ദോഹ: ലോകകപ്പ് ഫുട്ബാളിന് പന്തുരുളാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തുടരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. 'ലോകകപ്പ് ആതിഥേയ പദവി ലഭിച്ച നാൾമുതൽ അസാധാരണമായ ആരോപണങ്ങളും വിമർശനങ്ങളുമാണ് ഖത്തറിനെതിരെ ഉയരുന്നതെന്നും ഇവയെല്ലാം നിഗൂഢ താൽപര്യങ്ങളുടെയും കെട്ടിച്ചമച്ച കണക്കുകളുടെയും അടിസ്ഥാനത്തിലുള്ളവയാണെന്നും അമീർ തുറന്നടിച്ചു. ശൂറാകൗൺസിൽ യോഗത്തിൽ സംസാരിക്കവെയാണ് ലോകകപ്പിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിനെതിരെ പടിഞ്ഞാറൻ മാധ്യമങ്ങളിലും മറ്റും ഉയരുന്ന വിദ്വേഷപ്രചാരണങ്ങൾക്കെതിരെ അമീർ നിലപാട് വ്യക്തമാക്കിയത്.
'മുമ്പ് ഒരു ആതിഥേയരും നേരിടാത്ത വിമർശനങ്ങളാണ് ലോകകപ്പ് പ്രഖ്യാപിച്ച നാൾ മുതൽ ഖത്തറിനെതിരെ ഉയരുന്നത്. അവയോട് വളരെ വിവേകത്തോടെയും വിശ്വാസത്തോടെയുമായിരുന്നു ഞങ്ങൾ പ്രതികരിച്ചത്. പല മേഖലകൾ മെച്ചപ്പെടുത്താനും മാറ്റങ്ങൾ കൊണ്ടുവരാനും സഹായിക്കുന്ന ആരോഗ്യകരമായ വിമർശനങ്ങളായാണ് കണക്കാക്കിയത്.എന്നാല്‍, ആവർത്തിക്കുന്ന വിമർശനങ്ങൾക്കു പിന്നിലെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്നതാണ്. കെട്ടിച്ചമച്ച കണക്കുകളും ഇരട്ടത്താപ്പുംകൊണ്ട് നിറച്ചതാണ് ഖത്തറിനെതിരായ പ്രചാരണങ്ങളെന്ന് വേഗത്തിൽ വ്യക്തമായി. കാലക്രമേണെ വിമർശനങ്ങൾ ആക്രമണാത്മകവും ബാലിശവുമായി. അതോടെയാണ് ഇതിനു പിന്നിലെ യഥാർഥ ഉദ്ദേശ്യങ്ങളും നിഗൂഢ ലക്ഷ്യങ്ങളും ചോദ്യം ചെയ്യപ്പെടാൻ പലരെയും പ്രേരിപ്പിച്ചത്' -അമീർ തുറന്നടിച്ചു.
'ആരാണ് ഖത്തരികള്‍ എന്ന് ലോകത്തിനു മുന്നിൽ തുറന്നുകാണിക്കാനുള്ള അവസരമാണ് ഈ ലോകപ്പ് ഫുട്ബാൾ. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെയും സ്ഥാപനങ്ങളുടെയും മികവ് മാത്രമല്ല ഖത്തറിന്റെ സംസ്കാരക സ്വത്വം കൂടിയാണ് ഈ ലോകകപ്പിൽ പ്രദർശിപ്പിക്കുന്നത്.ഖത്തറിനെപ്പോലുള്ള ഒരു രാജ്യത്തിന് ഇതൊരു പരീക്ഷണമായിരുന്നു. എന്നാൽ, ഒരു മികച്ച ലോകകപ്പ് സംഘടിപ്പിക്കുന്നതിലൂടെ ഞങ്ങൾ സ്വന്തമാക്കിയതും കെട്ടിപ്പടുത്തതുമായ നേട്ടങ്ങളിലേക്ക് ലോകത്തെ മുഴുവൻ ആകർഷിക്കാനുള്ള മികച്ച അവസരമാണിത്' -അമീർ പറഞ്ഞു.
ഖത്തറിന്റെ നിയമനിർമാണ സഭയായ ശൂറാ കൗൺസിലിന്റെ 51ാമത് വാർഷിക സെഷനിൽ പങ്കെടുത്തുകൊണ്ടായിരുന്ന അമീർ വിവിധ വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കിത്. 'അറബ് ലോകത്ത് ആദ്യമായെത്തുന്ന ലോകകപ്പ് ഫുട്ബാൾ പോലെയൊരു സുപ്രധാന കായിക മേളക്ക് ഏറ്റവും മനോഹരമായി ആതിഥേയത്വം വഹിക്കുന്നതിന്റെ പ്രധാന്യം ഞങ്ങൾക്ക് അറിയാം. ഖത്തറികൾ എന്നനിലയിൽ വെല്ലുവിളികളെ അതിജീവിക്കാനും അത് വിജയിപ്പിക്കാനും ഞങ്ങൾക്ക് കഴിവുണ്ട്' -അമീർ പറഞ്ഞു.'ലോകകപ്പിനെ ഏറ്റവും മനോഹരമായി വരവേൽക്കാൻ രാജ്യം എല്ലാ അർഥത്തിലും ഒരുങ്ങിക്കഴിഞ്ഞു.
ഏതാനും പദ്ധതികൾ അവസാന മിനുക്കുപണികളിലാണ്.അയൽ രാജ്യങ്ങളും സൗഹൃദരാജ്യങ്ങളുമെല്ലാം ഈ ലോകമേളയുടെ വിജയകരമായ സംഘാടനത്തിൽ ഞങ്ങളോട് സഹകരിക്കുന്നുണ്ട്. ലോകകപ്പ് ആതിഥേയത്വം നേടിയ നാൾ മുതൽ ഇത് എല്ലാവരുടെയും ടൂർണമെന്റാണെന്ന് ഞങ്ങൾ വ്യക്തമാക്കിയിരുന്നു- അമീർ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എല്ലാ വിഭാഗം കാണികളെയും ഇരു കൈയും നീട്ടി ഖത്തർ സ്വാഗതം ചെയ്യുന്നതായും സന്ദർശകർക്ക് ഏറ്റവും മനോഹരമായ ലോകകപ്പ്ആസ്വദിക്കാൻ കഴിയുമെന്ന് ഉറപ്പുനൽകുന്നതായും അമീർ പറഞ്ഞു.
2020ൽ നേരിയ താഴ്ചയുണ്ടായ ശേഷം രാജ്യത്തിന്റെ സാമ്പത്തികരംഗം ശക്തിപ്രാപിക്കുന്നതായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പറഞ്ഞു. അർധവാർഷിക കണക്കുകൾ പ്രകാരം ആഭ്യന്തര ഉൽപാദനം 4.3 ശതമാനം വർധിച്ചു. അന്താരാഷ്ട്ര വിപണിയിലെ ഊർജ ആവശ്യത്തിന്റെ തോത് വർധിച്ചത് രാജ്യത്തിന്റെ സാമ്പത്തിക ശേഷി കൂടിയതായും അമീർ പറഞ്ഞു.
ശൂറാ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം, അംഗങ്ങൾ എന്നിവരുമായി അമീർ ചർച്ച നടത്തി. കൗൺസിലിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തിയ അമീർ പ്രാദേശിക-അന്താരാഷ്ട്ര തലത്തിലെ വിവിധ ഇടപെടലുകളെയും നടപടികളെയും അഭിനന്ദിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.