അർജന്റീനയുടെ ഫുട്ബാൾ ചരിത്രത്തിൽ കറുത്ത വർഗക്കാരായ കളിക്കാർ എന്തുകൊണ്ടാണ് കളത്തിലില്ലാതെ പോകുന്നത്? ചരിത്രത്തിൽ ഇന്നേവരെ ആകെ മൂന്നു കളിക്കാർ മാത്രമാണ് ദേശീയ കുപ്പായമിട്ട് കളത്തിലിറങ്ങിയത്. ലോകകപ്പ് ഇലവനിൽ ഇതുവരെ ഒരാൾ പോലും രാജ്യത്തിനുവേണ്ടി കളിച്ചിട്ടില്ല. 1978 ലോകകപ്പിൽ ഗോൾകീപ്പർ ആയിരുന്ന ഹെക്ടർ ബാലേ റിസർവ് ആയാണ് അവരുടെ ലോകകപ്പ് ടീമിൽ ഉൾപ്പെട്ടത്. അയൽക്കാരായ ബ്രസീലിന്റെയും ഉറുഗ്വേയുടെയും കൊളംബിയയുടെയെുമൊക്കെ നേട്ടങ്ങളിൽ കറുത്ത വർഗക്കാരായ കളിക്കാർക്ക് സുപ്രധാന സ്ഥാനങ്ങളുണ്ട്. പെലെയും ഹോസേ ലിയാൻഡ്രോ അൻഡ്‌റടെയും ഉൾപെടെയുള്ളവർ കളിയിൽ വർണത്തിനപ്പുറം, വീരചരിതം രചിച്ചവരാണ്.
അർജന്റീനയുടെ ചരിത്രത്തിൽ അവരുടെ ദേശീയ ഫുട്ബാൾ ടീമിന് വേണ്ടി കളിച്ച മൂന്നു കറുത്ത വർഗക്കാരിൽ ആദ്യത്തെയാൾ 1920 മുതൽ 1925 വരെ അവരുടെ അണികളിൽ ഉണ്ടായിരുന്ന അലഹാൻഡ്രോ ഡെലോ സാന്റോസ് ആണ്. അർജന്റീനയുടെ വംശീയ ഘടനയാണ് ഈ അവഗണനക്കു കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. 97 ശതമാനം വെളുത്ത വർഗക്കാരുള്ള ഒരു ജനതയാണവരുടേത്. അവരെങ്ങിനെ അവരുടെ രാജ്യത്തുനിന്ന് വ്യവസ്ഥാനുഷ്ഠിതമായി ഒരു വിഭാഗത്തെ ഒഴിവാക്കി എന്ന് നിരവധി ഗവേഷണ റിപ്പോർട്ടുകളുണ്ട്. അതിൽ ഒന്നാണ് ‘The Sad story of how Argentina erased the existence of its Black Population- Richard Ingebedion’ എന്നത്. ഞെട്ടിപ്പിക്കുന്നതും സംഭ്രമജനകവുമായ വിവരങ്ങൾ ആണതിൽ.
ഇതിനിടയിലും ഉയരുന്ന ചോദ്യമാണ്, കായിക മികവിനും റിസർവേഷൻ ആവശ്യമുണ്ടോ എന്നത്. ഇതിനുള്ള മറുപടിയും അർജന്റീനക്കാർ അവരുടെ പ്രകോപനപരമായ പ്രവൃത്തിയിലൂടെ തെളിയിച്ചിട്ടുണ്ട്. 1916ലെ ആദ്യ കോപ്പ അമേരിക്ക മത്സരം അർജന്റീനയിൽ ആയിരുന്നു. അന്ന് അവരെ അവിടെവച്ചു പരാജയപ്പെടുത്തി ഉറുഗ്വെ കപ്പ് നേടിയപ്പോൾ അടുത്ത ദിവസം അർജന്റീന പത്രങ്ങളിലെ മുഖ്യ വാർത്ത ഇങ്ങനെയായിരുന്നു. ‘രണ്ടു കുരങ്ങന്മാരുമായി കളിച്ചു ഉറുഗ്വെ കപ്പ് നേടി. ഇസബൈലീനോ ഗാർദീൻ, ഹു വാൻ ഡലഗാഡ എന്നീ രണ്ടു കറുത്തവർഗക്കാരായിരുന്നു ആതിഥേയരുടെ സ്വപ്നം തകർത്തത്. ഈ പ്രതികരണം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധങ്ങൾ വരെ മോശമാക്കിയ രാഷ്ട്രീയ പ്രശ്നമായി മാറി. അതിന്റെ ചെറിയ തനിയാവർത്തനമേ ആകുന്നുള്ളൂ ഇപ്പോഴത്തെ ഫ്രഞ്ച് ടീമിന് എതിരെയുള്ള അവരുടെ കളിക്കാരുടെ പ്രകടനങ്ങൾ.
ബ്രസീൽ ദേശീയ ഫുട്ബോൾ ടീമിൽ കളിച്ച ആദ്യ കറുത്ത വർഗക്കാരനായിരുന്നു ആർഥർ ഫ്രീഡൻറിഷ്. (ഇദ്ദേഹത്തിന്റെ പിതാവ് ജർമൻ സായിപ്പും മാതാവ് ആഫ്രിക്കയിൽ നിന്നുള്ള കുടിയേറ്റക്കാരിയും ആയിരുന്നു. എന്നിട്ടും അദ്ദേഹം ഇരുണ്ട വർഗക്കാരുടെ പട്ടികയിൽ പെട്ടുപോയി). 1914 ൽ ബ്രസീലിയൻ ദേശീയ ടീമിനായി ഫ്രീഡൻറിഷ് അരങ്ങേറ്റം കുറിച്ചു. അക്കാലത്ത് ബ്രസീലിലും അദ്ദേഹത്തിന് വംശീയ വിവേചനം നേരിടേണ്ടി വന്നിരുന്നെങ്കിലും ക്ലബിനും രാജ്യത്തിനും വേണ്ടി മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചു. അത് ഭാവിയിൽ ബ്രസീലിയൻ ഫുട്ബാളിൽ കറുത്ത കളിക്കാർക്ക് കൂടുതൽ സ്വീകാര്യതയ്ക്കും പ്രാതിനിധ്യത്തിനും വഴിയൊരുക്കാൻ സഹായിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.