ലോകകപ്പിന് പിന്നാലെ മെസ്സി വിരമിക്കുമോ? അർജന്‍റീന കോച്ചിന് പറയാനുള്ളത്...

ലോകത്തിലെ എക്കാലത്തെയും മികച്ച ഫുട്ബാൾ താരങ്ങളിലൊന്നാണ് ലയണൽ മെസ്സി. 35കാരനായ താരത്തിന്‍റെ കരിയറിലെ അവസാനത്തെ ലോകകപ്പായിരിക്കും ഖത്തറിലേതെന്നാണ് വിലയിരുത്തൽ. മെസ്സിക്ക് വേണ്ടി ലോകകപ്പ് നേടുകയെന്ന ലക്ഷ്യത്തോടെയിറങ്ങുന്ന അർജന്‍റീന ടീമിന് അത്ര എളുപ്പമല്ല കാര്യങ്ങൾ. സെമിയിൽ നേരിടാനുള്ളത് കരുത്തരും കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളുമായ ക്രൊയേഷ്യയെയാണ്. ക്രൊയേഷ്യയെ മറികടന്നാൽ പിന്നീട് നേരിടാനുള്ളത് ഒന്നുകിൽ മിന്നുംതാരങ്ങളുടെ നിരയുള്ള ഫ്രാൻസിനെയോ, വമ്പന്മാരെ വീഴ്ത്തിയെത്തിയ മൊറോക്കോയെയോ ആവും.

ഫലം എന്തുതന്നെയായാലും ഈ ലോകകപ്പോടെ മെസി ബൂട്ടഴിക്കുമോയെന്ന ചോദ്യം അന്തരീക്ഷത്തിലുണ്ട്. ഇതിന് മറുപടി നൽകിയിരിക്കുകയാണ് അർജന്‍റീന കോച്ച് ലയണൽ സ്കലോണി.

'മെസ്സി കളി തുടരുമെന്നാണ് ഞങ്ങളെല്ലാം പ്രതീക്ഷിക്കുന്നത്. അങ്ങനെ സംഭവിക്കുമോയെന്ന് നമുക്ക് നോക്കാം. നമ്മൾ മെസ്സിയുടെ കളി ആസ്വദിച്ചുകൊണ്ടേയിരിക്കും. നമുക്കും ഫുട്ബാൾ ലോകത്തിനും അതാണ് പ്രധാനപ്പെട്ട കാര്യം' -സ്കലോണി പറഞ്ഞു.


Full View

ക്രൊയേഷ്യയുമായുള്ള ലോകകപ്പ് സെമി ഫൈനൽ മത്സരം കടുത്തതായിരിക്കുമെന്നും അർജന്‍റീന കോച്ച് ചൂണ്ടിക്കാട്ടി. മികച്ച നിരവധി കളിക്കാർ ക്രൊയേഷ്യൻ നിരയിലുണ്ട്. ക്രൊയേഷ്യയുടെ പ്രകടനം ഞങ്ങൾ വിശദമായി അവലോകനം ചെയ്തിട്ടുണ്ട്. മികച്ച കളിക്കാരുള്ള മികച്ച ടീമാണ് ക്രൊയേഷ്യ. മത്സരം കടുത്തതാകും. ഫുട്ബാളിനെ ഇഷ്ടപ്പെടുന്ന ഏതൊരാളും ലൂക്ക മോഡ്രിച്ചിനെ പോലൊരു താരത്തിന്‍റെ മത്സരം കാണാൻ ആഗ്രഹിക്കും. മോഡ്രിച്ചിന്‍റെ കളി കണ്ടുനിൽക്കുന്നത് തന്നെ സന്തോഷമുണ്ടാക്കും. അദ്ദേഹത്തിന്‍റെ കഴിവ് മാത്രമല്ല, മറ്റുള്ളവരോടുള്ള പെരുമാറ്റവും കാണിക്കുന്ന ബഹുമാനവുമെല്ലാം ഇതിന് കാരണമാണ് -സ്കലോണി പറഞ്ഞു. 

Tags:    
News Summary - Will Lionel Messi Retire After FIFA World Cup? Argentina Coach Says This

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.