ഓ...ഹമാരാ സാജൻ......
ദേശീയ ഗെയിംസ് നീന്തൽ പുരുഷന്മാരുടെ 200 മീറ്റർ മെഡ്ലേയിൽ വെള്ളി നേടിയ കേരളത്തിന്റെ സജൻ പ്രകാശിനെ സ്വർണ ജേതാവ് കർണാടകയുടെ സോഹൻ ഗാംഗുലിയും വെങ്കലം സ്വന്തമാക്കിയ ആര്യൻ നെഹ്റയും എടുത്തുയർത്തിയപ്പോൾ - മുസ്തഫ അബൂബക്കർ
ദേശീയ ഗെയിംസിൽ മെഡൽ നേട്ടം തുടർന്ന് കേരളം. തിങ്കളാഴ്ച പുരുഷന്മാരുടെ 200 മീറ്റർ വ്യക്തിഗത മഡ്ലേയിൽ സജൻ പ്രകാശും 15 കിലോ മീറ്റര്‍ സ്ക്രാച്ച് സൈക്ലിങിൽ അദ്വൈത് ശങ്കറും വെള്ളി മെഡലുകൾ നേടി. വനിത വാട്ടർപോളോയിലും 3x3 പുരുഷ, വനിത ബാസ്കറ്റ്ബാളിലും ഫൈനലിലെത്തിയ കേരള ടീമുകൾ മെഡൽ ഉറപ്പാക്കിയിട്ടുണ്ട്. ആറ് സ്വർണവും അഞ്ച് വെള്ളിയും നാല് വെങ്കലവുമായി 11ാം സ്ഥാനത്താണിപ്പോൾ. 22 സ്വർണവും 10 വീതം വെള്ളിയും വെങ്കലവും നേടി കർണാടക ഒന്നാംസ്ഥാനത്ത് തുടരുന്നു.
പരിക്കേറ്റ് പുറത്തായിരുന്ന അദ്വൈതിന് ട്രാക്കിലേക്കുള്ള തിരിച്ചുവരവ് 15 കിലോ മിറ്റര്‍ സ്ക്രാച്ച് സൈക്ലിങ്ങിൽ വെള്ളി നേട്ടത്തോടെ ആഘോഷിക്കാനായി. സര്‍വീസസിന്റെ സഹില്‍ കുമാറിനാണ് സ്വര്‍ണം. കേരളത്തിന്റെ എ. അനന്ദന് നാലാമതായി. അനന്ദന്റെ തൊട്ടുമുന്നിലുള്ള മത്സരാര്‍ത്ഥികള്‍ തമ്മിൽ കൂട്ടിയിടിച്ചതാണ് തിരിച്ചടിയായത്. ദേശീയ ഗെയിംസിലെ മെഡല്‍ കുടുംബത്തിനും പരിശീലകര്‍ക്കും പിന്തുണച്ചവര്ക്കുമായി സമര്‍പ്പിക്കുന്നവെന്ന് അദ്വൈത് പറഞ്ഞു. തിരുവനന്തപുരം ലോ കോളജ് വിദ്യാഥിയാണ്. തിരുവന്തപുരം വടക്കേകുന്നത്ത് വിട് ചന്തവിള ശങ്കരന്റെയും ശ്രീകലകുമാരിയുടെയും മകനാണ് അദ്വൈത്.
ഇത്തവണ ഒരു സ്വർണവും രണ്ട് വെങ്കലവും അക്കൗണ്ടിലുള്ള സജൻ പ്രകാശ് വെള്ളി മെഡലും കഴുത്തിലണിഞ്ഞു. കർണാടകയുടെ സോഹൻ ഗാംഗുലിക്ക് (2.06.61) തൊട്ടുപിന്നിൽ രണ്ട് മിനിറ്റ് 08.17 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. ഇതോടെ ദേശീയ ഗെയിംസിൽ സജന്റെ ആകെ മെഡല്‍ നേട്ടം 30 ആയി. 2015 കേരള, 2022 ഗുജറാത്ത്, 2023 ഗോവ, 2025 ഉത്തരാഖണ്ഡ് ഗെയിംസുകളിലാണ് സജൻ ഇറങ്ങിയത്.
