മലപ്പുറത്തെ സമനിലയിൽ തളച്ച് തിരുവനന്തപുരം കൊമ്പൻസ് സെമിയിൽ

മഞ്ചേരി: പ്രഥമ സൂപ്പർ ലീഗ് കേരളയിൽ മലപ്പുറത്തിന്‍റെ സെമി മോഹത്തെ തല്ലിക്കെടുത്തി തിരുവനന്തപുരം കൊമ്പൻസ് എഫ്.സി സെമിയിൽ. പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ കൊമ്പൻമാരോട് 2-2ന് സമനിലയിൽ കുരുങ്ങിയാണ് ആരാധകർ ഏറെയുള്ള മലപ്പുറം സെമി കാണാതെ പുറത്തായത്. 36-ാം മിനിറ്റിൽ ഓഖട്ടമെർ ബിസ്പോ, 46-ാം മിനിറ്റിൽ പോൾ എന്നിവർ സന്ദർശകർക്കായി വല കുലുക്കി. 70-ാം മിനിറ്റിൽ അലക്സ് സാഞ്ചസ് മലപ്പുറത്തിന്റെ ആശ്വാസ ഗോൾ നേടി.

തിരുവനന്തപുരം സെമിയിൽ കാലിക്കറ്റ് എഫ്.സിയെ നേരിടും. സമനില പോലും മുന്നോട്ടുള്ള പ്രയാണത്തിന് തടസ്സമാകുമെന്നതിനാൽ സെമി ഉറപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയ മലപ്പുറം കഴിഞ്ഞ മത്സരത്തിൽ നിന്നും നാല് മാറ്റങ്ങൾ വരുത്തിയാണ് കളത്തിലിറങ്ങിയത്. ഗോൾകീപ്പർ മിഥുൻ, ക്യാപ്റ്റൻ അനസ് എടത്തൊടിക, നന്ദു കൃഷ്ണ, ഉഗാണ്ടൻ താരം ഹെൻഡ്രി കിസേക്ക എന്നിവർ ആദ്യ 11ൽ തിരിച്ചെത്തി. പെഡ്രോ മാൻസി, സിനാൻ, നോറം, അജിത് കുമാർ എന്നിവർ എന്നിവർ പകരക്കാരായി. 3-5-2 ശൈലിയിൽ ആക്രമണത്തിന് പ്രാധാന്യം നൽകിയാണ് കോച്ച് ജോൺ ഗ്രിഗറി ടീമിനെ ഇറക്കിയത്. സെമി ഉറപ്പിക്കാൻ ബ്രസീലിയൻ കരുത്തുമായി 4-3 - 3 ശൈലിയാണ് തിരുവനന്തപുരം കോച്ച് സെർജിയോ അലക്സാൻഡ്രെ പരീക്ഷിച്ചത്. ആദ്യ മിനിറ്റിൽ തന്നെ കൊമ്പൻസ് പോർമുഖം ഹെൻഡ്രി കിസേക്ക വിറപ്പിച്ചെങ്കിലും കോർണർ വഴങ്ങി അപകടമൊഴിവാക്കി. ഒമ്പതാം മിനിറ്റിൽ ലഭിച്ച കോർണർ ഫസലുറഹ്മാൻ മിത്ത് അഡേക്കറിന് നൽകി. വലതു വിങ്ങിൽ നിന്നും മിത്ത് നൽകിയ ക്രോസ് ഗുർജീന്ദർ ഹെഡ് ചെയ്തെത് കൊമ്പൻസ് കീപ്പർ മൈക്കിൾ സാന്റോസ് പിടിയിലൊതുക്കി.

ഹെൻഡ്രിയും ഫസലുവും ബ്രസീലിയൻ താരം ബാർബോസ ജൂനിയറും ഗോൾ കണ്ടെത്താൻ കിണഞ്ഞ് ശ്രമിച്ചെങ്കിലും കൊമ്പൻമാർ കോട്ട കാത്തു. 36-ാം മിനിറ്റിൽ ആർത്തിരമ്പിയ ഗാലറിയെ നിശബ്ദമാക്കി കൊമ്പൻസ് ആദ്യം കുലുക്കി. പന്തുമായി കുതിച്ച ഓട്ടമെർ ബിസ്പോയെ ബോക്സിൽ നന്ദു കൃഷ്ണ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ബിസ്പോ തന്നെ പോസ്റ്റിൽ അടിച്ചു കയറ്റി (സ്കോർ 1-0).

രണ്ടാം പകുതി ആരംഭിച്ച ആദ്യ മിനിറ്റിൽ കൊമ്പൻസ് മലപ്പുറത്തെ ഞെട്ടിച്ചു. വലതുവിങ്ങിൽ നിന്ന് മുഹമ്മദ് അസ്ഹർ നൽകിയ പന്ത് സ്വീകരിച്ച പോൾ, കീപ്പർ മിഥുന്റെ തലക്ക് മുകളിലൂടെ കോരിയിട്ട് ലീഡുയർത്തി. (സ്കോർ 2.0 ). 52-ാം മിനിറ്റിൽ തിരുവനന്തപുരത്തിന് ലീഡുയർത്താൻ സുവർണാവസരം ലഭിച്ചു. അസ്ഹർ നൽകിയ ക്രോസിന് ബിസ്പോ കാല് വെച്ചെങ്കിലും മിഥുൻ രക്ഷപ്പെടുത്തി. 70-ാം മിനിറ്റിൽ മലപ്പുറം ഒരു ഗോൾ തിരിച്ചടിച്ചു. പകരക്കാരനായി ഇറങ്ങി മിനിറ്റുകൾക്കകം സ്പാനിഷ് താരം അലക്സ് സാഞ്ചസ് ബാർബോസയുടെ ക്രോസിന് തലവെച്ച് പന്ത് വലയിലെത്തിച്ചു. ഇതിനിടയിൽ ഓട്ടമെർ ബിസ്പോയുടെ ഉഗ്രൻ വലങ്കാലൻ ഷോട്ട് മലപ്പുറത്തിന്റെ ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. അവസാന മിനിറ്റുകളിൽ മലപ്പുറം ആക്രമണം കടുപ്പിച്ചെങ്കിലും കൊമ്പന്മാരെ തളക്കാൻ സാധിച്ചില്ല.

Tags:    
News Summary - Thiruvananthapuram Kombans in Super League Kerala semi finals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.