മെൽബൺ: ബാറ്റെടുത്ത് റണ്ണടിച്ചുകൂട്ടുകയും വിക്കറ്റിന് പിന്നിൽ വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവെക്കുകയും ചെയ്ത നിരവധി താരങ്ങൾ ക്രിക്കറ്റ് ചരിത്രത്തിലുണ്ട്. അതിൽ ആരാണ് മികച്ചവനെന്ന് ചോദിച്ചാൽ ഉത്തരം കണ്ടെത്തൽ സങ്കീർണമാകും. എന്നാൽ, ലോക ക്രിക്കറ്റ് കണ്ട മികച്ച വിക്കറ്റ് കീപ്പർ-ബാറ്റർമാരിൽ ഒരാളായ ആസ്ട്രേലിയയുടെ ഇതിഹാസ താരം ആദം ഗിൽക്രിസ്റ്റ് മികച്ച മൂന്നുപേരെ തെരഞ്ഞെടുത്തിരിക്കുകയാണിപ്പോൾ. ഇതിൽ ഇന്ത്യയുടെ ഇതിഹാസതാരവും ഇടം പിടിച്ചിട്ടുണ്ട്.
മുൻ ഇന്ത്യൻ നായകൻ കൂടിയായ മഹേന്ദ്ര സിങ് ധോണിയാണ് പട്ടികയിൽ ഇടംനേടിയ ഇന്ത്യക്കാരൻ. എന്നാൽ, ധോണിക്ക് മുമ്പിൽ സ്ഥാനം പിടിച്ചത് ആസ്ട്രേലിയക്കാരനായ റോഡ്നി മാർഷാണ്. അദ്ദേഹത്തെ തന്റെ റോൾമോഡലായാണ് ഗിൽക്രിസ്റ്റ് വിശേഷിപ്പിക്കുന്നത്. 2003, 2007 വർഷങ്ങളിൽ ലോകകപ്പ് ജേതാവായ ധോണിയുടെ ശാന്തതയെ ഗിൽക്രിസ്റ്റ് എടുത്തുപറയുന്നു. പട്ടികയിലെ മൂന്നാമൻ ശ്രീലങ്കയുടെ കുമാർ സംഗക്കാരയാണ്.
‘റോഡ്‌നി മാർഷ്, എന്റെ ആരാധ്യ പുരുഷനായിരുന്നു. അദ്ദേഹത്തെ പോലെയാകാനാണ് ഞാൻ ആഗ്രഹിച്ചത്. എം.എസ് ധോണിയുടെ ശാന്തത എനിക്കിഷ്ടമാണ്. എപ്പോഴും ശാന്തതയോടെ അദ്ദേഹത്തിന്റേതായ രീതിയിൽ കാര്യങ്ങൾ ചെയ്തു. ഒപ്പം കുമാർ സംഗക്കാരയും. ബാറ്റിങ്ങിലും കീപ്പിങ്ങിലുമെല്ലാം അദ്ദേഹം ക്ലാസ് തെളിയിച്ചവനാണ്’ -ഗിൽക്രിസ്റ്റ് പറഞ്ഞു.
1970നും 1984നും ഇടയിൽ ഓസീസിനായി 96 ടെസ്റ്റുകളിലും 92 ഏകദിനങ്ങളിലും കളിച്ച താരമാണ് റോഡ്നി മാർഷ്. ഏകദിനത്തിൽ 3633, ഏകദിനത്തിൽ 1225 റൺസ് വീതമാണ് സമ്പാദ്യം. ടെസ്റ്റിൽ 342 ക്യാച്ചുകളും 12 സ്റ്റമ്പിങ്ങുമുള്ളപ്പോൾ ഏകദിനത്തിൽ 120 ക്യാച്ചുകളും നാല് സ്റ്റമ്പിങ്ങും മാർഷിന്റെ പേരിലുണ്ട്.
എന്നാൽ, ധോണി 90 ടെസ്റ്റുകളിൽ 4876 റൺസും 256 ക്യാച്ചുകളും 38 സ്റ്റമ്പിങ്ങുകളും സ്വന്തം പേരിൽ കുറിച്ചപ്പോൾ 350 ഏകദിനത്തിൽ 321 ക്യാച്ചും 123 സ്റ്റമ്പിങ്ങും സ്വന്തമാക്കി. ഇതിന് പുറമെ 98 ട്വന്റി 20 മത്സരങ്ങളിൽ 57 ക്യാച്ചും 34 സ്റ്റമ്പിങ്ങുമുണ്ട്.
ശ്രീലങ്കയുടെ ഇതിഹാസ താരങ്ങളിലൊരാളായ കുമാർ സംഗക്കാരയുടെ പേരിൽ 134 ടെസ്റ്റിൽ 12,400 റൺസും 180 ക്യാച്ചും 20 സ്റ്റമ്പിങ്ങുമുണ്ട്. 404 ഏകദിനങ്ങളിൽ 14,234 റൺസും 403 ക്യാച്ചും 98 സ്റ്റമ്പിങ്ങും 56 ട്വന്റി 20 മത്സരങ്ങളിൽ 1382 റൺസും 25 ക്യാച്ചും 20 സ്റ്റമ്പിങ്ങുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.