രീം മാത്രമായിരുന്നു അത്. പക്ഷേ ക്വാർട്ടര്‍ ഫൈനലിൽ നെതര്‍ലൻഡ്സിനെ തോൽപിച്ചതോടെ എനിക്കുറപ്പായി. ഈ സംഘം ഏത് അപകടത്തിൽ നിന്നും തിരിച്ചുവരാൻ കെൽപ്പുള്ളവരാണെന്ന്. പ്രതിസന്ധികളിൽ തളരുന്ന മെസ്സിയും അപ്പോഴേക്കും അപ്രത്യക്ഷനായിരുന്നു. ഖത്തർ ലോകകപ്പിൽ ഏറ്റവും ആവേശം നിറച്ച മത്സരം ഏതാണെന്ന് ചോദിച്ചാൽ ഫൈനലിനേക്കാൾ ഒരു പടി മുന്നിൻ ഞാൻ അർജന്റീന- നെതർലൻഡ്സ് ക്വാർട്ടർ മത്സരത്തെ നിർത്തും. അത്രത്തോളം വൈകാരിക വിസ്ഫോടനങ്ങൾക്ക് ലോകം സാക്ഷിയായ മത്സരം. വിഖ്യാതനായ ഡച്ച് കോച്ച് ലൂയിസ് വാൻഗാളിന് മുന്നിൽ മെസ്സി പ്രത്യേക ആക്ഷൻ കാണിച്ച രംഗമൊന്നും ഫുട്ബാൾ നിലനിൽക്കുന്നിടത്തോളം ചരിത്രം മറക്കില്ല. ആകെ നാല് മത്സരങ്ങളാണ് സ്റ്റേഡിയത്തിലെത്തി നേരിട്ടുകാണാൻ കഴിഞ്ഞത്. ബാക്കിയെല്ലാം കണ്ടത് കോർണിഷിലെ ഫാൻ സോണിൽ വെച്ചാണ്. സ്റ്റേഡിയത്തിലെത്താൻ കഴിയാത്തതിന്റെ നിരാശ മുഴുവൻ മാറ്റിയത് ഫാൻ സോണാണ്. ലോകകപ്പിന്റെ തുടിപ്പാർന്ന ഓർമകളിൽ നിറമൊട്ടും കെടാതെ ഫാൻസോണുണ്ട്. നേരത്തെ മുശൈരിബ് സ്റ്റേഷന്റെ കാര്യം പറഞ്ഞതുപോലെ വ്യത്യസ്ത തരം മനുഷ്യരുടെ സമ്മേളനനഗരി. ആനന്ദാതിരേകത്തിന്റെയും നഷ്ടദുഃഖങ്ങളുടെയും കണ്ണീരുവീണ് നനഞ്ഞുകുതിർന്ന മണ്ണായിരുന്നു അത്. കളി കഴിഞ്ഞും നേരം വെളുക്കുവോളം ആഘോഷം. അവിസ്മരണീയമായ എന്തെല്ലാം മുഹൂർത്തങ്ങളാണ് ഫാൻ സോൺ ബാക്കിയാക്കിയത്.
ഒടുക്കം ഫൈനലിലേക്കെത്തിയപ്പോള്‍ വല്ലാത്തൊരു വിങ്ങലായിരുന്നു. ഒന്നാമത്തെ ചിന്ത അർജന്റീനയും മെസ്സിയും തന്നെ. ഒരിക്കൽകൂടി ഫൈനലിൽ കാലിടറിപ്പോയാലുണ്ടാകുന്ന ദുരന്തങ്ങളെയോർത്തുള്ള ആധി. മറ്റൊന്ന് ഉത്സവം കൊടിയിറങ്ങുന്നതിലുള്ള നിരാശ. രണ്ടാമത്തേത് തന്നെയായിരുന്നു മനസ്സിനെ കാര്യമായി അലട്ടിയത്. സെമി കഴിഞ്ഞപ്പോഴേക്കും പുറത്തായ ടീമുകളുടെയൊക്കെ ആരാധകർ നാടുപിടിച്ചിരുന്നു. മെട്രോയിലും കോർണിഷിലുമൊക്കെ ആളും ആരവവും കുറഞ്ഞപ്പോൾ വല്ലാത്തൊരു നഷ്ടബോധം. ജീവിത്തിലൊരിക്കലും തിരിച്ചുകിട്ടാത്ത എന്തോ ഒന്ന് വിട്ടുപോകുന്നതിലുള്ള വേദന. അതിനിടയിലാണ് ലുസൈലിൽ കലാശപ്പോരിന് പന്തുരുണ്ടത്. ലോകകപ്പ് ഫുട്ബാളിന്റെ ചരിത്രത്തിൽ ഇന്നേവരെ ഇങ്ങനൊരു ഫൈനലുണ്ടായിട്ടുണ്ടോ? 