ചെന്നൈ: ഇന്ത്യ എല്ലാ എതിരാളികളെയും ബഹുമാനിക്കുമെന്നും എന്നാൽ, ആരെയും ഭയപ്പെടില്ലെന്നും ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര വ്യാഴാഴ്ച തുടങ്ങാനിരിക്കെ വാർത്ത സമ്മേളനത്തിലാണ് ഗംഭീർ ഇക്കാര്യം പറഞ്ഞത്. പാകിസ്താനെ അവരുടെ നാട്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ 2-0ത്തിന് തോൽപിച്ച് ചരിത്രം കുറിച്ച ബംഗ്ലാദേശ് ടീമിനെ ഗംഭീർ അഭിനന്ദിക്കുകയും ചെയ്തു.
‘ഞങ്ങൾ ആരെയും ഭയപ്പെടുന്നില്ലെന്നും എന്നാൽ എല്ലാവരെയും ബഹുമാനിക്കുന്നുവെന്നും വിശ്വസിക്കുന്നയാളാണ് ഞാൻ. ബംഗ്ലാദേശിൻ്റെ കാര്യവും അങ്ങനെ തന്നെ. ഞങ്ങൾ എതിരാളികളെ നോക്കുന്നില്ല, ഞങ്ങൾക്കറിയാവുന്ന കളി കളിക്കുന്നു. പാകിസ്താനെതിരായ അവരുടെ നേട്ടത്തെ അഭിനന്ദിക്കുന്നു. എന്നാൽ ഇതൊരു പുതിയ പരമ്പരയാണ്. നല്ല ക്രിക്കറ്റ് കളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അവർക്ക് ഷാക്കിബ്, മുഷ്ഫിഖുർ, മെഹിദി എന്നിവരുടെ അനുഭവ പരിചയമുണ്ട്. എന്നാൽ, ആദ്യ പന്തിൽനിന്ന് തന്നെ തുടങ്ങാൻ ഞങ്ങൾ ആഗ്രഹിക്കുന്നു’ -ഗംഭീർ പറഞ്ഞു.
പാകിസ്താനെതിരായ പരമ്പര വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ് ഒരാഴ്ച മുമ്പ് ഇന്ത്യയിലെത്തിയത്. പരിശീലനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ബംഗ്ലാദേശിനെതിരെ മുമ്പ് കളിച്ച മൂന്ന് ടെസ്റ്റിലും ഇന്ത്യയാണ് ജയിച്ചത്. എന്നാൽ, നജ്മുൽ ഹുസൈൻ ഷാന്റോയുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് ടീം ആത്മവിശ്വാസത്തിലാണ്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരക്കാണ് നാളെ ചെന്നൈയിൽ തുടക്കമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.