ആൻഫീൽഡിൽ റയൽ വീഴ്ച; പെനാൽറ്റി നഷ്ടപ്പെടുത്തി എംബാപ്പെ; അഞ്ചിൽ അഞ്ചും ജയിച്ച് ചെമ്പട

ആൻഫീൽഡ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡിനു മുന്നിൽ കാലിടറുന്ന പതിവ് തിരുത്തി ലിവർപൂളിന്‍റെ തേരോട്ടം. സ്വന്തം തട്ടകമായ ആൻഫീൽഡിൽ നടന്ന ആവേശപോരിൽ മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് ചാമ്പ്യന്മാരെ ചെമ്പട നിലംപരിശാക്കിയത്.

കളിച്ച അഞ്ചു മത്സരങ്ങളും ജയിച്ച് ആർനെ സ്ലോട്ടും സംഘവും സീസണിൽ തകർപ്പൻ ഫോമിൽ കുതിക്കുകയാണ്. ക്ലബ് ഫുട്ബാളിലെ മിന്നുംതാരങ്ങൾ അണിനിരന്നിട്ടും മത്സരത്തിൽ റയലിനുമേൽ ലിവർപൂളിന്‍റെ ആധിപത്യമായിരുന്നു. ഏറെ പ്രതീക്ഷയോടെ ക്ലബിലെത്തിച്ച ഫ്രഞ്ച് സ്ട്രൈക്കർ കിലിയൻ എംബാപ്പെ പെനാൽറ്റി നഷ്ടപ്പെടുത്തിയതും ആരാധകരെ നിരാശരാക്കി. മുഹമ്മദ് സലാഹും പെനാൽറ്റി പുറത്തേക്കടിച്ചു. അലക്സിസ് മക് അലിസ്റ്റർ (52ാം മിനിറ്റിൽ), കോഡി ഗാക്പോ (76ാം മിനിറ്റിൽ) എന്നിവരാണ് ആതിഥേയർക്കായി വലകുലുക്കിയത്.

ഗോൾ കീപ്പർ തിബോട്ട് കോർട്ട്യോയുടെ തകർപ്പൻ സേവുകളാണ് റയലിനെ ഇതിലും നാണംകെട്ട തോൽവിയിൽനിന്ന് രക്ഷപ്പെടുത്തിയത്. ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ എട്ടു തവണ ഇരുവരും ഏറ്റുമുട്ടിയപ്പോഴും ജയം റയലിനൊപ്പമായിരുന്നു. ഇതിൽ രണ്ടു ഫൈനലുകളും ഉൾപ്പെടും. കളിച്ച അഞ്ചു മത്സങ്ങളും ജയിച്ച് ലിവർപൂൾ ഒന്നാം സ്ഥാനത്താണ്. മൂന്നു മത്സരങ്ങൾ തോറ്റ റയലിന്‍റെ ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ് പ്രതീക്ഷകൾ ഇതോടെ പരുങ്ങലിലായി. ആദ്യ പകുതിയിൽ ചെമ്പടക്ക് ഒന്നിലധികം ഗോളവസരങ്ങൾ ലഭിച്ചെങ്കിലും കോർട്ട്യോ വിഫലമാക്കി.

രണ്ടാം പകുതിയിലാണ് മത്സരത്തിലെ രണ്ടു ഗോളുകളും പിറന്നത്. മികച്ച നീക്കത്തിനൊടുവിൽ കോണർ ബ്രാഡ്ലിയുടെ പാസിൽ നിന്ന് മക് ആലിസ്റ്റർ ഒടുവിൽ റയൽ വല ചലിപ്പിച്ചു. അധികം വൈകാതെ പെനാൽറ്റിയിലൂടെ മത്സരത്തിൽ ഒപ്പമെത്താനുള്ള അവസരം റയലിന് ലഭിച്ചെങ്കിലും എംബാപ്പെ നഷ്ടപ്പെടുത്തി. 59ാം മിനിറ്റിൽ വാസ്കസിനെ റോബർട്ട്സൻ ഫൗൾ ചെയ്തതിനാണ് റയലിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചത്. എംബാപ്പെയുടെ ഷോട്ട് ലിവർപൂൾ ഗോൾ കീപ്പർ കെല്ലഹർ അനായാസം രക്ഷിച്ചു.

ഇതിനിടെ ബോക്സിനുള്ളിൽ റയൽ പ്രതിരോധ താരം ഫെർലാൻഡ് മെൻഡി സലാഹിനെ വീഴ്ത്തിയതിന് ലിവർപൂളിന് അനുകൂലമായി പെനാൽറ്റി. സൂപ്പർതാരം സലാഹിന്‍റെ കിക്ക് പുറത്തേക്ക്. എന്നാൽ, ലീഡ് ഉയർത്താൻ ലിവർപൂളിന് അധികം കാത്തിരിക്കേണ്ടി വന്നില്ല. 76ാം മിനിറ്റിൽ റോബർട്ട്സന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ പകരക്കാരൻ ഗാക്പോ ടീമിന്‍റെ രണ്ടാം ഗോളും നേടി. മത്സരത്തിൽ 60 ശതമാനവും പന്ത് കൈവശം വെച്ചത് ലിവർപൂളായിരുന്നു. 17 തവണ ചെമ്പട ഗോളിലേക്ക് ഷോട്ടുകൾ തൊടുത്തപ്പോൾ, റയലിന്‍റെ കണക്കിൽ ഒമ്പതെണ്ണം മാത്രം. 15 പോയന്‍റുമായാണ് ലിവർപൂൾ ഒന്നാം സ്ഥാനത്തുള്ളത്. ആറു പോയന്‍റുള്ള റയൽ 24ാം സ്ഥാനത്താണ്.

മറ്റു മത്സരങ്ങളിൽ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ട് 3-0ത്തിന് ഡൈനാമോ സഗ്രേബിനെയും ഫ്രഞ്ച് ക്ലബ് ലില്ലി 2-1ന് ബൊലഗ്നയെയും വീഴ്ത്തി. യുവന്‍റസ്-ആസ്റ്റൺ വില്ല മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. 

Tags:    
News Summary - UEFA Champions League: Liverpool 2-0 Real Madrid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.