120 മിനിറ്റും പിന്നെ ഷൂട്ടൗട്ടിന്റെ സമയവും ഇത്രയും പിരിമുറുക്കം അനുഭവിച്ച മറ്റൊരു ഫുട്ബാൾ മത്സരവും എന്റെ ജീവിതത്തിലുണ്ടായിട്ടില്ല. നെതർലൻണ്ട്സിനെതിരെ ജയിച്ചു കയറിപ്പോൾ ഇനിയൊരിക്കലും ഈ ടീം വീഴില്ല എന്ന ബോധമുണ്ടായ കാര്യം നേരത്തെ സൂചിപ്പിച്ചുവല്ലോ. എക്സ്ട്രാ ടൈമിന്റെ ഇഞ്ചുറി മിനിറ്റിൽ മൂന്നാം ഗോളും എംബാപ്പെ മടക്കിയടിച്ചപ്പോൾ പക്ഷേ ആത്മവിശ്വാസം പകുതി ചോർന്നു. ഇത് കൈവിടാനുള്ളത് തന്നെയാണെന്നൊരു തോന്നൽ. പക്ഷേ ഫുട്ബാളിന്റെ അപ്രവചീനയതയും അനിശ്ചിതത്വവും ഒരിക്കൽ കൂടി എന്റെ ബോധത്തെ കീഴ്പെടുത്തി. എമിലിയാനോ മാർട്ടിനസെന്ന അതിശയമനുഷ്യന് എത്രമാത്രം കടപ്പെട്ടവരായിരിക്കും അർജന്റീനക്കാരും പിന്നെ സാക്ഷാൽ മെസ്സിയും എന്ന് ചോദിച്ചാൽ ഉത്തരമുണ്ടാകില്ല. ഷൂട്ടൗട്ട് വരെ എംബാപ്പെയാണ് കളിയുടെ ഗതി നിർണയിച്ചതെങ്കിൽ പിന്നീടങ്ങോട്ട് എമിലിയാനോ ആയിരുന്നു. മൊണ്ടിയേലിന്റെ അവസാന കിക്കും ഫ്രഞ്ച് ഗോൾവലയെ ചുംബിച്ചപ്പോൾ ലോകത്തിന്റെ കണ്ണുകൾ പതിഞ്ഞത് ലിയോയിൽ. ലോകം മുഴുവൻ അയാൾക്കൊപ്പമിരുന്ന് വിതുമ്പിയ നിമിഷങ്ങൾ. കാലവും ചരിത്രവും കാൽപന്തിന്റെ കാമുകനോട് നീതി പാലിച്ചെന്ന് ലോകം വിധിയെഴുതി. ഖത്തർ അമീർ മെസ്സിയുടെ കൈയിലേക്ക് കിരീടം വെച്ചുകൊടുക്കുന്ന ആ കാഴ്ച തന്നെയായിരുന്നു ഖത്തർ ലോകകപ്പിലെ ഏറ്റവും മനോഹരമായ ദൃശ്യം. അത് മെസ്സിയുടെയും ഫുട്ബാളിന്റെയും ഖത്തറിന്റെ ലോകകപ്പ് ആതിഥേയത്വത്തിന്റെയുമൊക്കെ പൂർണതയായിരുന്നു.
മരുഭൂമിയിൽ മഴ പെയ്തുതോർന്നിട്ടിപ്പോൾ ഒരു കൊല്ലം കഴിയുന്നു. ഇപ്പോഴും പക്ഷേ മരം നിന്നു പെയ്യുകയാണ്. ഇനിയൊരിക്കൽ കൂടി ഒരു ലോകകപ്പ് നേരിൽ കാണാൻ ഭാഗ്യം ലഭിക്കുമെന്നുറപ്പില്ല. ഇനി ലഭിച്ചാൽതന്നെ അവിടെ മെസ്സിയും ക്രിസ്റ്റ്യാനോയും ലൂക്കാ മോഡ്രിച്ചും നെയ്മറും ലവൻഡോസ്കിയും ഹസാർഡുമൊന്നുമുണ്ടാവില്ലല്ലോ.. അതുകൊണ്ട് ഖത്തർ ലോകകപ്പിന്റെ കാര്യത്തിൽ മാത്രം കീറ്റ്സിനെ തിരുത്തുകയാണ്. ‘കാണാനിരിക്കുന്നതല്ല കണ്ടുകഴിഞ്ഞതുതന്നെയാണ് ഏറ്റവും മനോഹരം....’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.