ബൊലിം(ഗോവ): ദേശീയ ഗെയിംസിൽ മെഡൽവാരി കേരളം. ബുധനാഴ്ച കേരളപ്പിറവിദിനത്തിൽ സ്വന്തമാക്കിയത് അഞ്ച് സ്വർണമടക്കം 11 മെഡലുകൾ. മെഡൽപട്ടികയിൽ കേരളം ആറാം സ്ഥാനത്തേക്കും കയറി. ട്രിപ്ൾ ജംപിൽ നിലവിലെ ചാമ്പ്യനായ എൻ.വി. ഷീന സ്വർണദൂരം(13.49 മീ) താണ്ടിയപ്പോൾ കേരളത്തിന്റെ തന്നെ നയന ജെയിംസ് രണ്ടാമതായി(13.18). തുടർച്ചയായ മൂന്നാം ഗെയിംസിലാണ് ട്രിപ്ൾ ജംപിൽ ഷീന സുവർണനേട്ടക്കാരിയാകുന്നത്.
നീന്തൽ 200 മീറ്റർ ബട്ടർഫ്ലൈയിൽ റെക്കോഡോടെ സജൻ പ്രകാശ്(1.59:38), ബീച്ച് സോക്കറിൽ പുരുഷസംഘം, തുഴച്ചിലിലെ ഇരട്ടസ്വർണം എന്നിങ്ങനെയാണ് അത്ലറ്റിക്സിനുപുറമെ കേരള ക്യാമ്പിലേക്കെത്തിയ പൊൻ നേട്ടങ്ങൾ. വനിതകളുടെ പോൾവാട്ടിൽ മരിയ ജയ്സണിന്റേതാണ്(3.80മീ) രണ്ടാം വെള്ളി. 4x400 റിലേയിൽ പുരുഷ- വനിത സംഘങ്ങളും നീന്തൽ വനിതകളുടെ 50 മീറ്റർ ബ്രസ്റ്റ്സ്ട്രോക്കിൽ ഹർഷിത ജയറാമും തുഴച്ചിലിൽ വനിതകളുമാണ് വെങ്കല ജേതാക്കൾ. മിന്നും പ്രകടനത്തോടെ കേരളത്തിന്റെ മൊത്തം സ്വർണനേട്ടം 11 ആയി ഉയർന്നു. ഇതിനൊപ്പം 14 വെള്ളിയും 12വെങ്കലവുമടക്കം മൊത്തം 37 മെഡലുകളാണുള്ളത്.
തുടർച്ചയായ നാലാംദിനവും നീന്തൽകുളത്തിൽ മെഡൽ വേട്ട നടത്തിയ സജൻ ഗുജറാത്തിൽ സ്ഥാപിച്ച സ്വന്തം റെക്കോഡാണ്(1.59.56)പുതുക്കിയത്. ഇതോടെ റെക്കോഡ് ഇരട്ട സ്വർണത്തിലെത്തിയ സജൻ സ്വന്തം മെഡൽ നേട്ടം അഞ്ചാക്കി ഉയർത്തി. ബീച്ച് ഫുട്ബാളിൽ ഗോവയെ തോൽപിച്ചായിരുന്നു നിലവിലെ ചാമ്പ്യൻമാരായ കേരളത്തിന്റെ സുവർണനേട്ടം(7-5). കെ.പി. ബാസിത്, വൈ. രോഹിത്ത്, ടി.കെ.ബി. മുഷീർ, ലെനിൻ മിത്രൻ, പി. ഹരിഷാന്ത്, കെ.കെ. ഉമറുൽ മുഖ്താർ, മുഹമ്മദ് യൂനൈസ്, എ.പി. അലി അക്ബർ എന്നിവരാണ് കേരളത്തിനായി ബീച്ചിലിറങ്ങിയത്.
സുവർണ പ്രതീക്ഷയോടെ ട്രാക്കിലിറങ്ങിയ ഇരു റിലേ ടീമുകളും വെങ്കലത്തിലൊതുങ്ങിയത് നിരാശയായി. വനിതകളുടെ 4X 400 മീറ്റര്‍ റിലേയില്‍ ലിനറ്റ് ജോർജ്, ഗൗരി നന്ദന, ടി.ജെ. ജംഷീല, ജിസ്ന മാത്യു എന്നിവർ ബാറ്റണേന്തിയപ്പോൾ (മൂന്ന് മിനിറ്റ് 38.79 സെക്കൻഡ്) പി. അഭിരാം, എം.എസ്. അനന്തുമോന്, ടി.എസ്. മനു , റിന്‍സ് ജോസഫ് എന്നിവരായിരുന്നു പുരുഷസംഘത്തിൽ (മൂന്ന് മിനിറ്റ് 08.50 സെ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.