നിലവിലെ റെക്കോഡുകാരിയെ നീന്തിത്തോൽപിച്ച് സ്വർണവും റെക്കോഡും സ്വന്തമാക്കി മലയാളി ദിനിധി ദേശിംഗു. വനിത 400 മീറ്റർ ഫ്രീസ്റ്റൈലിലാണ് നേട്ടം. കർണാടകക്ക് വേണ്ടി മത്സരിക്കുന്ന ദിനിധി നാല് മിനിറ്റ് 24.60 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ ഗോവ ഗെയിംസിൽ ഡൽഹിയുടെ ഭവ്യ സച്ദേവ കുറിച്ച നാല് മിനിറ്റ് 27.93 സെക്കൻഡ് എന്ന മീറ്റ് റെക്കോഡ് തകർന്നു. നിലവില ചാമ്പ്യനായ ഭവ്യ നാല് മിനിറ്റ് 30.03 സെക്കൻഡിൽ വെള്ളിയിലൊതുങ്ങി.
പുരുഷന്മാരുടെ 15 കിലോമീറ്റർ സ്ക്രാച് സൈക്ലിങ്ങിൽ വെള്ളി നേടിയ അദ്വൈത് ശങ്കർ, വനിത 400 മീറ്റർ ഫ്രീ സ്റ്റൈലിൽ സ്വർണം നേടിയ കർണാടകയുടെ മലയാളി താരം ദിനിധി ദേശിംഗു
3x3 വനിത, പുരുഷ ബാസ്ക്കറ്റ്ബാളില്‍ കേരളം ഫൈനലിലെത്തി. വനിതകളുടെ വിഭാഗം സെമി ഫൈനലിൽ മധ്യപ്രദേശിനെ 13-10 ന് തോല്‍പ്പിച്ചു. ഫൈനലില്‍ തെലങ്കാനയെ നേരിടും. പുരുഷന്മാരുടെ വിഭാഗത്തില്‍ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഇന്നലെ രാവിലെ ഡല്‍ഹിയെ പരാജയപ്പെടുത്തിയാണ് കേരളം സെമിക്ക് യോഗ്യത നേടിയത്. സെമിയില്‍ തമിഴ്നാടിനെതിരെ അവസാനി മിനുട്ടുകളില്‍ പിന്നിട്ടുനിന്ന കേരളം സമനില പിടിക്കുകയായിരുന്നു. ടൈംബ്രേക്കറില്‍ കേരളം വിജയം സ്വന്തമാക്കി. 16-15 ആണ് സ്കോര്‍.
ബീച്ച് വോളിബാളില്‍ കേരളത്തിന്റെ പുരുഷ ടീം രണ്ട് വിജയങ്ങള്‍ നേടി സെമി ഫൈനൽ ഉറപ്പാക്കി. നിതകളില് കേരളത്തിന്റെ ഒരു ടീം സെമി കാണാതെ പുറത്തായി. രണ്ടാം ടീം ഒരു വിജയവും ഒരു തോല്‍വിയുമായി പ്രതീക്ഷയിലാണ്. ബോക്സിങ് 92+ വിഭാഗത്തില്‍ കേരളത്തിന്റെ മുഹ്സിന് ക്വാര്‍ട്ടറിലെത്തി.
ബാഡ്മിന്റണ്‍ ഡബിംള്സില് കേരളം മത്സരിച്ചെങ്കിലും ഇരുടീമുകളും പുറത്തായി. വെയ്റ്റ്ലിഫ്റ്റില്‍ കേരളത്തിന്റെ ബിസ്ന വര്‍ഗീസ് 185 കിലോ ഉയര്‍ത്തി നാലാമതായി. ഷൂട്ടിങ് 50 മീറ്റര്‍ 3 പെസിഷന്‍ വനിതാ വിഭാഗത്തില്‍ ഫൈനലില്‍ പ്രവേശിച്ച കേരളത്തിന്റെ വിദര്‍ഷ കെ വിനോദ് അഞ്ചാമതായി.
വനിതകളുടെ വാട്ടര്‍പോളോയില്‍ കേരളം ഫൈനലിൽ പ്രവേശിച്ചു. സെമി ഫൈനലിൽ ബംഗാളിനെ 15-8 ന് തോല്‍പ്പിച്ചു. ഫൈനലില്‍ മഹാരാഷ്ട്രയെ നേരിടും. മഹാരാഷ്ട്ര കര്‍ണാടകയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് ഫൈനലിലെത്തിയത്. നിലവിലെ സ്വര്‍ണ മെഡലിസ്റ്റുകളാണ് കേരള വനിതാ വാട്ടര്‍പോളോ ടീം. അതേസമയം, പുരുഷ വിഭാഗം സെമിയിൽ കേരളം സര്‍വിസസിനോട് പെരുതിതോറ്റു. 14-12 ന് ആയിരുന്നു സർവിസസ് ജയം. വെങ്കല മെഡലിനായി കേരളം ഇന്ന് ബംഗാളിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.