ബംഗ്ലാദേശിനെ എറിഞ്ഞൊതുക്കി അർഷ്ദീപും വരുണും; ഇന്ത്യക്ക് 127 റൺസ് വിജയലക്ഷ്യം

ഗ്വാളിയോർ: ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 128 റൺസ് വിജയലക്ഷ്യം. മൂന്നുവിക്കറ്റ് വിക്കറ്റ് വീതം വീഴ്ത്തിയ അർഷ്ദീപ് സിങ്ങിന്റെയും വരുൺ ചക്രവർത്തിയുടെയും ബൗളിങ് മികവിന് മുന്നിൽ പിടിച്ചുനിൽക്കാനാവാതെ സന്ദർശകർ 19.5 ഓവറിൽ 127 റൺസിന് പുറത്താവുകയായിരുന്നു. 32 പന്തിൽ 35 റൺസെടുത്ത് പുറത്താവാതെ നിന്ന മെഹ്ദി ഹസൻ മിറാസാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ. 25 പന്തിൽ 27 റൺസെടുത്ത നായകൻ നജ്മുൽ ഹുസൈൻ ഷാന്റോയാണ് പിടിച്ചുനിന്ന മ​റ്റൊരു ബാറ്റർ.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ആദ്യ ഓവറിൽ തന്നെ അർഷ്ദീപ് സിങ് പ്രഹരമേൽപിച്ചു. രണ്ട് പന്തിൽ നാല് റൺസെടുത്ത ലിട്ടൺ ദാസിനെ റിങ്കു സിങ്ങിന്റെ കൈയിലെത്തിക്കുകയായിരുന്നു. മൂന്നാം ഓവറിലെ ആദ്യ പന്തിൽ പർവേസ് ഹുസൈൻ ഇമോണിന്റെ സ്റ്റമ്പ് തെറിപ്പിച്ച് അർഷ്ദീപ് സന്ദർശകർക്ക് ഇരട്ടപ്രഹരമേൽപിച്ചു. ഒമ്പത് പന്തിൽ എട്ട് റൺസായിരുന്നു പർവേസിന്റെ സമ്പാദ്യം. നായകൻ നജ്മുൽ ഹുസൈ​ൻ ഷാന്റോക്കോപ്പം തൗഹീദ് ഹൃദോയ് പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും തൗഹീദിനെ (18 പന്തിൽ 12) വീഴ്ത്തി വരുൺ ചക്രവർത്തി കൂട്ടുകെട്ട് പിരിച്ചു. ഷാന്റോയെ വാഷിങ്ടൺ സുന്ദർ സ്വന്തം പന്തിൽ പിടികൂടിയതോടെ സ്കോർ 7.2 ഓവറിൽ നാലിന് 43 എന്ന നിലയിലായി. മഹ്മൂദുല്ല (1), ജേകർ അലി (8), റിഷാദ് ഹുസൈൻ (11), ടസ്കിൻ അഹ്മദ് (12), ഷോരിഫുൽ ഇസ്‍ലാം (0), മുസ്തഫിസുർ റഹ്മാൻ (1) എന്നിവർ കാര്യമായ സംഭാവന നൽകാതെ മടങ്ങിയപ്പോൾ ഒരറ്റത്ത് പിടിച്ചുനിന്ന മെഹ്ദി ഹസൻ മിറാസാണ് സ്കോർ 100 കടത്തിയത്.

ഇന്ത്യക്കായി അർഷ്ദീപ് 3.5 ഓവറിൽ 14 റൺസ് വഴങ്ങിയും വരുൺ നാലോവറിൽ 31 റൺസ് വഴങ്ങിയുമാണ് മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയത്. ഹാർദിക് പാണ്ഡ്യ, മായങ്ക് യാദവ്, വാഷിങ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റും നേടി. 

Tags:    
News Summary - India thrashed Bangladesh; 127 runs target

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.