Lionel Messi

മെസ്സിയുടെ ലോകകപ്പ് പെനാൽറ്റി ഡബ്ൾ ടച്ചോ?, പ്രചരിക്കുന്ന വിഡി​യോയുടെ സത്യാവസ്ഥ എന്ത്?

റയൽ മഡ്രിഡിനെതിരെ ചാമ്പ്യൻസ് ലീഗ് ​പ്രീ ക്വാർട്ടർ ഫൈനലിൽ അത്‍ലറ്റികോ മഡ്രിഡ് സ്ട്രൈക്കർ ഹൂലിയൻ ആൽവാരസിന്റെ പെനാൽറ്റി ഗോൾ ‘ഡബ്ൾ ​ടച്ച്’ ആണെന്ന് ‘വാർ’ വിധിയെഴുയതിന്റെ അലയൊലി ലോക ഫുട്ബാളിൽ നിലച്ചിട്ടില്ല. വലതുകാലുകൊണ്ട് കിക്കെടുക്കും മുമ്പ് വീഴാൻ പോയ ആൽവാരസിന്റെ ഇടതുകാൽ പന്തിന്മേൽ സ്പർശിച്ചുവെന്നായിരുന്നു വാറിന്റെ കണ്ടെത്തൽ. ടൈബ്രേക്കറിലെ ഈ വിവാദ തീരുമാനം അത്ലറ്റികോക്ക് തിരിച്ചടിയായപ്പോൾ അതിന്റെ ആനുകൂല്യത്തിൽ ജയിച്ചുകയറി റയൽ ക്വാർട്ടറിലെത്തി.

ആൽവാരസിന്റെ ‘ഡബ്ൾ ​ടച്ച്’ ചർച്ചയായതിനൊപ്പം സമൂഹ മാധ്യമങ്ങളിൽ മറ്റൊരു പ്രചാരണവും അരങ്ങേറുകയാണ്. 2022 ഖത്തർ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ തോൽപിച്ച് അർജന്റീന കിരീടം ചൂടിയ കളിയിൽ നായകൻ ലയണൽ മെസ്സി എടുത്ത പെനാൽറ്റി കിക്കും ഡബ്ൾ ടച്ചാണെന്ന വാദവുമായാണ് ചിലർ രംഗത്തുവന്നിട്ടുള്ളത്. സമൂഹ മാധ്യമങ്ങളിൽ ഈ വാദം ബലപ്പെടുത്താൻ മെസ്സി രണ്ടുതവണ പന്തിന്മേൽ സ്പർശിക്കുന്നുവെന്ന തരത്തിലുള്ള വിഡിയോയും ഇവർ പങ്കുവെക്കുന്നുണ്ട്.

എന്നാൽ, ഈ വിഡിയോ എഡിറ്റ് ചെയ്ത് വ്യാജമായി ഉണ്ടാക്കിയതാണെന്ന് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. മെസ്സിയുടെ പെനാൽറ്റി ഡബ്ൾ ​ടച്ച് ആണെന്ന് സ്ഥാപിക്കാൻ എംബാപ്പെയുടെ പേരിൽ വ്യാജ പ്രസ്താവനയും ഇക്കൂട്ടർ ഇറക്കിയിട്ടുണ്ട്. ‘മെസ്സിയുടെ പെനാൽറ്റി ഡബ്ൾ ടച്ച് അന്ന് കണ്ടെത്തിയിരുന്നെങ്കിൽ ലോകകപ്പ് ഞങ്ങൾ ജയിച്ചേനേ’ എന്നാണ് എംബാപ്പെ പറയുന്നതായി ചില എക്സ് ഹാൻഡിലുകൾ പ്രചരിപ്പിക്കുന്നത്.

എന്നാൽ, 2022 ലോകകപ്പ് ഫൈനലിൽ മെസ്സി പെനാൽറ്റി എടുക്കുന്നതിന്റെ യഥാർഥ ദൃശ്യങ്ങൾ മറുപടിയായി സമൂഹ മാധ്യമങ്ങളിൽ പലരും പോസ്റ്റ് ചെയ്തു. ഈ പെനാൽറ്റി കിക്കിന്റെ പല ആംഗിളുകളിൽനിന്നുള്ള ദൃശ്യങ്ങളിൽ ഒന്നിൽപോലും മെസ്സി പന്തിന്മേൽ രണ്ടുതവണ സ്പർശിക്കു​ന്നതായി ഇല്ല. അന്ന് ഫ്രാൻസിനെതിരെ ഫൈനൽ മത്സരത്തിന്റെ 23-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിക്ക് ഇടതുകാലു കൊണ്ട് മെസ്സി എടുക്കുമ്പോൾ വലതുകാൽ പന്തിൽനിന്ന് അകന്നാണുള്ളതെന്ന് യഥാർഥ ദൃശ്യങ്ങൾ തെളിവാകുന്നു.


Tags:    
News Summary - Was Messi's World Cup penalty a double touch? What is the truth behind the video being circulated?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.